Ticker

6/recent/ticker-posts

മുഹര്‍റം: ആത്മവിചിന്തനത്തിന്‍റെ പുലരികള്‍

Muharam

🖎മുഫീദ് മുഹമ്മദ് 

ജീവിത മുന്നേറ്റത്തിന് ഊര്‍ജം പകരുന്ന ഒരു പുതുവത്സരപ്പുലരി കടന്നുവന്നിരിക്കുകയാണ്. പുതിയ ചിന്തകള്‍, പ്രതീക്ഷകള്‍, ലക്ഷ്യങ്ങള്‍ ഉടലെടുക്കേണ്ടിയിരിക്കുന്ന രാപകലുകളില്ലാത്ത കര്‍മ പദ്ധതികള്‍ക്ക് നാന്ദി കുറിക്കുന്ന നാളുകള്‍. മുഹര്‍റം! തീര്‍ത്താല്‍ തീരാത്ത പോരായ്മകളും ജീവിത വഴികളില്‍ നോവിച്ചു കൊണ്ടിരുന്ന കറകളും വിശ്വാസത്തിന്‍റെ ആശ്വാസത്തിലും സല്‍പ്രവൃത്തികളിലും കളങ്കമില്ലാത്ത മനസ്സിനുടമയാകാന്‍ ശ്രമിക്കുന്ന സമയങ്ങള്‍. സത്യത്തില്‍ ഈ ഇരുട്ടിനെന്തു കറുപ്പാണല്ലേ.. ഏതിരുട്ടിനോടും തന്‍റെ കുഞ്ഞു വെളിച്ചം കൊണ്ട് പ്രതികരിക്കുന്ന മിന്നാമിന്നികള്‍ എത്ര മനോഹരമാണ്. പ്രതികരിക്കേണ്ടിയിരിന്നിട്ടും മിണ്ടാതെ പോയ എത്ര സന്ദര്‍ഭങ്ങള്‍, ഇനിയെങ്കിലും മിന്നാമിന്നിയെ പോലെയാകണം. 

ഓരോ വിശ്വാസ ഹൃദയങ്ങളിലും അലയടിക്കുന്ന സത്യത്തിന്‍റെ പ്രതിഫലനമാണിത്. മിന്നാമിന്നിയെപ്പോലെ പ്രകാശം പരത്തുന്ന ഒരാള്‍ എത്ര നല്ലവനായിരിക്കും. ഖുര്‍ആന്‍ സൂചിപ്പിക്കുന്നതും ഇത്തരം സുകൃതങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള ശ്വാശ്വതമായ ജീവിത സൗഭാഗ്യങ്ങളെ കുറിച്ചാണ്. അഗാധമായ വിശ്വാസത്തില്‍ നിന്നും കലര്‍പ്പില്ലാത്ത സ്നേഹത്തില്‍ നിന്നും തളിരിടുന്ന വികാരമാണ് പ്രത്യാശ. ആ പ്രത്യാശയിലധിഷ്ടിതമായി ജീവിതം ധന്യമാക്കണം. എല്ലാം ദൈവമെന്ന ഏകനില്‍ കേന്ദ്രീകൃതമാണ്. അവനില്‍ നിന്ന് ലോകവും അതില്‍ ഉള്‍ക്കൊള്ളുന്ന അണ്ഡകടാഹങ്ങളും പെണ്‍ഡുലം കണക്കെ ജൈത്രയാത്ര നടത്തുന്നു. 

പ്രവാചക സ്നേഹം ഏറ്റവും നല്ല ഔഷധമാണ.് വിശ്വാസി സമൂഹത്തിന്‍റെ മുറിവുകളുണക്കാന്‍ ആ സ്നേഹം ഒരു കുളിര്‍ തെന്നലാണ്. ചൂടുപിടിച്ച മനസ്സുകള്‍ക്ക് തിരുനബി വചനങ്ങള്‍ ഒരു ആശ്വാസവുമാണ്. ജീവിതം സത്യസന്ധമായി പുലരുകയും ദൗത്യം നന്മകളായി നിറവേറ്റുകയും വിശ്വസ്തത കളങ്കമില്ലാതെ കൊണ്ടു നടക്കുകയും ചെയ്ത പ്രവാചകന്‍ എത്ര സുന്ദരനാണ്. കറ പുരണ്ട അനൈക്യത്തില്‍ നിന്നും അസിഹ്ഷ്ണുതയില്‍ നിന്നും ഇലാഹീ പാതയിലേക്ക് ഒറ്റയാള്‍ പോരാട്ടം നടത്തിയവര്‍ക്ക് അന്ത്യവിജയം ശാശ്വതമല്ലേ...

