Ticker

6/recent/ticker-posts

സുൽത്താൻ അബ്ദുൽ ഹമീദ്: ഖിലാഫത്തിന്റെ അവസാന ശ്വാസം

Sultan Abdülhamid II

ഉനൈസ് കോക്കാടൻ

    തകർച്ചയുടെ വക്കിലെത്തിയ ഇസ്‌ലാമിക ഖിലാഫത്തിനെ അവസാന നാളുകളിൽ താങ്ങി നിർത്തിയ നായകനാണ് സുൽത്താൻ അബ്ദുൽ ഹമീദ്. നാനാ ഭാഗങ്ങളിൽ നിന്നും പാശ്ചാത്യ ശക്തികൾ തുരുതുരെ ഒളിയമ്പുകളെയ്ത് ഇസ്ലാമിക പാരമ്പര്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്ന കാലത്ത് നെഞ്ചുവിരിച്ച് നിന്ന് ഇസ്ലാമിക പൈതൃകത്തെയും ഖിലാഫത്തിനെയും സംരക്ഷിച്ച അതുല്യ നേതാവ്. തന്റെ അതിയായ ബുദ്ധിശക്തിയും തന്റേടവും കൊണ്ട് ഉസ്മാനീ ഭരണകൂടത്തെ എതിരാളികൾക്ക് മുന്നിൽ ഒരു പേടിസ്വപ്നമായി അവതരിപ്പിച്ച സുൽത്താൻ.

സുൽത്താൻ അബ്ദുൽ അസീസിനെ കൊലപ്പെടുത്തി ശേഷം സുൽത്താൻ മുറാദ് അഞ്ചാമനെ സ്ഥാനത്തിരുത്തിയപ്പോൾ ഉസ്മാനി ഖിലാഫത്തിന് ചരമഗീതം രചിച്ച് ആനന്ദ നൃത്തമാടിയിരുന്ന പാശ്ചാത്യ കുബുദ്ധികൾക്ക് അപ്രതീക്ഷിതമായി ഏറ്റ തിരിച്ചടിയായിരുന്നു സുൽത്താൻ അബ്ദുൽ ഹമീദിന്റെ വരവ്. ഒരു വർഷം കൊണ്ട് തകരുമെന്ന് വിധിയെഴുതിയ ഉസ്മാനി ഖിലാഫത്തിനെ നീണ്ട 33 വർഷങ്ങൾ അദ്ദേഹം മനോഹരമായി ഭരിച്ചു കാണിച്ചു. അദ്ദേഹത്തിൻറെ ഭരണകാലത്ത് ഒട്ടനവധി പുരോഗമനങ്ങൾക്ക് ഉസ്മാനി ഖിലാഫത്ത് സാക്ഷിയായി.

പിതാവിൻറെ മൂത്ത പുത്രൻ അല്ലാത്തത് കാരണത്താൽ തന്നെ ഒരിക്കലും ഖലീഫയാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ ചെറുപ്പകാലങ്ങളിൽ കച്ചവട തൽപരനായിരുന്നു അദ്ദേഹം. കച്ചവട കാര്യങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാടവം എടുത്തുപറയേണ്ടതാണ്. ഖലീഫയാകുന്നതിന് മുമ്പ് തന്റെ കച്ചവടം കൊണ്ടുണ്ടാക്കിയ സമ്പാദ്യങ്ങളാണ് പലനിർണായക ഘട്ടങ്ങളിലും ഖിലാഫത്തിന് വേണ്ടി അദ്ദേഹം ചെലവഴിച്ചത്.

അദ്ദേഹത്തിന്റെ ഭരണപാടവം എതിരാളികൾ വരെ അംഗീകരിച്ചിരുന്നു. അദ്ദേഹത്തിൻറെ ബുദ്ധി സാമർത്ഥ്യത്തിൽ അത്ഭുതപ്പെട്ടുകൊണ്ട് ജർമൻ ചാൻസിലർ ആയിരുന്ന ബിസ്മാർക്ക് പറഞ്ഞു: "യൂറോപ്പിലെ തൊണ്ണൂറ് ശതമാനം ബുദ്ധിയും അബ്ദുൽ ഹമീദിന്റെത് മാത്രമാണ്."

