🖎അഫ്സൽ പുല്ലൂനി
വിദ്യാഭ്യാസ സാംസ്കാരിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വകൈരളിയുടെ മഹത്തുക്കളായ സാദാത്തീങ്ങളുടെ മഹനീയമായ കരങ്ങള്‍ കൊണ്ട് മലപ്പുറം ജില്ലയുടെ ഹൃദയ ഭാഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ സ്ഥാപിതമായ ഇല്മിന്റെ കലവറയാണ് ദാറുല്‍ ഹുദാ. ഇലാഹിന്റെ ദീനിന്റെ വെളിച്ചം ദുന്യാവ് മുഴുക്കെ പ്രകാശിപ്പാന് ഭൗതികമറിയുന്ന മതപണ്ഡിതരെ വാര്‍ത്തെടുക്കുക എന്ന മഹത്തരമായ ലക്ഷ്യത്തിലാണ് ദാറുല്‍ ഹുദാ നിലകൊള്ളുന്നത്.
കേവലം നാലുപതിറ്റാണ്ടുകള്ക്കുള്ളില് തന്നെ മുസ്ലിം കൈരളിയുടെ ഹൃദയാന്തരങ്ങളില്‍ തഖ് വയുടെ ഓളങ്ങള്‍ സൃഷ്ടിച്ച ദാറുല്‍ ഹുദാ, ഇന്ത്യക്കകത്തും പുറത്തും വിദ്യാഭ്യാസ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവും നല്കുന്ന കാഴ്ചയാണ് കേരള ജനത കണ്ടുകൊണ്ടിരിക്കുന്നത്. സത്യദീനിന്റെ സുന്ദരമായ ദഅ് വത്തിന് മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ തെളിനീരുറവയായി ദാറുല്‍ ഹുദാ ലോകത്തില്‍ തന്നെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിരുക്കുന്നു. അറബിയും ഉര്‍ദുവും ഹിന്ദിയും ഇംഗ്ലീഷും മലയാളവും സ്ഫുടമായി കൈകാര്യം ചെയ്യുന്ന മുതഅല്ലിമീങ്ങള്‍ ദീനിന്റെ ദഅ്വത്തിനായി ദുന്യാവിന്റെ പല മേഖലകളിലും ഇറങ്ങിത്തിരിച്ച്, തൗഹീദിന്റെ മൊഴിമുത്തുകള്‍ വാരിവിതറുന്ന ഹൃദയാനുഭൂതിയായ കാഴ്ച ലോക മുസ്ലിംകള് ഒന്നടങ്കം കണ്‍കുളിര്‍ക്കെ കണ്ടു നിര്വൃതിയ ടയുന്നു
ദാറുല്‍ ഹുദായുടെ സമ്പന്നമായ ചരിത്രം പറയുമ്പോള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത മൂന്ന് നാമങ്ങളാണ് ബാപ്പുട്ടു ഹാജി, സി.എച്ച് ഐദ്രൂസ് മുസ്ലിയാര്, എം.എം. ബശീര്‍ മുസ്ലിയാര്. മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ ദാറുല്‍ ഹുദാ മോഡല്‍ മുസ്ലിം സമൂഹത്തിന് കാഴ്ച്ചവെച്ചതു തന്നെ ഈ മൂന്ന് മഹാരഥന്മാരാണ്. തൊള്ളായിരത്തി എഴുപതുകളില്‍ മാതൃകാ ദര്‍സ് സിസ്റ്റം നിലത്തുറാക്കാതെയായപ്പോള് ഒരു വ്യാഴവട്ടക്കാലം നീണ്ടുനില്‍ക്കുന്ന മതപരവും ലൗകികവുമായ വിദ്യാഭ്യാസവും ദീനീ തര്‍ബിയത്തും പ്രധാന ഭാഷകളും നല്കി പുതിയൊരു ദാഈ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലുള്ള ഇവരുടെ പങ്ക് മഹത്തരമാണ്.