വിശ്വാസി അവരുടെ പ്രവൃത്തികളെ അനുകരിക്കുമ്പോള്‍ തീര്‍ച്ചയായും മനോഹരമായ ഒരു പാരമ്പര്യ മാതൃകക്ക് ജീവന്‍ നല്‍കുന്നു. അത് സ്വജീവിത വിജയത്തിന് ഹേതുകരമാവുകയും ചെയ്യുന്നു. നടന്നു തീര്‍ത്ത വഴികളിലേക്ക് പതിയെ തിരിഞ്ഞു നോക്കുമ്പോള്‍ ആഗ്രഹങ്ങളും സ്വപ്നങ്ങളും പരിഹാസച്ചുവയോടെ ചിരിക്കുന്നു. നിറവേറ്റാനാകാത്ത വാഗ്ദാനങ്ങള്‍ ഹൃദയാന്തരത്ത് നോവു പടര്‍ത്തുന്നു.  ജീവിതത്തിനുമുണ്ട് ഋതുക്കള്‍, സുകൃതങ്ങളുടെ ഒരു വസന്തകാലം, പോരായ്മകള്‍ കടന്നുവരുന്ന ഗ്രീഷ്മം, വര്‍ഷകാലം പോലുള്ള ആത്മവിചിന്തനങ്ങള്‍. ഒരു ശരത്കാലത്തില്‍ ജീവിതം അവസാനിക്കുന്നു. കലഹങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞവ ഒരുപാട് നിരാശകള്‍ അവശേഷിക്കുന്നു.

കാലം തന്നെയാണ് സത്യം. എല്ലാം ഉണ്ടായിട്ടും ഒന്നും നേടിയില്ലെന്ന് തോന്നുമ്പോള്‍ കടന്നുപോയ നിമിഷങ്ങളെ നാം ഓര്‍ക്കുന്നു. എത്ര സുന്ദരമായി അതിനെ വരവേറ്റുവോ അത്രയും ലളിതമായി ജീവിത വിജയങ്ങള്‍ക്ക് ഉന്മേഷം പകരുന്നു. കത്തുന്ന വെയിലേറ്റ് തളര്‍ന്ന കരിമ്പനകള്‍ അതിരു തീര്‍ക്കുന്ന ഓരോ കാലവും സുകൃതങ്ങള്‍ പെയ്തൊഴിയുന്ന നല്ല നാളുകള്‍ക്ക് വഴിമാറി കൊടുക്കുന്നു. എത്രയോ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് അടുത്ത ലക്ഷ്യവുമായി കടന്നുപോകുന്നു. ഒന്നും ലക്ഷ്യത്തിലേക്കെത്താതെ തടയപ്പെടുന്നു. ജീവിതം, അത് നിറങ്ങള്‍ നിറഞ്ഞ ഒരു പരവതാനിയാണ്. അതില്‍ തീര്‍ത്ത ചിത്രങ്ങള്‍ കണക്കെ സുന്ദരവും നേര്‍മയും കുളിരുണര്‍ത്തുന്നു. 

പ്രവാചകന്‍റെ ഒരു വാക്കുണ്ട്. നിങ്ങള്‍ നഷ്ടപ്പെടുത്തുന്ന രണ്ട് സുകൃതങ്ങളുണ്ട്. ഒന്ന്, ഒഴിവു സമയം രണ്ട്, ആരോഗ്യമുള്ള ശരീരം. ഒഴിവു സമയങ്ങള്‍ ഒരുപാട് ലഭിച്ചിട്ടും ഒന്നും ചെയ്യാനാകാതെ  അനന്തമായി കിടക്കുന്ന ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിടുന്നു. അന്നേരം തഴുകി പോകുന്ന മന്ദമാരുതന്‍ പോലും പുതിയ ദൗത്യവുമായി കടന്നുപോകുകയായിരിക്കും. പറായതെ വയ്യ... സമയം അത് ഒരു വാളാണ്. അതിനെ വെട്ടുന്നില്ലെങ്കില്‍ അത് ഓരോരുത്തരെയും സ്വയം വെട്ടും. കടന്നുപോകാന്‍ അതിന് സാധിക്കാഞ്ഞിട്ടല്ല, എങ്കിലും നന്മയും തിന്മയും  പരക്കുന്ന ലോകത്ത് ഒരിത്തിരി ഏറെ ലഭിച്ചാല്‍ വിശ്വാസിക്ക് കെങ്കേമമാണ്.

ജ്ഞാന സമ്പത്ത് മറ്റു ആരാധനയേക്കാള്‍ നന്മ നിറഞ്ഞതാണ്. അന്നം മുട്ടി ജീവിക്കുമ്പോഴും ഒരു ഹദീസെങ്കിലും പഠിക്കാന്‍ വേണ്ടി അനവധി ദൂരം സഞ്ചരിച്ച മഹത്തുക്കളുടെ പാദങ്ങള്‍ ഇന്നും മായാതെ കിടക്കുന്നു. വിജ്ഞാന പ്രസരത്തിനു വേണ്ടി രാപകലുകളില്ലാതെ യാത്ര ചെയ്ത ധീരന്മാരുടെ വിശുദ്ധിയുടെ കെടാത്ത വിളക്കുകള്‍ പരക്കെ വെളിച്ചം പരത്തുന്നു. പൂര്‍വീകര്‍ നടന്നുതീര്‍ത്ത വഴികള്‍ക്ക് സൗരഭ്യം ഏറെയാണ്. അതിനെ പിന്തുടര്‍ന്ന് യാത്രയാരംഭിച്ച ഖാഫിലക്കുട്ടങ്ങള്‍ക്കും അതേ സൗരഭ്യമാണത്രെ.