ഭരണഘടനയും പാർലമെന്റും

ഉസ്മാനി ഖിലാഫത്തിൽ ആദ്യമായി ഒരു പാർലമെൻറ് സംവിധാനം സ്ഥാപിച്ചത് സുൽത്താൻ അബ്ദുൽ ഹമീദാണ്. ഭരണത്തിൻറെ ആദ്യകാലങ്ങളിലായിരുന്നു ഇത്. പക്ഷേ അതുകൊണ്ട് നേട്ടങ്ങൾക്കപ്പുറം നഷ്ടങ്ങൾക്കാണ് ഉസ്മാനി ദൗലത് സാക്ഷിയായത്. 1877 റഷ്യയുമായുള്ള യുദ്ധത്തിൽ ഉസ്മാനികൾക്കേറ്റ കനത്ത പരാജയം ഈ സംവിധാനത്തിന്റെ ബാക്കിപത്രമായിരുന്നു . മിദാദ് പാശയെ പോലെയുള്ള ചില പടിഞ്ഞാറൻ തൽപരരായിരുന്നു പാർലമെന്റ് നിയന്ത്രിച്ചിരുന്നത്. യുദ്ധ പരാജയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കിയ അബ്ദുൽ ഹമീദ് ഉടനടി പാർലമെന്റ് പിരിച്ചുവിട്ടു. ഈ തീരുമാനമാണ് ശേഷം 30 വർഷക്കാലം ഉസ്മാനി ഖിലാഫത്തിനെ ഭംഗിയായി നിലനിർത്താൻ അദ്ദേഹത്തെ സഹായിച്ചത്

ഫലസ്തീന് വേണ്ടിയുള്ള പോരാട്ടം

ഫലസ്തീൻ എന്നും മുസ്‌ലിംകളുടെ കീഴിൽ തന്നെയായിരിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു സുൽത്താൻ അബ്ദുൽ ഹമീദ്. അതിനുവേണ്ടി തന്റെ ഭരണകാലമത്രയും അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. "ഉസ്മാനികൾ എന്നെങ്കിലും ഫലസ്തീൻ വിഷയത്തിൽ നിന്ന് പിന്മാറിയാൽ അന്നുമുതൽ ഫലസ്തീനിൽ രക്തച്ചൊരിച്ചിൽ അവസാനിക്കില്ല" എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു.

ജൂതരാഷ്ട്ര പിതാവായ തിയഡോർ ഹെർസലുമായുള്ള അദ്ദേഹത്തിൻറെ കൂടിക്കാഴ്ച പ്രസിദ്ധമാണ്. ഫലസ്തീൻ ജൂതന്മാർക്ക് വിട്ട് നൽകണമെന്ന ആവശ്യവുമായി പലതവണ സുൽത്താനെ കാണാൻ വേണ്ടി ഹെർസൻ ശ്രമിച്ചിരുന്നു. അവസാനം 1901 ലാണ് അദ്ദേഹത്തിന് അവസരം ഒരുങ്ങുന്നത്.

മുസ്‌ലിംകളുടെ ഖലീഫയുടെ മുന്നിലെത്താൻ ലഭിച്ച അവസരം ഹെർസൽ പാഴാക്കിയില്ല. ഉസ്മാനികൾക്ക് വിദേശരാജ്യങ്ങളിൽ വീട്ടാനാവുന്നതിനുമപ്പുറം കടങ്ങൾ ഉണ്ടായിരുന്ന സമയമായിരുന്നു അത്. അതിൽ പല കടങ്ങളും വീട്ടിത്തീർക്കാൻ അബ്ദുൽ ഹമീദ് തന്റെ ഭരണകാലമത്രയും ശ്രമിച്ചിരുന്നു. ഹെർസൽ മുന്നോട്ടുവെച്ച ഓഫറും കടങ്ങൾ സംബന്ധിയായിരുന്നു. ഫലസ്തീനിൽ ജൂതന്മാരെ പ്രവേശിക്കാൻ അനുവദിക്കുകയും ഭരണാവകാശം ജൂതർക്ക് നൽകുകയും ചെയ്താൽ ഉസ്മാനികളുടെ ഭാരിച്ച വിദേശ കടങ്ങൾ മുഴുവൻ ഞങ്ങൾ വീട്ടിത്തരികയും യൂറോപ്യൻ രാജ്യങ്ങളിൽ സുൽത്താന് വേണ്ടി പ്രചാരണങ്ങൾ നടത്തുകയും ചെയ്യാമെന്നായിരുന്നു സിയോണിസ്റ്റുകളുടെ ഓഫർ.

ഇത് കേട്ടയുടെ ക്ഷുഭിതനായ എഴുന്നേറ്റുനിന്ന് സുൽത്താൻ പറഞ്ഞു.

