ഏറ്റവും അടുത്താണ് ഹിന്ദിയുമായി ബന്ധപ്പെട്ട അസ്വാരസങ്ങൾ രാഷ്ട്രീയമായി പല മാനങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള ഏകതക്കപ്പുറത്ത് തീർത്തും പുറന്തള്ളിക്കൊണ്ടുള്ള നയനിലപാടുകളാണ് ഭരണകൂട അജണ്ടയുടെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദിയെ ജോലി സ്ഥലങ്ങളിൽ പോലും നിർബന്ധമാക്കി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ഇതിൻറെ ഭാഗമായിട്ട് വേണം വിലയിരുത്താൻ.
ജോലിയിൽ ഹിന്ദിയെ തിരുകിക്കയറ്റുന്ന രാഷ്ട്രീയ മാനങ്ങൾക്കിടയിൽ അവ സൃഷ്ടിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ നിശ്ചലങ്ങളെ അന്വേഷിക്കുകയാണ് ഈ ലേഖനം. കൃത്യമായ ഒരു രാഷ്ട്രീയ വിചാരം ഉണ്ടായിരിക്കെ തന്നെ ഇത്തരത്തിൽ മറഞ്ഞു നിൽക്കുന്ന ഒളി അജണ്ടകളെ കൂടെ കണ്ടില്ലെന്ന് നടിക്കാൻ ആവാതിരിക്കില്ല. "സമൂഹം ഒരു കൽപ്പിത നാടകമാണ്" എന്ന് ഷേക്സ്പിയർ ആലോചിക്കുന്നുണ്ട്. ആ നാടകത്തിൽ അഭിനയിച്ചു തീർക്കുക മാത്രമാണ് മനുഷ്യൻ പലപ്പോഴും ചെയ്യാറുള്ളത്. പലരും എഴുതിയ തിരക്കഥക്കകത്ത് നൃത്തം വയ്ക്കുന്ന കൂലിക്കാരൻ എന്ന് സാരം.
സാമൂഹികമായ ജോലി ഏതൊരു വ്യക്തിയുടെയും അത്യന്താപേക്ഷിതമായ ജീവിത ഭാഗമാണ്. അവ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിന്റേതുകൂടിയുമാണ്. അറിവിന്റെയും യോഗ്യതയുടെയും ഇടയിലൂടെ രാഷ്ട്ര സ്നേഹവും കപടബോധവും പ്രവർത്തിപ്പിക്കുന്നതിലൂടെ ഊർജ്ജവും സംഭരിക്കുന്ന വിഷാദമുഖങ്ങൾ ആയിരിക്കും സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. അവ ഹിന്ദി എന്ന ബോധ്യത്തിൽ നിന്നുകൊണ്ട് ഹിന്ദുവിനെ കണ്ടെത്താനും അതിലൂടെ ഹിംസാത്മക സ്വീകരിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കും.
ജോലി മനുഷ്യനെ ജീവിക്കാൻ മറപ്പിക്കുന്ന യാഥാർത്ഥ്യമാണെന്ന് ഗ്രിഗറി നിരീക്ഷിക്കുന്നുണ്ട്. അഥവാ ഔദ്യോഗിക ഭാഷ എന്ന രീതിയിൽ കോടതിമുറിയിലും ഗവൺമെൻറ് പ്രൊസീജറുകളിലും മാത്രം ഒതുങ്ങി നിൽക്കുമായിരുന്ന ഒരു ഭാഷയ്ക്ക് ഒരു സാമൂഹികത കൽപ്പിച്ചു കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിലൂടെ ഒരു വ്യക്തിക്ക് ഹിന്ദി പഠിക്കൽ ഒരു അനിവാര്യമായ അനാവശ്യമായി തീരുന്നു.
അനാവശ്യതകളെ അനിവാര്യവൽക്കരിക്കൽ ഫാസിസത്തിന്റെ പ്രധാന പത്ത് അടയാളങ്ങളിൽ ഒന്നായി ഉംബർട്ടോ എക്കോ വിശദീകരിക്കുന്നുണ്ട്. അത് പ്രകാരം ഈ സാമൂഹിക വിചാരത്തിന്റെ മറ്റൊരു തലത്തെ കൂടി മനസ്സിലാക്കാൻ നിർബന്ധമായിത്തീരുന്നു. സാംസ്കാരിക പരമായി അവർ രണ്ടുതരം ജനങ്ങളെ സൃഷ്ടിക്കുന്നു. ഹിന്ദി അറിയുന്ന വിഭാഗവും അറിയാത്ത വിഭാഗവും. അവ പുതിയൊരു അധികാര സാംസ്കാരത്തിന് ശില പാകുന്നു. അതിൻറെ അധികാരം(പവർ) എപ്പോഴും ഹിന്ദി ഹൃദയ ഭൂമികൾക്ക് ലഭിക്കുക സ്വാഭാവികതയാണ്. നിലവിലെ ഹിജിമണികൾക്കും അധികാര ശ്രേണികൾക്കും എതിരെയായി (Hierarchy) ലോകം വളരെയധികം മുന്നോട്ടുപോകുമ്പോൾ ഇന്ത്യ മധ്യനൂറ്റാണ്ടുകളുടെ ആശങ്കാജനകമായ സാമൂഹിക ലഹളകളിലേക്ക് ശ്രദ്ധ തിരിയുന്നു. ഹിന്ദിയെ ഒരു ഭാഷയായി കാണുന്നതിനപ്പുറത്ത് അമാനുഷികത വകവെച്ച് നൽകുന്നത് ഇന്ത്യയെ ഒട്ടുക്കും സ്പർശിക്കുന്ന വിപത്തായി മാറാനുള്ള സാധ്യത ഏറെയാണ്. അവയെ തിരിച്ചറിയേണ്ട ബാധ്യത ഓരോരുത്തർക്കും ആണ്. ജോലി പോലുള്ള അത്യന്താപേക്ഷിത കാര്യങ്ങളിലെല്ലാം അവയ്ക്ക് ലഭിക്കുന്ന അതിപ്രസരം സാമൂഹികപരമായും രാഷ്ട്രീയപരമായും വിരുദ്ധ ശ്രേണികളെ സൃഷ്ടിക്കാനേ ഉപകരിക്കൂ.
0 Comments