വിശ്രമമില്ലാത്ത പകലോട്ടത്തിൽ കൂകിവിളിച്ച് വരണ്ട തൊണ്ടയുമായി ഓതിക്കിതച്ചെത്തുന്ന ട്രെയിനുകളുടെ വിശ്രമ കേന്ദ്രമാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ. ഒപ്പം പകലുറക്കന്മാരും രാത്രിസഞ്ചാരികളുമായ ചില ട്രെയിനുകളുടെയും.
ഞങ്ങളെയും വഹിച്ച് മംഗലാപുരം കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് വണ്ടി പ്ലാറ്റ്ഫോമിൽ കയറിയപ്പോൾ പാതി കണ്ണടച്ചിരുന്നു. തൊട്ടപ്പുറത്തായി അഗാതനിദ്രയിലായിരുന്ന നാഗർകോവിൽ വണ്ടി ഞെട്ടിയുണരും എന്ന് വിചാരിച്ചിട്ടാവണം, ഞങ്ങളുടെ ട്രെയിൻ ചൂളം വിളിച്ചില്ല. തൊട്ടടുത്തുള്ള ട്രാക്കുകളിൽ വരച്ചവരയിൽ അനുസരണയോടെ എൻജിനുകളെ കാത്തിരിക്കുന്ന അനാഥരായ ബോഗികൾ.
അടുത്തുള്ള പള്ളിയിൽ വെച്ച് നിസ്കാരം കഴിഞ്ഞ് വീണ്ടും സ്റ്റേഷനിലേക്ക് കയറിച്ചെന്നപ്പോൾ ഞങ്ങൾക്ക് കയറാനുള്ള തിരുനെൽവേലിയിലേക്കുള്ള നാഗർകോവിൽ വണ്ടി ഏഴരയ്ക്കുള്ള പ്ലാറ്റ്ഫോം അനൗൺസ്മെന്റിൽ ഉണർന്ന് ഉറക്കച്ചടവോടെ കണ്ണ് ചിമ്മിത്തുടങ്ങുന്നതേയുള്ളൂ. പകലുറക്കത്തിൽ തന്റെ രാത്രിയോട്ടത്തെക്കുറിച്ച് തീവണ്ടി നെയ്തെടുത്ത അതേ സ്വപ്നങ്ങളെ സ്ലീപ്പർ കോച്ചിൽ കയറിപ്പറ്റിയ ഞങ്ങളും പുനരാവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്.
തിരുനെൽവേലിയിലേക്ക്..
0 Comments