ജ്ഞാനം വിളമ്പിയ പാനപാത്രവുമായി പ്രവാചകന്‍ കടന്നുവന്നപ്പോള്‍ കേള്‍ക്കാന്‍ തുച്ഛം പേരെ ഉണ്ടായിരുന്നുള്ളൂ. അവര്‍ പഠിച്ചു മിടുക്കരായി. നാനാ ദിക്കുകളിലേക്ക് പ്രബോധകരായി സഞ്ചാരം നടത്തി. നവതലമുറയുടെ പ്രകാശങ്ങള്‍ക്ക് തിരികൊളുത്തി. ആ വെളിച്ചത്തിരുന്ന് വിജ്ഞാനത്തിന്‍റെ പടുകൂറ്റന്‍ പാരമ്പര്യം ഉടലെടുത്തു. കറകളഞ്ഞ ഈമാനിന്‍റെ അടയാളങ്ങള്‍ക്ക് പതിയെ ഭൂമിക ജന്മം നല്‍കി. 

കാലം കറങ്ങി. നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യങ്ങള്‍ സംഭവിച്ചു. ഈമാനിന്‍റെ വിളക്കിന് തിരി കൊളുത്താന്‍ സഹായികളെ കിട്ടാന്‍ പ്രയാസമായി. ഭൂമിക കരഞ്ഞു. അരാചകത്വവും വേണ്ടാധീനവും തലപൊക്കി. ആത്മാദരമില്ലാത്ത ജനത കെട്ടികിടക്കുന്ന മലിനജലം പോലെയാണ്. അവിടെ മിന്നാമിനുങ്ങുകളെ പ്രതീക്ഷിക്കരുതല്ലോ ?.

പുതുവര്‍ഷത്തില്‍ ജീവിതയാത്രയിലെ അതിരടയാളങ്ങള്‍ക്ക് കെട്ടുറപ്പ് പകരുക. പോയ വര്‍ഷത്തെ ശരി തെറ്റുകള്‍ക്കിടയില്‍ കിടന്ന് വരാനിരിക്കുന്ന വര്‍ഷത്തിന്‍റെ ദിനചിര്യകളിലേക്ക് കടന്നുചെല്ലുക, അത് പരിഹരിക്കാന്‍ വേണ്ട തീരുമാനങ്ങള്‍ക്ക് ജീവന്‍ പകരുക. ഉദയം കാണാന്‍ ഉറക്കമൊഴിക്കുന്നവരുടെ ജീവിതവും പോരാട്ടവും ഒന്നും വെറുതെയാവില്ല. അല്ലെങ്കിലും മറയാന്‍ തുടങ്ങുമ്പോഴാണല്ലോ എന്തിനെയും ആളുകള്‍ക്ക് കാണാന്‍ കൊതി. 

നമ്മുടെ സ്വപ്നങ്ങള്‍ നമ്മുടെ നിയോഗത്തിന്‍റെ ഭാഗമാണ്. ദൈവം നിശ്ചയിക്കുന്നത് പ്രകാരം അവ വഴിയേ പോകും. ആ വഴി മുള്ളുകള്‍ നിറഞ്ഞതാണോ, മധുരമാര്‍ന്നതാണോ എന്ന് കണ്ടത്തേണ്ടത് നമ്മുടെ നിശ്ചയങ്ങളാണ്. അതിനാല്‍ ദുര്‍ഘടമായ വഴികളില്‍ നിന്ന് സമചിത്തമായവയിലേക്ക് കടന്നുചെല്ലണം.  

മുഹര്‍റം ഒരു ജീവിത ശുദ്ധീകരണത്തിനുള്ള മാര്‍ഗമാണ്. ഈ ചിന്തകളത്രയും അവക്കുള്ള ഒരു വിശകലനമാണ്. ഹൃദയം ശുദ്ധമാകുന്നതോടെ പുതിയ പുലരികള്‍ സംശുദ്ധമാകുന്നു. ചിന്തകള്‍ക്ക് നവമൂല്യങ്ങളും അര്‍ത്ഥങ്ങളും ഉടലെടുക്കുന്നു. ജീവിത വിജയത്തിന്‍റെ പാതകളില്‍ ഒരു പഥികനായി നാം മാറേണ്ടതുണ്ട്. ഇതാകട്ടെ ഈ പുതുവത്സര സന്ദേശങ്ങള്‍.

Post a Comment

1 Comments