Ticker

6/recent/ticker-posts

അൽ ജിഹാസ് (5)

▮അദ്‌നാൻ പുഷ്‌പഗിരി 
പൂഴിമഞ്ഞ് പെയ്തുകിടക്കുന്ന പാതയോരങ്ങളിൽ പാദമുദ്രകൾ ബാക്കിവെച്ച് ഞങ്ങൾ കായൽ പട്ടണത്തോടു വിട പറയുകയാണ്. അതെ, നിരവധി സ്വാഹബാക്കളുടെയും മഹാന്മാരുടെയും അന്ത്യവിശ്രമ കേന്ദ്രമായ ഈ 'ജന്നത്തുൽ ബഖീഇ'നോട് ഞങ്ങൾ സലാം പറഞ്ഞിറങ്ങി. ഇവിടെ ചരിത്രം ഉറങ്ങുകയല്ല, ഉണർന്നിരിക്കുകയാണ്.
മലബാറിന്റെ ആത്മാവ് അതിന്റെ ആത്മലോകത്തേക്ക് ചരിത്രത്തിന്റെ പാതയിലൂടെ നടത്തിയ ഒരു പ്രയാണമായിരുന്നു ഇത്. ഇതിന് മൂകസാക്ഷ്യം വഹിച്ച് ബംഗാൾ ഉൾക്കടലിലൂടെ മഅബർ തീരവും അറബിക്കടലിലൂടെ മലബാര് തീരവും ഇന്ത്യൻ മഹാസമുദ്രത്തിലെ ത്രിവേണിയിൽ കൈ കോർത്തിരുന്നു.
മീസാൻ കല്ലുകൾ കഥ പറഞ്ഞു തീർന്നില്ല. പൈതൃകതീരത്ത് നങ്കൂരമിട്ടിരിക്കുന്ന 'കപ്പൽ' വീട്ടിലെ ഓർമ്മകൾ ഇനി വൈകാരികതയുടെ കടൽചുരുക്കിൽ പെട്ട് ആടിയുലയും. സയ്യിദുനാ ഉമർ ഒലിയുള്ളയുടെ ഹള്റത്തിൽ അല്ലഫൽ അലിഫിന്റെ ഈരടികൾ പാടി കൊതി തീർന്നിട്ടില്ല. മഹാൻ്റെ പല്ലക്കിൽ കയറി ഹറമുകളിൽ പോയ ഞങ്ങളുടെ ആത്മാക്കൾ ഇതുവരെ തിരിച്ചുവന്നില്ല. മദീനയെ പകർന്നു തരുന്ന ഖാസിം വലിയുല്ലയുടെ 'പകരും' പാട്ട് ഇഷ്ഖിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്‌ത് ഇനിയും പൂർത്തിയായില്ല. മതിൽക്കെട്ടിനപ്പുറത്തെ മഹാത്മാക്കളോട് സലാം ഓതിയുള്ള ആ തെരുവു നടത്തങ്ങൾ ആസ്വദിച്ചു തീർന്നിട്ടില്ല. പഴമയെ മറച്ചു പിടിച്ച ആധുനികതയുടെ കോൺക്രീറ്റിൽ കാലം തൊലിയുരിഞ്ഞപ്പോൾ ഇറച്ചിക്കഷണങ്ങൾ പോലെ പുറത്തുവന്ന ഇഷ്ടികക്കല്ലുകൾ പറഞ്ഞുതന്ന നൂറ്റാണ്ടുകളുടെ ചരിത്രം പുസ്തകത്തിൽ കുറിച്ചുതീർന്നില്ല. ചരിത്രത്തിന്റെ വിക്ഷേപണത്തറയിൽ തലയുയർത്തി നിൽക്കുന്ന മിനാരങ്ങൾക്ക് പറയാൻ ഇനിയുമുണ്ടായിരുന്നു കഥകൾ.
പുലരിത്തണുപ്പിലെ ദയനീയമായ മയിൽകരച്ചിലുകളും ഉച്ചഭാഷിണികളിൽ കൊളുത്തുന്ന മഹാന്മാരുടെ കീർത്തനങ്ങളും കായൽപട്ടണത്തിന്റെ സംഗീതമാണ്.
ഓർക്കാനും പകർത്താനും ഒരുപാട് പേരെ കുറിച്ചുവെച്ചാണ് ഞങ്ങൾ ഈ അധ്യായം അടച്ചുവെക്കുന്നത്. മഹമൂദ് ഹസൻ സാഹിബ്, അബു സ്വാലിഹ് സാഹിബ്, മുഹമ്മദ് ഇസ്മായിൽ സാഹിബ്, നൂഹ് എർവാടി അങ്ങനെ തുടങ്ങി ഓരോ ഇടങ്ങളിലും കായൽ പട്ടണത്തെ ഞങ്ങളിലേക്ക് ഇറക്കിവെച്ചുതന്ന അനുഭാവികൾ. നേതൃത്വം നൽകിയ ഉസ്താദുമാർ....
