Ticker

6/recent/ticker-posts

മമ്പുറം തങ്ങള്‍: കാലം കരുതേണ്ട നവോത്ഥാന പാഠങ്ങള്‍

അദ്‌നാന്‍ പുഷ്പഗിരി 

        അധിനിവേശ സാമ്രാജ്യത്വ ശക്തിയുടെ തേരോട്ടത്തില്‍ സാമൂഹികമായും സാംസ്‌കാരികമായും മലബാര്‍ മന്ദീഭവിച്ച 18-19 നൂറ്റാണ്ടുകളുടെ കാല പരിസരത്തു വെച്ചാണ് ഖുഥബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ (റ) മുസ്ലിം നവോത്ഥാനത്തിന്റെ തന്റെ ഭാഗഥേയം നിര്‍വഹിക്കുന്നത്. കേരളത്തിലെ ഇസ്ലാമികാവിര്‍ഭാവ കാല മുതല്‍ നൂറ്റാണ്ടുകളോളം ദിവ്യബോധത്തിന്റെ ഊര്‍ജ്ജസ്വലതയില്‍ ഏതുതരം വെല്ലുവിളികള്‍ക്കെതിരെയും പ്രതിരോധാത്മകമായി ഒരു സാമൂഹിക ഭദ്രതയും സാമൂഹിക അടിത്തറയും കാത്തു സൂക്ഷിച്ചിരുന്നു അവിടുത്തെ ഹിന്ദു-മുസ്ലിം സമൂഹം. എന്നാല്‍, ഈയൊരു കെട്ടുറപ്പിനെ അട്ടിമറിച്ച് കടുത്ത വംശീയതയും വര്‍ഗീയതയും ജാതീയതയും പ്രസരിപ്പിച്ച് 'ഭിന്നിപ്പിച്ച് ഭരിക്കുക ' എന്ന ബ്രിട്ടീഷ് തന്ത്രം വിജയഭേദി മുഴക്കിത്തുടങ്ങിയപ്പോഴാണ് ആത്മീയതയിലൂന്നിയ സാമൂഹിക ജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് മമ്പുറം തങ്ങള്‍ നേതൃത്വം നല്‍കുന്നത്. മുമ്പ് പറങ്കികള്‍ക്കെതിരെ സാമൂതിരിക്ക് കീഴില്‍ വിവേചന രഹിതമായി അണിനിരന്ന മാപ്പിളമാരുള്‍പ്പെടെ എല്ലാ ജനവിഭാഗത്തിനും ഒരുപോലെ ആത്മീയ നേതൃത്വം നല്‍കിയ മഖ്ദൂമുമാരുടെ കാലശേഷം ആ ദൗത്യം മമ്പുറം തങ്ങളിലേക്കെത്തുന്നതോടെ അനാഥത്വം ജനങ്ങള്‍ക്ക് അന്യമായി. കേരളത്തലെ അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രത്തിലെ പൊതുസ്വഭാവം കപടതന്ത്രങ്ങള്‍ക്കെതിരെ ആത്മീയബലത്തില്‍ തീര്‍ത്ത സാഹോദര്യത്തിന്റേതായിരുന്നു. സവര്‍ണ പ്രീണനത്തിന്റെ ഭാഗമായി ചരിത്രത്തില്‍ കടന്നുകയറി മതത്തെ ബ്രാഹ്‌മണ-ജന്മി താല്‍പര്യത്തിന് തീറെഴുതിക്കൊണ്ട് ജാതീയതയെ ഊതിവീര്‍പ്പിക്കുന്നതിലൂടെ ആത്മാഭിമാനം നഷ്ടപ്പെട്ട സഹോദര സമുദായത്തിലെ അധഃസ്ഥിതരെ ചേര്‍ത്ത് പിടിച്ച് സാംസ്‌കാരിക ഐക്യം രൂപപ്പെടുത്തുന്നത് വിജയിച്ച തങ്ങളുടെ ആധ്യാത്മിക ഇടപെടലുകളിലൂടെ ഇസ്ലാമിന്റെ  സമാധാനപരവും ഉത്കൃഷ്ടവുമായ അന്തരാര്‍ത്ഥങ്ങള്‍ ഇസ്ലാമേതര സമൂഹത്തിന് മുന്നില്‍ അനാവൃതമാവുകയായിരുന്നു. കര്‍ക്കശമായ മതപാഠങ്ങള്‍ പുലര്‍ത്തിക്കൊണ്ട് തന്നെ മനുഷ്യത്വത്തെയും മാനുഷിക ഗുണങ്ങളെയും തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അതോടൊപ്പം, വൈജ്ഞാനികമായ നവോത്ഥാനപരമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ സംസ്‌കരിച്ചെടുക്കാനും കഴിഞ്ഞു. ഫിഖ്ഹിലും തസ്വവ്വുഫിലുമുള്‍പ്പെടെ അവഗാഹം നേടിയ അറിവിന്റെ ഗോപുരവും സാന്ത്വന ഗേഹവുമായി നിറഞ്ഞുനിന്ന മമ്പുറം തങ്ങളിലേക്ക് അനവധി ശിശ്യരും മുരീദുമാരും പോരാളികളും ഉദ്യോഗസ്ഥരും ധനികരും പാവപ്പെട്ടുവരുമൊക്കെയായി സമൂഹത്തിലെ നാനാജാതി തുറകളില്‍ നിന്നും മനുഷ്യര്‍ ഒഴുകിയെത്തി. ഭൗതിക താല്‍പര്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത തങ്ങള്‍ ഈ സാന്നിധ്യങ്ങളെയെല്ലാം ദീനുല്‍ ഇസ്ലാമിന് വേണ്ടി സമര്‍പ്പിച്ചു. വെളിയങ്കോട് ഉമര്‍ ഖാസി(റ) ഉള്‍പ്പെടെ പ്രഗത്ഭരായ ശിശ്യഗണങ്ങള്‍ മമ്പുറം തങ്ങളുടെ ശിക്ഷണത്തില്‍ ആര്‍ജിച്ചെടുത്ത ആത്മവീര്യം ചോരാതെ പിന്‍ തലമുറകളുടെ മത-സാമൂഹിക നേതൃപദവികള്‍ അലങ്കരിച്ചു സഹിഷ്ണുത കാത്തുസൂക്ഷിച്ച ഖുഥ്ബുസ്സമാന്റെ ഉപദേശനിര്‍ദേശങ്ങള്‍ നെഞ്ചേറ്റിയ മാപ്പിളപ്പടയില്‍ നിരവധി ഹൈന്ദവരും പങ്കാളികളായിരുന്നു. അസ്ഥിത്വം ചോദ്യം ചെയ്യപ്പെടും വിധം മാരകമായ വെല്ലുവിളികളെ മമ്പുറം തങ്ങള്‍ പകര്‍ന്ന് നല്‍കിയ ഐക്യബോധത്തിലൂടെയും മാനുഷിക ബോധത്തിലൂടെയും അവര്‍ അതിജീവിച്ചു. 