രണ്ടാൾ താഴ്ച്ചയുള്ള മാനീപാടത്ത് മണ്ണിട്ടു നികത്തുമ്പോള്‍ ബാപ്പുട്ടി ഹാജിയെന്ന കര്‍മയോഗി ഏല്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കൈയ്യും കണക്കുമിലായിരുന്നു. പൊതുജനമധ്യേ ഇറങ്ങി ഇങ്ങനെയൊരു സ്ഥാപനം തുടങ്ങുന്നതിന് വേണ്ടി പിരിവ് നടത്തുക പോലും അദ്ദേഹത്തിനും സഹയാത്രികര്‍ക്കും വലിയ വെല്ലുവിളിയായിരുന്നു. ഈയൊരു ഘട്ടത്തിലും ബാപ്പുട്ടി ഹാജിയുടെ അചഞ്ചലമായ വിശ്വാസത്തില്‍ നിന്നുരുത്തിരിഞ്ഞു വന്നത് മാനീപാടത്തൊരു അറിവിന്റെ വെള്ള മിനാരങ്ങള്ക്കൊണ്ടലങ്കൃതമായ ധവള സൗധമായിരുന്നു.
കേരളത്തിനകത്തും പുറത്തും 5 ഓഫ് കാമ്പസുകളും 28 ശാഖകളുമായി ദാറുല്‍ ഹുദായുടെ മതഭൗതിക സമന്വയ വിദ്യാഭ്യാസ നവോത്ഥാന സംരംഭം പരന്നു കിടക്കുകയാണ്. കൂടാതെ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് മമ്പുറം, ഫാത്വിമ സഹ്റ ഇസ്ലാമിക് വനിത കോളേജ് ചെമ്മാട് തുടങ്ങിയ ദീനീ സ്ഥാപനങ്ങളും ദാറുല്‍ ഹുദാ നേരിട്ടു തന്നെ നടത്തിവരികയാണ്.
ഇസ്ലാമിക ഭൗതിക വിഷയങ്ങള്‍, അറബി, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍, മത താരതമ്യപഠനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പന്ത്രണ്ട് വര്‍ഷത്തെ സിലബസ് പഠിച്ച് കഴിയുന്നതോടൊപ്പം തന്നെ ഗവ: അംഗീകൃത യൂനിവേഴ്സിറ്റി ബിരുദവും വിദ്യാര്‍ത്ഥികള്‍ക്ക് നേടിക്കൊടുക്കുന്നു. ശാസ്ത്രപഠനങ്ങള്‍ക്ക് ലബോറട്ടറി സൗകര്യം, വ്യത്യസ്ത ഭാഷാ ഗ്രന്ഥങ്ങളുള്ള ലൈബ്രറി, പാഠ്യ പാഠ്യേതര വിഷയങ്ങളിലെ കൈയ്യെഴുത്ത് മാസികകള്‍, പ്രസംഗ പരിശീലനം, ഡിജിറ്റല്‍ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, തുടങ്ങിയ സംവിധാനങ്ങളും നടന്നുവരുന്നു.
വൈവിധ്യമാര്‍ന്ന സംവിധാനങ്ങളിലൂടെ കര്‍മനിരതരായ മുതഅല്ലിമീങ്ങളെ ചേര്‍ത്തുപിടിച്ച് എഴുത്തും വായനയുമറിയാത്ത, നേരാവണ്ണം നിര്‍ബന്ധ ആരാധനാ കർമങ്ങൾ നിർവഹിക്കാൻ പോലുമറിയാത്ത സമൂഹത്തെ ഇലാഹിന്റെ സല്‍പന്ഥാവിലേക്ക് നയിക്കുകയാണ് ദാറുല്‍ ഹുദായും, അനുബന്ധ സ്ഥാപനങ്ങളും. കേരളത്തിനകത്തും പുറത്തും വൈജ്ഞാനിക വിസ്ഫോടനങ്ങള്‍ തീര്‍ത്ത് കൊണ്ടിരിക്കുന്ന ദാറുല്‍ ഹുദായുടെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ വിപ്ലവം അന്താരാഷ്ട്ര തലത്തില്‍ വരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സമുന്നതമായ വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദിക്കുറിച്ച ദാറുല്‍ ഹുദാക്ക് ഇന്ത്യയൊട്ടാകെ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. മുസ്ലിം കൈരളിക്ക് എക്കാലവും സ്മരിക്കപ്പെടാന്‍ പറ്റുന്ന സമ്പൂര്‍ണ്ണ പരിവർത്തന ചരിത്രം നല്കിയ ദാറുല്‍ ഹുദാ സത്യദീനിനെ ലോകമെമ്പാടും പരിചയപ്പെടുത്താനുള്ള സല്‍പന്ഥാവിലൂടെ സഞ്ചരിക്കുകയാണിപ്പോള്‍.

1 Comments
super
ReplyDelete