"എൻറെ രാജ്യത്തിൻറെ ഒരിഞ്ചു ഭൂമിപോലും ഞാൻ ആർക്കും വിൽക്കാൻ പോകുന്നില്ല, കാരണം ഈ രാജ്യം എൻറെ മാത്രം അവകാശത്തിലുള്ളതല്ല. എൻറെ സമുദായത്തിന്റത് കൂടിയാണ്. ഈ ഭൂമികൾ ഞങ്ങൾ രക്തം ചൊരിഞ്ഞു നേടിയതാണ്. അതുകൊണ്ട് ഞങ്ങളുടെ രക്തം ചിന്തി മാത്രമേ നിങ്ങൾക്ക് ഇവ പിടിച്ചെടുക്കാൻ ആവൂ."
അദ്ദേഹം ക്ഷുഭിതനായി തുടർന്നു: "എൻറെ കാെക്കിൽ ജീവനുള്ളിടത്തോളം ഫലസ്തീൻ ഇസ്‌ലാമിക ഖിലാഫത്തിൽ നിന്ന് മുറിഞ്ഞു പോകുന്നതിനേക്കാൾ എൻറെ സ്വന്തം ശരീരത്തിലേക്ക് കത്തി കുത്തിക്കയറ്റുന്നതിനെയാണ് ഞാൻ തെരഞ്ഞെടുക്കുക. ജീവിച്ചിരിക്കെ ഞങ്ങളുടെ ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റാൻ ഞാൻ അനുവദിക്കില്ല."

ഖുദ്സ് താൻ ജീവിച്ചിരിക്കുന്ന കാലത്തോളം ജൂതൻമാർക്ക് വിട്ട് കൊടുക്കില്ലെന്ന് ഖലീഫയുടെ ദൃഢനിശ്ചയമായിരുന്നു. ഖുദ്സിനെ സംരക്ഷിക്കാൻ വേണ്ടി പല പദ്ധതികളും സുൽത്താൻ നടപ്പിലാക്കിയിരുന്നു.

ഹിജാസ് റെയിൽവേ
അതിയായ പ്രവാചക പ്രേമിയായിരുന്നു സുൽത്താൻ. അതിൻറെ ഭാഗമായിരുന്നു ഹിജാസ് റെയിൽവേ പദ്ധതി. ഹജ്ജിനും റൗള സിയാറത്തിനും പോകുന്നവർക്ക് സുഖകരമായ യാത്ര ഒരുക്കലായിരുന്നു റെയിൽവേയുടെ പരമലക്ഷ്യം.

ഡമസ്കസിൽ നിന്നും മദീനയിലേക്ക് 40 ദിവസമുണ്ടായിരുന്ന യാത്രകൾ ഈ റയിൽവേ കാരണമായി നാല് ദിവസമായി ചുരുങ്ങി. തന്റെ സ്വന്തം സമ്പാദ്യം തന്നെയായിരുന്നു റയിൽവേയുണ്ടാക്കാൻ അദ്ദേഹം ആദ്യമായി നിക്ഷേപിച്ചത്. പിന്നീട് മറ്റു മുസ്‌ലിം അമീറുമാർ സഹായങ്ങളുമായെത്തി. ഇന്ത്യയിലെ ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളിൽ നിന്ന് രാജാക്കന്മാരും അമീറുമാരും ഈ പദ്ധതിക്ക് പണമയച്ചു കൊടുത്തിരുന്നു.

ഹിജാസ് റെയിൽവേയുടെ നിർമാണപ്രവർത്തനങ്ങൾ മദീനയുടെ ഭാഗത്തെത്തിയപ്പോൾ തൊഴിലാളികളുടെ ചുറ്റികയുടെ അറ്റം ശബ്ദമില്ലാതിരിക്കാൻ ലെതർ കൊണ്ട് പൊതിയാൻ അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റീലിനു പകരം മരത്തടികൾ കൊണ്ട് സ്ലീപറുകൾ നിർമ്മിക്കാൻ സുൽത്താൻ കൽപിച്ചു. അതെന്തിനാണെന്ന് ചോദിച്ചപ്പോൾ എന്റെ റസൂലിന്റെ റൂഹിന് ട്രെയിനിന്റെ ശബ്ദം ഒരു തടസ്സമാകരുതെന്നായിരുന്നു ഖലീഫയുടെ പുഞ്ചിരിച്ചുള്ള മറുപടി.

