എഴുത്തുകാരെല്ലാം കിഹോത്തെയെപ്പോലെയാണത്രേ. മദ്യശാലയിലും തെരുവിലും തല്ലും തൊഴിയുമേറ്റു നാണം കെടുമ്പോഴും താനൊരു വീരയോദ്ധാവാണെന്ന് അയാൾ വിശ്വസിക്കുന്നു. എല്ലാ പരിഹാസങ്ങൾക്കും അവഗണനകൾക്കും നടുവിലും അയാൾ കാണുന്നത് ഭാവിയുടെ ഒരു പൂങ്കാവനമാണ്, തന്നെ കാത്തിരിക്കുന്ന കിരീടം, തന്നെ കാത്തിരിക്കുന്ന നായിക. ഒരിക്കൽ താൻ അംഗീകരിക്കപ്പെടുന്ന, തന്നെ വീരനായി ലോകം അംഗീകരിക്കുന്ന ആ ദിവസത്തെക്കുറിച്ചുള്ള പ്രതീക്ഷയാണു ഡോൺ കിഹോത്തെയുടെ സാഹസികയാത്രകൾക്ക് ഊർജം പകരുന്നത്. മൗഢ്യങ്ങൾ ജീവിതചര്യയാക്കി, ലജ്ജിതരായി, പരാജിതരായി നിൽക്കുന്ന ഓരോ മനുഷ്യനും ഒരുദിവസം തനിക്കായി സുഗന്ധം പരത്തുന്ന ഭാവിയുടെ പൂങ്കാവനം സ്വപ്നം കാണുന്നു. പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടിയുള്ള ദാഹത്തെപ്പറ്റി പറയുമ്പോൾ ഡോ. ജോൺസൻ കൊണ്ടുവരുന്നതു സെർവാന്റസിന്റെ കഥാപാത്രത്തെയാണ്- ഡോൺ കിഹോത്തെ.
പറയാൻ എന്തിരുന്നാലും അതിനു ശേഷം സമൂഹത്തിൽ നിന്ന് ലഭിക്കുന്ന നല്ല വാക്കുകളാണ് ഓരോ എഴുത്തുകാരന്റെയും ഊർജ്ജം. പറയുന്നത് നിരവധി കഷ്ടതയുടെയും ക്ഷമയുടെയും ഫലമായിരിക്കാം.
സാമുവൽ ജോൺസൻ സൂചിപ്പിക്കുന്നതിനെ കുറിച്ച് മറ്റൊരു രീതിയിൽ ഫ്രഞ്ച് നോവലിസ്റ്റ് മത്തിയാസ് ഇനാ (Mathias Enard) എഴുതുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളായ മത്തിയാസ് ഇനായുടെ Zone എന്ന നോവലിൽ സെർവാന്റസ് ഒന്നിലധികം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. നോവലിലെ നായകൻ ഒരു ഫ്രഞ്ച് ചാരനാണ്. മധ്യപൂർവദേശത്തും ബാൾക്കൻ ദേശത്തും രണ്ടാം ലോകയുദ്ധാനന്തരം നടന്ന എല്ലാ സംഘർഷങ്ങളിലൂടെയും കടന്നുപോയ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ, 15 വർഷം നീണ്ട തന്റെ ചാരപ്രവർത്തനകാലം മിലാനിൽനിന്നു റോമിലേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ ഓർക്കുന്നതാണ് ഈ നോവൽ. അയാളുടെ കയ്യിൽ രഹസ്യരേഖകൾ അഥവാ സംഭ്രമജനകമായ കഥകൾ അടങ്ങിയ ഒരു സ്യൂട്ട്കെയ്സ് ഉണ്ട്. അതിൽ മുൻ നാത്‌സികളുടെ സാക്ഷ്യങ്ങൾ, ബാൾക്കൻ യുദ്ധകാല ക്രൂരതകൾ മുതൽ മധ്യപൂർവദേശത്തെ തടവറകളിൽ കൊടിയ പീഡനങ്ങൾക്കിരകളായ ഇസ്‌ലാമിസ്റ്റുകളുടെ ജീവിതം വരെ ഉണ്ട്.
