▮നസീൽ എം പന്തല്ലൂർ
അയോധ്യയിലെ
ഒരു പീടിക തിണ്ണയിൽ
ചമ്രം പടിഞ്ഞിരുന്ന
ഒരു പയ്യൻ വിളിച്ചു കൂവി
"ബാബർ വന്നേ ബാബർ വന്നേ".
ജനങ്ങൾ ഒരുമിച്ച് കൂടി
കൂടിയവർ പിന്നെയും കൂടി
ചില ചത്ത കോഴികൾ ഉയർന്നു പാറി
കുറച്ചു മറഞ്ഞു ജന്മങ്ങൾ
മണ്ണ് മാന്തി പുറത്തുവന്നു.
കുതിരപ്പുറത്താണ് ബാബർ വന്നത്
അയാൾ ഇറങ്ങി, കുറച്ചു നടന്നു
ബാബരിയുടെ മണ്ണിൽ എത്തിയതും
ഒരു നിമിഷം മൗനിയായി, പെട്ടന്ന്
ദേഷ്യത്തോടെ ചോദിച്ചു.
"എന്റെ പള്ളിയെവിടെ?"
തന്റെ വാൾ പുറത്തെടുത്തു.
അതിൽ ഭൂതകാലത്തിലെ ചില
പള്ളികളും അമ്പലങ്ങളും
കുറച്ചു രക്തക്കറകളും പറ്റി പിടിച്ചിരുന്നു.
"ബാബർ രാജാവേ"
അതൊരു കരച്ചിലായിരുന്നു.
ഭൂതവും വർത്തമാനവും
തിരിച്ചറിഞ്ഞ ഒരു വൃദ്ധന്റെ
അന്ത്യരോധനം.
"പറയ്.. എന്റെ പള്ളിയെവിടെ?"
അയാൾ അലറി
അത്... അത്... വൃദ്ധൻ ഒന്നിടറി.
തുടർന്നു "ക്ഷമിക്കണം, ബാബരി
ഞങ്ങളുടെ ഓർമ്മകളിലില്ലാതായി
ഞങ്ങളതിനെ ഒരിക്കൽ കൂടി
'പൊളിച്ചു' പണിതിരുന്നു.
ഒരിക്കലും കിട്ടാത്ത ചുമരുകളെ
ഒരിക്കലും കാണാത്ത ഭൂമിയിൽ.
ബാബർ തരിച്ചു നിൽക്കുകയായിരുന്നു തിരിച്ചുപോയ അദ്ദേഹം
പിന്നീട് മടങ്ങി വന്നതേയില്ല.
ബാബരി തന്റെ വാസം
പാതാളത്തിലാക്കി.
പിന്നീട് കുറച്ചു കാലം കൃത്രിമ-
ദൈവം ലോകം ഭരിച്ചു, അവസാനം
ആ ക്ഷേത്രപള്ളിയെയും ആരൊക്കെയോ
എന്തിനൊക്കെയോ തകർത്തു. പലതവണകളായി
ആ 'മഹത്' ചരിത്രം
പിന്നീടും ആവർത്തിച്ചു കൊണ്ടേയിരുന്നു.

0 Comments