കായൽപട്ടണം സമ്മാനിച്ച ഒരുപിടി ഓർമ്മകൾ ഞങ്ങളെ വീണ്ടും ആ മണ്ണിലേക്ക് മാടിവിളിച്ചു കൊണ്ടിരിക്കുകയാണ്.
ബറക്കത്തിന്റെ മുത്തുകൾ തേടി കോറമണ്ഡൽ തീരത്തെ മുങ്ങിക്കുളി. വർഷപ്പഴക്കത്തിൽ മത്സരിക്കുന്ന പുരാതന പള്ളികൾ. ജുമുഅഃ നിസ്കരിച്ച ചിന്ന പള്ളി, തൊട്ടപ്പുറത്തെ ആയിരംകാൽ പള്ളി എന്ന പെരിയ പള്ളി, സ്ത്രീകൾക്ക് മാത്രം സഞ്ചരിക്കാൻ പ്രത്യേകം സംവിധാനിച്ചിട്ടുള്ള 'മുടുക്കു'കൾ, മഹത്തുക്കൾ പാദം പതിപ്പിച്ച മഹ്ളറകൾ, പാരമ്പര്യത്തെ അഭിമാനപൂർവ്വം വിളിച്ചോതുന്ന തെരുവുകൾ, നിഷ്കളങ്കരായ തമിഴ് മുസ്ലിംകൾ. നിസ്കാരത്തിനായുള്ള പള്ളികളിലെ ഓരോ കൂടിച്ചേരലുകൾ പോലും സ്നേഹസൗഹാർദ്ദത്തിന്റെ പെരുന്നാളാണ് അവർക്ക്...
മുകളിൽ മദീനയിലേക്ക് തുറന്നു പിടിച്ച കണ്ണാടിയായി റൗളാ ശരീഫിനെ പ്രതിഫലിപ്പിച്ച പ്രോജ്വലിക്കുന്ന പൗർണമിയെ സാക്ഷിയാക്കി പ്രവാചകാനുരാഗത്തിന്റെ 'കപ്പൽമാളിക'യിൽ സംഘടിപ്പിച്ച ഇഷ്ഖ് മജ്ലിസ്, ബുഖാരി ശരീഫിലെ അന്തിച്ചർച്ചകൾ. ശ്രവണ സുന്ദരമായി പരമ്പരാഗത തമിഴ് ദർസ് ബൈതോതി സ്വീകരിച്ച ബുഖാരി മജ്ലിസിലെ കുട്ടികൾ, സൈക്കിളിൽ സായംകാല സവാരി നടത്തുന്ന ദർസ് വിദ്യാർഥികളോട് പെറുക്കിക്കിട്ടിയ തമിഴ്‌വാക്കുകൾ കഷ്ടിച്ച് കോർത്തിണക്കിയുള്ള കുശലാന്വേഷണങ്ങൾ. ശാദിലി സാവിയത്തിലെ ആത്മീയസദസ്സിൽ ഏകാഗ്രത പകർന്ന റാത്തീബുകൾ. അങ്ങനെ രണ്ടു പതിറ്റാണ്ടിന്റെ ദൈർഘ്യമുണ്ടായ രണ്ടു ദിനരാത്രങ്ങൾ...
ഞങ്ങൾക്കുറപ്പുണ്ട്, ധൃഷ്ടിഗോചരമായുള്ളതിനപ്പുറം ഇവിടുത്തെ മണ്ണിനടിയിൽ ഒരു കായൽപട്ടണം ഉണ്ട്. ഇനിയും കണ്ടെത്താത്ത ഒരുപാട് മഖ്ബറകളും പള്ളികളും ഈ മണ്ണിലെ അഭൂതപൂർവമായ നിധിശേഖരങ്ങളാണ്..
കാലം ഞങ്ങളെ കയറിട്ട് വലിച്ചു കൊണ്ടുപോകുന്നു. പക്ഷെ 'AL JIHAZ' ഇവിടെ അവസാനിക്കുന്നില്ല...
ചില അടച്ചിട്ട മഖ്ബറകൾ, ഇനിയും വെളിച്ചത്തു കൊണ്ടുവരാത്ത നിരവധി മഖ്തൂത്താതുകൾ, വായിക്കപ്പെടാത്ത കല്ലുവെട്ടുകൾ തുടങ്ങി പുറംലോകം തിരിച്ചറിയാൻ വൈകിപ്പോയ മഅബറിന്റെ പൈതൃകപാരമ്പര്യത്തിലേക്ക് യഥേഷ്ടം കടന്നുചെല്ലാൻ AL-JIHAZ ഇവിടെ ഒരു 'തുറമുഖം' നിർമ്മിക്കും. സുന്നത് ജമാഅത്തിനെതിരെയുള്ള കരുനീക്കങ്ങളെ അത് പ്രതിരോധിക്കും ഇൻശാ അല്ലാഹ്. ഞങ്ങൾക്ക് കായൽപട്ടണം എന്നത് പോലെ കായൽപട്ടണത്തിന് ഞങ്ങളെയും വേണം....
താൽക്കാലികമായി ഞങ്ങൾ യാത്രപറയുകയാണ്. മഖ്ദൂമുമാർ സഞ്ചരിച്ച പാതയിലൂടെ തിരിച്ച് മലബാറിലേക്ക്...

Post a Comment

0 Comments