Ticker

6/recent/ticker-posts

അൽ ജിഹാസ് (4)


▮അദ്‌നാൻ പുഷ്‌പഗിരി 
ഇസ്ലാമിക ലോകത്ത് സൂഫി പ്രസ്ഥാനങ്ങൾ വ്യാപരിച്ചു തുടങ്ങിയ 12-14 നൂറ്റാണ്ടുകൾക്കിടയിൽ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ അറബ് കച്ചവട യാത്രകളിലൂടെ ഇസ്ലാമിക പ്രബോധകരും സൂഫീമിഷണറികളും ദക്ഷിണേന്ത്യയിലെ പ്രധാന തീരദേശങ്ങളായ മലബാറിലും മഅ്ബറിലും സജീവമായിരുന്നു. ഖാദിരിയ, ശാദിലിയ തുടങ്ങി പ്രമുഖ സൂഫീ സരണികൾ ഒരുപോലെ വേരൂന്നിയ ഈ പ്രവിശ്യകൾക്കിടയിൽ ആത്മീയമായ സഹകരണ കൈമാറ്റങ്ങൾ ദീർഘകാലം നിലകൊണ്ടു. ഇന്നും പലതരത്തിൽ ദൃശ്യമാകുന്ന അവയുടെ സ്വാധീനം മലബാറിനും ഇന്നത്തെ തമിഴ്നാട്ടിലെ മഅ്ബറിനുമിടയിൽ സൂഫി ദർവീശുകളുടെ സഞ്ചാരം ശക്തമായി നടന്നിരുന്നതിന്റെ സൂചനയാണ്.
കേരളത്തിൽ ആത്മീയ വൈജ്ഞാനിക വിപ്ലവങ്ങൾക്ക് നേതൃത്വം നൽകിയ മഖ്‌ദൂം കുടുംബത്തിന്റെ വേരുകൾ ചെന്നെത്തുന്നത് മഅ്ബറിലാണ് എന്നത് മലബാർ - മഅ്ബർ ആത്മീയ ബന്ധത്തിന്റെ മകുടോദാഹരണമാണ്. മഖ്ദൂം കുടുംബത്തിന് പുറമേ, കായൽപട്ടണം, കീളക്കര തുടങ്ങിയ മുസ്ലിം പ്രദേശങ്ങളിൽ ആത്മീയ നേതൃത്വം നൽകിയ അഞ്ചോളം പണ്ഡിത കുടുംബങ്ങൾ മഅ്ബറിലുണ്ട്. സൈനുദ്ദീൻ മഖ്ദൂം (റ) ഒന്നാമന്റെ അദ്കിയയും ഇർഷാദുൽ ഇബാദും മറ്റു തസവ്വുഫ് ഗ്രന്ഥങ്ങളും മഅ്ബരീ രചനാപാരമ്പര്യം നിലനിർത്തിയ കൃതികളാണ്. പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് തന്നെ തമിഴകത്തും കേരളക്കരയിലും ഖാദിരീ സരണി ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിരുന്നു. 1600 മുതൽ 1900 വരെയുള്ള കാലത്ത് മലബാറിലും മഅ്ബറിലും ജീലാനി തങ്ങളെക്കുറിച്ച് എഴുതപ്പെട്ട പ്രകീർത്തന കാവ്യങ്ങളും ഖിസ്സകളും അനവധിയാണ്. കൂടാതെ, കേരളത്തിന്റെ ആത്മീയ മണ്ഡലങ്ങളിൽ ശോഭിച്ചു നിൽക്കുന്ന, സദഖത്തുല്ലാഹിൽ ഖാഹിരി(റ) രചിച്ച ഖുത്തുബിയത്തും മാപ്പിള ലബ്ബൈ ആലം എന്നറിയപ്പെടുന്ന മുഹമ്മദ് അൽ ഖാഹിറി(റ) ക്രോഡീകരിച്ച ജലാലിയ്യാ റാതീബും ശൈഖ് ഉമറുൽ ഖാഹിരി(റ)യുടെ 'അല്ലഫൽ അലിഫും' ശൈഖ് സ്വലാഹുദ്ദീനുൽ ഖാഹിരിയുടെ ആത്മസംസ്കരണ കൃതി 'സ്വലാഹുദ്ദീനും' മഅ്ബറിലെ കായൽപട്ടണത്തിന്റെ സംഭാവനകളാണ്. മഅ്ബറിൽ അറബിത്തമിഴ്(അർവി) സാഹിത്യം ആത്മീയ രചനകളെ സജീവമാക്കിയതിനു ശേഷമാണ് മലബാറിലും അറബിമലയാളത്തിൽ മാലപ്പാട്ടുകളും മൗലിദുകളും വിരചിതമായത്. നിരവധി സയ്യിദ് കുടുംബങ്ങൾ മഅ്ബർ വഴി കേരളത്തിൽ എത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ കോഴിക്കോട് അബൂബക്കർ കുഞ്ഞിഖാസിയുടെയും മുഹമ്മദ്‌ അൽഫാസി(റ)യുടെയും ആധ്യാത്മിക ഇടപെടലുകളിൽ ശാദിലി സരണി മലബാറിലും തുടർന്ന് മഅ്ബറിലും പ്രചുരപ്രചാരം നേടി. ഇതിനു തെളിവായി ധാരാളം സൂഫി സാഹിത്യ കൃതികൾ കാണാനാകും. നാഗപട്ടണം സ്വദേശി അഹമ്മദ് ഇസ്മായിൽ രചിച്ച 'ഹിദായതുസ്സാലികീൻ' അടക്കം ഇമാം ശാദിലി(റ)യുടെ അപദാനങ്ങൾ വാഴ്ത്തുന്ന റാത്തീബുകളും നശീദകളും മാലപ്പാട്ടുകളും മലബാറിലെ മാപ്പിളമാർക്കിടയിലും മഅ്ബറിലെ മരയ്ക്കാർ മുസ്ലീങ്ങൾക്കിടയിലും പ്രചാരം നേടി. ആത്മീയതയുടെ പ്രഭവ കേന്ദ്രങ്ങളായ നിരവധി പുണ്യ മഖാമുകളും പുരാതനമായ പള്ളികളും ദീനി വിജ്ഞാന കേന്ദ്രങ്ങളും മഅ്ബറിലും മലബാറിലും കാണാം. ആത്മീയ മുന്നേറ്റങ്ങൾക്ക് ഒരുപോലെ വളക്കൂറുള്ള ഭൂമികയായി മലബാറും മഅ്ബറും മാറി. ഇരു ദേശങ്ങളും ആത്മീയ വൈജ്ഞാനിക പാരമ്പര്യത്തിൽ ഏറെ സമാനതകൾ പുലർത്തി. സൂഫി ജ്ഞാനികളുടെ പലായനങ്ങളിലൂടെയുള്ള ആത്മീയ ധൈഷണിക കൈമാറ്റങ്ങൾ ഇരു ദേശങ്ങളിലെയും ആധ്യാത്മിക മണ്ഡലങ്ങളിൽ ശോഭിച്ചു നിന്നു.
കായൽ പട്ടണത്തിന്റെ നാഡീ ഞരമ്പുകളിൽ പ്രവഹിച്ചുകൊണ്ടിരിക്കുന്ന, മലബാറുമായുള്ള ചരിത്രപരമായ ഈ ആത്മബന്ധത്തെ ഞങ്ങൾ ഊട്ടിയുറപ്പിക്കുകയാണ്....

Post a Comment

0 Comments