ചിക്ക്മക്ക് ഡയറീസ് -1
▮ഫായിസുൽ ഹസൻ
മംഗലാപുരം സെൻട്രലിലിറങ്ങി വിശാലമായ പോലീസ് ക്വാർട്ടേഴ്സിനിടയിലുള്ള ഇടവഴികളിലൂടെ പള്ളി ലക്ഷ്യമാക്കി നീങ്ങുമ്പോൾ തണുപ്പ് സ്വാഗതം വീശിക്കൊണ്ടിരുന്നു. നിസ്കാര ശേഷം ഹംഗലിലേക്ക് തിരിയുന്ന അഖീദക്കാരോട് താൽക്കാലിക വിടവാങ്ങി സകലേഷ്പൂരിലേക്കുള്ള വണ്ടിയിൽ ഇരിപ്പുറപ്പിച്ചു. ശാന്തമായ റെയിൽവേ സ്റ്റേഷൻ ചെറുതാണെങ്കിലും വൃത്തിയുള്ളതായി തോന്നി. ഘനീഭവിച്ചതെങ്കിലും നിലാവു പെയ്യുന്ന കൊടുംകാടുകൾക്കിടയിലൂടെ കൊച്ചു കൊച്ചു തുരങ്ക പാതകൾ താണ്ടി ട്രെയിൻ കുതിച്ചു. മങ്ങിയ നിലാവെളിച്ചത്തിൽ നിലം കാണാത്ത കൊക്കകളും നെടുനീളൻ അരുവികൾ ഇടവിട്ടൊഴുകുന്ന അംബര ചുംബികളായ പർവത നിരകളും കണ്ടപ്പോൾ ഇതുവഴിയുള്ള പകൽ യാത്ര എത്ര ആസ്വാദ്യകരമായിരിക്കുമെന്ന് ഒരുവേള ചിന്തിക്കാതിരുന്നില്ല.സുഖകരമായ തണുപ്പിന്റെ തലോടലേറ്റ് ഒട്ടുമിക്ക പേരും സുഷുപ്തിയിലാണ്ടു പോയിരുന്നു.
സകലേഷ്പൂരിലെത്തുമ്പോൾ പതിനൊന്നര കഴിഞ്ഞിരുന്നു. തീക്ഷ്ണമേറിക്കൊണ്ടിരിക്കുന്ന തണുപ്പ് വകവെക്കാതെ ഒരു കിലോമീറ്ററിനുള്ളിൽ വ്യത്യസ്ത വഴികൾ പരീക്ഷിച്ച് ഒടുവിൽ ബസ്റ്റാന്റിലെത്തി. അവിടെ മൻസൂറിക്കയുടെ ഹോട്ടൽ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഇരുപത് മിനുറ്റിനുള്ളിൽ ആവിപാറുന്ന കുഷ്ക്കയും ചിക്കൻ കബാബും തയ്യാർ. സാലിമുസ്താദിന്റെ വാക്കുകൾ കടമെടുത്താൽ മൻസൂറിക്ക അന്നേരം നാസറിക്കയായി മാറുകയായിരുന്നു. സ്വാദേറിയ ഭക്ഷണം വയറു നിറയെ കഴിച്ചതിനു ശേഷം മുഡിഗെരെയിലേക്കുള്ള ബസിനായി നീണ്ട നേരത്തെ കാത്തിരിപ്പായിരുന്നു. അതിനിടെ ഖർനി ഉസ്താദിന്റെ നേതൃത്വത്തിൽ രണ്ടു പേരുടെ ബർത്ത്ഡേ ആഘോഷിച്ചത് വേറിട്ട അനുഭവമായി. പൊതു ഗതാഗതത്തിന്റെയും കെ.എസ്.ആർ.ടി.സി യുടെയും കൗതുകമുണർത്തുന്ന ഇബ്രാഹിമുസ്താദിന്റെ ചരിത്രാവതരണം പുത്തൻ അറിവുകളാണ് പകർന്നു നൽകിയത്. മുഡിഗരെയിൽ നിന്ന് പുലർച്ചെ ആറ് മണിയോടെ ലക്ഷ്യസ്ഥാനമായ ചക്ക്മക്കിയിലെത്തിയപ്പോഴേക്കും എല്ലാവരും കമ്പിളിയണിഞ്ഞിരുന്നു...

0 Comments