ബ്രിട്ടീഷ്-ജന്മി അധികാര പ്രയോഗങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തില്‍ കുടിയൊഴിപ്പിക്കപെട്ടും ആരാധനാ സ്വാതന്ത്രം ഹനിക്കപ്പെട്ടും, മാപ്പിള വിരോധം പടര്‍ത്തി രാഷ്ട്രീയമായും സാമൂഹികമായും മുസ്ലിംകളെ ഒറ്റപ്പെടുത്തി അസ്ഥിത്വ പ്രതിസന്ധി രൂക്ഷമാക്കാനുള്ള കുത്സിത ശ്രമങ്ങളെ തങ്ങളുടെ സാന്നിധ്യം ചെറുത്തുനിന്നു. പിന്നീട് മമ്പുറം തങ്ങള്‍ക്കു നേരെ വര്‍ഗീയ സംജ്ഞകളുടെ അസ്ത്ര പ്രയോഗങ്ങള്‍ നടത്തപ്പെട്ടുവെങ്കിലും കാലവും സമൂഹവും അതിനെ പ്രതിരോധിച്ചു. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മമ്പുറം തങ്ങള്‍ എന്ന വികാരവും തങ്ങളുടെ മഹോന്നരമായ പ്രവാചക ശൈലീ ജീവിതപാഠങ്ങളും സഹോദരസമുദായ ഹൃദയങ്ങളിലും ഇടംപിടിച്ചു. മമ്പുറം തങ്ങളുടെ ആശീര്‍വാദത്തോടെ മഞ്ചേരി,മുട്ടിച്ചിറ,ചേറൂര്‍ തുടങ്ങി പല അധിനിവേശ വിരുദ്ധ കലാപങ്ങള്‍ക്കും മലബാര്‍ സാക്ഷിയായിട്ടുണ്ട്. ഇതില്‍ ചേറൂര്‍ കലാപത്തില്‍ തങ്ങളുടെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടായിരുന്നെന്നും അന്ന് തുടയിലേറ്റ വെടിയാണ് പില്‍കാലത്ത്് മരണാസന്നരോഗത്തിലേക്ക് നയിച്ചെന്നതുമാണ് ചരിത്രപക്ഷം. തന്റെ ജീവിതവും ദേശാന്തരീയ ബന്ധങ്ങളും അനുഭവപാഠങ്ങളും ഉത്തരവാദിത്വബോധവും മുസ്ലിം ഉമ്മത്തിന്റെ നവോത്ഥാനത്തിന് വേണ്ടിയും പൈതൃക സംരക്ഷണത്തിന് വേണ്ടിയും മഹാനവര്‍ വിനിയോഗിച്ചു.