1908 ൽ ആദ്യത്തെ ട്രൈൻ മദീനയിലെത്തി. പിന്നീട് മദീനയിൽ നിന്ന് മക്കയിലേക്ക് റയിൽവേ വ്യാപിപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ, മക്കയിലെ ശരീഫ് ഹുസൈൻ അത് തടഞ്ഞു. ഒന്നാം ലോക മഹായുദ്ധ ശേഷം ശരീഫ് ഹുസൈന്റെ മകനായ ഫൈസലിനോട് ബ്രിട്ടിഷുകാർ ഈ റയിൽവേ തകർത്തു കളയാൻ ആവശ്യപ്പെട്ടു.

പ്രവാചക നിന്ദക്കെതിരെ

1888 ൽ ഫ്രാൻ‌സിൽ പ്രവാചകനെ പരിഹസിച്ചു കൊണ്ടുള്ള ഒരു നാടകം പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. പടിഞ്ഞാറൻ മാധ്യമങ്ങൾ സ്ഥിരമായി വായിക്കാറുണ്ടായിരുന്ന സുൽത്താൻ ഇതിനെക്കുറിച്ച് അറിഞ്ഞയുടനെ രോഷാകുലനായി. ഫ്രഞ്ച് അംബാസിഡറുമായി ബന്ധപ്പെട്ട് തടയാൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

1890 ൽ ഫ്രാഞ്ചൈസ് തീയേറ്ററിൽ ഇതേ നാടകം വീണ്ടും അരങ്ങേറുമെന്ന് അവർ പ്രഖ്യാപിച്ചു. അബ്ദുൽ ഹാമിദ് അതിനെതിരെ ശക്തിയായി പ്രതികരിച്ചു. ഖലീഫയുടെ എതിർപ്പ് കരണമായുണ്ടായേക്കാവുന്ന അനന്തര ഫലങ്ങൾ ഭയന്ന് അവർ ആ ശ്രമം വീണ്ടും ഉപേക്ഷിച്ചു. ഫ്രഞ്ച് ഗവൺമെന്റ് ആ നാടകം രാജ്യത്താകെ നിരോധിക്കുകയും ചെയ്തു.

പക്ഷെ, നാടകത്തിന്റെ രചയിതാവായ ബ്രോണയർ ലണ്ടനിലെത്തി അവിടുത്തെ ലൈസിയം തിയേറ്ററിൽ ഇതേ നാടകം പ്രദർശിപ്പിക്കാനൊരുങ്ങി. ഇംഗ്ലണ്ട് അതിനെ അനുകൂലിക്കുകയും ചെയ്തു. ഞങ്ങൾ ഫ്രാൻസിനെ പോലെ ഭീരുക്കളല്ല എന്ന് അവർ വീര വാദം മുഴക്കി.

ഇതറിഞ്ഞ ഉടനെ അബ്ദുൽ ഹാമിദ് ലണ്ടനിലേക്ക് കത്തെഴുതി. "ഞങ്ങളുടെ പ്രവാചകനെ നിന്ദിക്കാൻ ഞങ്ങൾ സമ്മതിക്കില്ല, ഞാൻ മുസ്‌ലിം ലോകത്തിന്റെ ഖലീഫയാണ്. എന്റെ ഒരു കല്പന കൊണ്ട് ലോക മുസ്‌ലിംകളെ മുഴുവൻ നിങ്ങൾക്കെതിരെ ഒരുമിച്ച് കൂട്ടാൻ എനിക്കാവും. അങ്ങനെയൊരു ഓർഡർ ഞാൻ നൽകിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ".

അബ്ദുൽ ഹാമിദിന് ഈ പറഞ്ഞതെല്ലാം ചെയ്യാനാവും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ലാതിരുന്ന ബ്രിട്ടൻ ഖലീഫയുടെ രോഷം ഭയന്ന് ഒടുവിൽ പ്രദർശനം നിർത്തി വെച്ചു.

സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നു

1876 മുതൽ 1909 വരെ വളരെ ഭംഗിയായി അദ്ദേഹം ഖിലാഫത്തിന്റെ നയിച്ചു. പക്ഷെ, അവസാന കാലങ്ങളിൽ പടിഞ്ഞാറൻ ശക്തികളാൽ വഞ്ചിതരായ തുർക്കിയുടെ യുവജനത തന്നെ സുൽത്താനെതിരെ പല ആരോപണങ്ങളുമായി മുന്നോട്ട് വന്നു

