▮അസ്‌ലം ഉള്ളാട്ട്
ഉടല് വെന്ത് നിണം കിനിയുന്ന
പഴകിയ തെരുവിലൂടെയൊരു
ജനാധിപത്യം
വേച്ചുവേച്ച് നടക്കുന്നു.....
മനം മടുത്തു, ഞരമ്പ് മുറിച്ച്
രക്തമകിരം വാർന്നു തീർന്നിട്ടും
മരിക്കാനാവാതെ
പിടഞ്ഞു പിടഞ്ഞൊരു, ജനാധിപത്യം
വാഗ്ദാനങ്ങളുടെ ആർത്തവം
മോന്തി കുടിച്ച് കവിള് ചീർത്തൊരു
ഏകാധിപത്യമവിടെ കിടപ്പുണ്ട്;
കണ്ണിൽ തിളക്കമുണ്ട്, കാതിൽ കടുക്കൻ ഉണ്ട്
ഖൽബിൽ ജീർണതയും
തെരുവെന്തൊരു സമ്പന്നം!
അഴുക്ക് ചാലുകളുണ്ട്. അതിൽ;
ലഹരിയുറക്കിയ യുവതയുണ്ട്.
ബലിക്കല്ലുമുണ്ട്. അതിൽ;
പാർട്ടി പടച്ച രക്തസാക്ഷികളുണ്ട്.
ഗസ്റ്റ് ഹൌസുണ്ട്. അതിൽ;
മന്ത്രിയുടെ ഡിങ്കോൾഫിയുണ്ട്.
അരമനയുണ്ടതിൽ,
ചത്തു വീർത്തൊരു
നീതിയുണ്ട്
എല്ലാമുള്ളൊരു തെരുവിൽ
കണ്ണുകളില്ലാത്ത ജനാധിപത്യം
ചുമ്മാ അലഞ്ഞു നടക്കുന്നു.
കാലു തെന്നി മുഖമടച്ചു വീഴുന്നു.
കവിളിലെ മണ്ണ് തട്ടി നീക്കി
വീണ്ടും നടക്കുന്നു, നാട് കാണാൻ.
2 Comments
Set
ReplyDeletestriking
ReplyDelete