മമ്പുറം മഖാമും അതിന്റെ ആത്മീയ വലയത്തിലൂള്ള മുട്ടിച്ചിറ, ചേറൂര്‍ ശുഹദാ മഖാമുകളും കാലപ്രവാഹത്തിന്റെ വിസ്മൃതിയില്‍ കടപുഴകാതെ ചരിത്രത്തെ മണ്ണോട് ചേര്‍ത്തുറപ്പിച്ച് നിര്‍ത്തുന്ന പ്രതീകങ്ങളാണ്. സദാസമയം ദൈവിക സ്മരണയില്‍ മുഴുകിയ തങ്ങള്‍ നിരവധി കറാമത്തുകള്‍ വെളിപ്പെടുത്തുകയും ചെയ്തു. സ്വദേശമായ ഹളര്‍മൗതുമായും മക്കയുമായും മദീനയുമായും സമ്പര്‍ക്കം പുലര്‍ത്തി. അല്ലാഹു ഓരോ കാലത്തും വ്യത്യസ്ത ദേശങ്ങളില്‍ അവയുടെ ഭാഷയും സംസ്‌കാരവും ഉള്ളറിഞ്ഞ  പ്രവാചകന്മാരെ നിയോഗിച്ചതുപോലെ ഈ ഉമ്മത്തില്‍ ഉത്തമനൂറ്റാണ്ടില്‍ സ്വഹാബികള്‍ മുതല്‍ തുടങ്ങി എല്ലാ കാലങ്ങിളിലും സയ്യിദന്മാരും സൂഫിയാക്കളും ഓരോ നാടുകളിലും സമൂഹങ്ങളിലും നവോത്ഥാനത്തിന് നേതൃത്വം നല്‍കി. അവരുടെ തറവാടുകള്‍ ചുറ്റിപ്പറ്റി കൊച്ചുനാഗരികതകള്‍ രൂപം കൊണ്ടു. വൈദേശികാധിപത്യത്തിനെതിരെ യുദ്ധക്കളത്തില്‍ പോലും അവരുടെ സാന്നിധ്യം പോരാളികള്‍ക്ക് ആത്മബലം നല്‍കി. ഇസ്സുദ്ദീനിബ്‌നു അബ്ദിസ്സലാം (റ), ഹാത്വിമുല്‍ അസ്വമ്മ് (റ), അബൂയസീദില്‍ ബിസ്ത്വാമി (റ), സിര്‌രിയുസ്സിഖ്തി (റ), സ്വലാഹുദ്ധീന്‍ അയ്യൂബി (റ)തുടങ്ങി പോര്‍ക്കളത്തിലെ പ്രമുഖ നിരയിലെ കണ്ണികളായി അനീതിക്കെതിരെ സായുധവും തൂലികാപരവുമായി സംഘട്ടനം നടത്തിയ മഖ്ദൂമുമാരും കോഴിക്കോട് ഖാളിമാരും മമ്പുറം തങ്ങന്മാരെയും കാണാം. അവരെ മാറ്റിനിര്‍ത്തി യാതൊരു പൈതൃക ചരിത്ര വായനയും സാധ്യമല്ല. അവര്‍ മുസ്ലിം സമുദായത്തിന്റെ ആത്മീയ രാഷ്ട്രീയ സ്രോതസ്സായി നിലകൊണ്ടു.മമ്പുറം തങ്ങളുടെ കാലശേഷം അവിടുത്തെ സൗരവീഥിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അവരുടെ പിന്‍ തലമുറക്കാരായി നിരവധി സയ്യിദ് ഖബീലകള്‍ കൊച്ചു കേരളത്തില്‍ സോഷ്യല്‍ ആക്ടിവിസത്തിലൂടെ പുതുതലമുറകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. മമ്പുറം തങ്ങളുടെ സൂഫി ആക്ടിവിസം ഒരു സമൂഹത്തിന്റെ ആന്തരികവും ബാഹ്യവുമായ പ്രതിസന്ധികളെ തരണം ചെയ്തതിലൂടെ ഇസ്ലാമിന്റെ തനതായ സംസ്‌കാരവും പാരമ്പര്യവും കാലത്തിന്റെ ഒഴുക്കിനോട് ചേര്‍ത്തുവെക്കാനും സാധിച്ചു. 