ഇതിഹാദ് വെ തറഖി ജംഇയ്യത് (കമ്മറ്റി ഓഫ് യൂണിയൻ ആൻഡ് പ്രോഗ്രസ്) എന്ന പുത്തൻ സംഘടന ശക്തി പ്രാപിച്ചു. മുസ്‌ലിംകളുടെ പാരമ്പര്യമായി വരുന്ന ഖിലാഫത്തിനെ അവർ പഴഞ്ചനെന്ന് മുദ്ര കുത്തി. ഖിലാഫത് സിസ്റ്റം ഒഴിവാക്കി യൂറോപ്യൻ രാജ്യങ്ങളെ പോലെ പാർലമെൻറ് സംവിധാനം കൊണ്ട് വരണമെന്ന് അവർ ആവശ്യപ്പെട്ടു

അവർക്കെതിരെ ശക്തമായി നിലകൊണ്ട അബ്ദുൽ ഹമീദിനെതിരെ അവർ പല കുപ്രചരണങ്ങളും വ്യാപിപ്പിച്ചു. അന്നത്തെ മാധ്യമങ്ങൾ വഴി സുൽത്താനെതിരെ അവർ അവരുടെ അജണ്ടകൾ നടപ്പിലാക്കി. വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കൊടുവിൽ 1908ൽ സുൽത്താൻ വീണ്ടും പാർലമെൻറ് സിസ്റ്റം തിരിച്ചു കൊണ്ടുവന്നു.
പാശ്ചാത്യൻ ശക്തികൾക്ക് അകത്ത് നിന്ന് ദൗലതിനെ ഒറ്റു കൊടുത്തു കൊണ്ടിരുന്നവരാണ് അത് നിയന്ത്രിച്ചിരുന്നത്. ഇതേ പാർലമെന്റ് തന്നെ1909 ഏപ്രിൽ 27ന് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു.

ഉസ്മാനി ഖിലാഫത്ത് അതോടുകൂടി അവസാനിച്ചു എന്ന് തന്നെ പറയാം. സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അദ്ദേഹത്തെ അവർ സെലാനിക്കയിലേക്ക് നാടുകടത്തി. 1913 ൽ സെലാനിക്ക ഉസ്മാനികളുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടപ്പോൾ സുൽത്താനെ ഇസ്താംബൂളിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു.

ഖിലാഫത്തിന്റെ അന്ത്യം.

അബ്ദുൽ ഹമീദിന് ശേഷം ഉസ്മാനി ദൗലത്തിൽ തീർത്തും അരക്ഷിതാവസ്ഥയായിരുന്നു. പടിഞ്ഞാറൻ ആക്രമണങ്ങളെ തടുത്തുനിർത്താൻ ശേഷം വന്നവർക്കായില്ല. ഉസ്മാനികൾക്ക് ഓരോന്നോരോന്നായി പലപ്രദേശങ്ങളും നഷ്ടപ്പെട്ടു തുടങ്ങി.

തന്റെ ദൗലത്തിന് തുടർച്ചയായി വരുന്ന പാശ്ചാത്യൻ ആക്രമണങ്ങൾക്ക് സാക്ഷിയായി അദ്ദേഹം പറയുമായിരുന്നു: "ഞാനായിരുന്നു ഖലീഫയെങ്കിൽ യൂറോപ്യൻ ശക്തികളെ പരസ്പരം പോരടിപ്പിച്ചു കൊണ്ടിരിക്കുമായിരുന്നു. അവർ പരസ്പരം പോരടിച്ചാൽ മാത്രമേ മുസ്‌ലിംകൾക്ക് സമാധാനത്തോടെ ജീവിക്കാനാവൂ."

ഇസ്‌ലാമിക ഖിലാഫത്തിനെ സംരക്ഷിക്കാൻ വേണ്ടി സുൽത്താൻ കൈ കൊണ്ട പല നിലപാടുകൾ കാരണമായി അദ്ദേഹത്തിന് അതിരില്ലാത്ത പ്രചരണങ്ങൾക്ക് പാത്രമാകേണ്ടിവന്നിട്ടുണ്ട്. അവ കാരണമായി സുൽത്താൻ പലപ്പോഴായി തെറ്റിദ്ധരിക്കപ്പെട്ടു പോകാറുണ്ട്. ഉസ്മാനി ഖിലാഫത്തിന്റെ അവസാനശ്വാസം സംരക്ഷിക്കാൻ തന്റെ ജീവിതം മാറ്റിവച്ച അല്ലാഹുവിൻറെ വലിയ്യായിരുന്നു സുൽത്താൻ അബ്ദുൽ ഹമീദ്. 1918ൽ തന്റെ എഴുപത്തിരണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം വഫാത്താകുന്നത്.

© Osman's Dream

Post a Comment

2 Comments