1990 കളിൽ ബാർസിലോനയിലെ തെരുവിലൂടെ സന്ധ്യയിൽ കാമുകിയുമായി നിശാമദ്യശാല തിരഞ്ഞു നടക്കവേ, അവളോടാണ് നമ്മുടെ നായകൻ സെർവാന്റസിന്റെ കഥ പറയുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ്, ഡോൺ കിഹോത്തെയ്ക്കും മുൻപ്, 1569 ൽ, സെർവാന്റസ് എന്ന യുവപട്ടാളക്കാരൻ ഇതേ തുറമുഖത്തു നിന്നാണ് തുർക്കികൾക്കെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ കപ്പൽ കയറിയത്. കപ്പലേറാനായി വന്ന ആ ദിവസം രാത്രിയിൽ തുറമുഖത്തെ മദ്യശാലയിൽ സെർവന്റസ് ഒരു ബാർസിലോനക്കാരനുമായി പരിചയപ്പെടുന്നു. ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നു. ലഹരിയിൽ സംസാരം തർക്കത്തിലേക്കു നീളുന്നു. തർക്കം ഏറ്റുമുട്ടലിലേക്കും. മദ്യശാലയ്ക്കു പുറത്തേക്കു നീളുന്ന വഴക്കിനിടെ സെർവാന്റസ് വാൾ ഊരുന്നു. എതിരാളിയും വാളെടുക്കുന്നു. രണ്ടു തവണ മാത്രമേ ആ വാളുകൾ കൂട്ടിമുട്ടിയുള്ളു. മൂന്നാമത്തെ ഊഴത്തിൽ സെർവാന്റസിന് ആയുധം നഷ്ടമായി. അയാൾ എതിരാളിയുടെ വാൾമുനയ്ക്കു മുന്നിൽ നിരായുധനായി മുട്ടുകുത്തുന്നു. ബാർസിലോനക്കാരനായ ഒരു കവിയായിരുന്നു അത്. അയാൾ സെർവാന്റസിനെ കൊല്ലാതെ വിടുന്നു. പകരം സെർവാന്റസിന്റെ വസ്ത്രമെല്ലാം ഉരിഞ്ഞെടുത്ത് നഗ്നനാക്കി തെരുവിലിട്ട് പൊതിരെ തല്ലുന്നു. മണിക്കൂറുകൾ കഴിഞ്ഞു സെർവാന്റസ് കണ്ണുതുറക്കുമ്പോൾ അയാൾ വിവസ്ത്രനായി മുറിവേറ്റു തെരുവിൽ കിടക്കുകയാണ്. അപമാനത്താൽ നെഞ്ചു കലങ്ങി അയാൾ ആകാശത്തേക്കു നോക്കുന്നു. ഒടുവിൽ തെരുവിലെ മതിലിൽ ചാരിയിരുന്നു സെർവാന്റസ് ചിരിക്കാൻ തുടങ്ങി. ലോകത്ത് വീരയോദ്ധാക്കളുടെ യുഗം അവസാനിച്ചിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ ചിരിയായിരുന്നു. 2 വർഷത്തിനുശേഷം കടൽയുദ്ധത്തിൽ, ഓട്ടമൻ തുർക്കികളുടെ പീരങ്കിച്ചീള് തറഞ്ഞ് സെർവാന്റസിന്റെ ഇടതു കൈ ചിതറിപ്പോയി. ഒപ്പമുണ്ടായിരുന്ന നൂറുകണക്കിനു പടയാളികൾ കൊല്ലപ്പെട്ടപ്പോഴും ഡോൺ കിഹോത്തെ എഴുതാനുള്ള വലംകയ്യുമായി സെർവന്റസ് ജീവനോടെ ശേഷിച്ചു. വർഷങ്ങൾക്കുശേഷം സൈനികൻ എഴുത്തുകാരനായി മാറിയപ്പോൾ താനനുഭവിച്ച ഒരു അപമാനവും സെർവാന്റസ് വിസ്മൃതിയിലേക്കു വിട്ടില്ല. എഴുത്തുകാരനെപ്പോലെ, ഡോൺ കിഹോത്തെയും മദ്യശാലയിൽ അടിയുണ്ടാക്കി മുണ്ടുപോയി പൊതിരെ തല്ലുവാങ്ങുന്നുണ്ട്.
ഓരോ എഴുത്തും ചില നിമിത്തങ്ങളുടെ ഭാഷയിലായിരിക്കും. അവ നവസങ്കല്പങ്ങൾക്ക് നാന്ദി കുറിക്കുന്നു. ആശയസംവേദനത്തിനും തുടർചിന്താമണ്ഡപത്തിൽ കാലോചിത ഇടപെടലുകൾക്കും ഇവ സഹായിക്കുന്നു. പറയാനുള്ള ഓരോ മുഹൂർത്തങ്ങളും നന്മയുടെ പൂക്കൾ വിടർത്താനായിരിക്കും.

1 Comments
WELL WRITTEN
ReplyDelete