ഔലിയാക്കളിലെ അത്യുന്നത പദവിയില്‍ വിരാജിച്ച ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ കേരളത്തിന് മാത്രമല്ല, ഇന്ത്യന്‍ മുസ്ലിം സ്വത്വത്തിന്റെ തന്നെ കാവല്‍ സൗന്ദര്യമാണ്. തങ്ങളുടെ ജീവിതം വലിയൊരു സന്ദേശമാണ്. ജീവിതവിശുദ്ധിയിലൂടെയും സമുന്നത വ്യക്തിത്വത്തിലൂടെയും വിശാല ഹൃദയത്തോടെയും അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഉമ്മത്തിലേക്കിറങ്ങിചെന്ന്  അവരെ ആത്മീയ വൈജ്ഞാനിക സാമൂഹിക പുരോഗതിയിലേക്ക് വഴിനടത്താനും വെല്ലുവിളികളെ സഹിഷ്ണുതയോടെ നേരിടാനുമുള്ള സര്‍വ്വവിധ പ്രചോദനവും മാതൃകയും കാണിച്ചു തന്ന മമ്പുറം തങ്ങളുടെ ജീവിതത്തിന്റെ പ്രയോഗ വത്കരണ രീതികളാണ് തങ്ങളുടെ ചാരത്ത് പടുത്തുയര്‍ത്തപ്പെട്ട ദാറുല്‍ ഹുദാ തലമുറകള്‍ക്ക് പരിചയപ്പെടുത്തി ക്കൊടുക്കുകയാണ്. 

'അന്ത്യനാളിലെ ആ വീട് ഭൂമിയില്‍ അഹങ്കാരവും കുഴപ്പവും ഉദ്ദേശിക്കാത്തവര്‍ക്ക് നാം നല്‍കുന്നതാണ്. ഭക്തര്‍ക്കാണ് ഭാവി (ഖസ്വസ്:83)'


Post a Comment

1 Comments