Ticker

6/recent/ticker-posts

പ്രിയപ്പെട്ട ഗാന്ധിജീ...

🖎അസ്‌ലം ഉള്ളാട്ട്

പ്രിയപ്പെട്ട ഗാന്ധിജീ...

അങ്ങയെക്കുറിച്ച് എനിക്ക് ഇപ്പോൾ ആണ് ശരിക്കും മനസ്സിലായത്.
ഇതെല്ലാം വിവരിച്ചുകൊണ്ട് ഒരു കത്ത് എഴുതാൻ ഒരുപാട് കാലമായി വിചാരിക്കുന്നു...
പക്ഷേ പിന്നീടൊരിക്കൽ ആവാം എന്ന് കരുതി പലപ്പോഴും മാറ്റിവെച്ചു.
അവസാനം ഈ ജനുവരി 30 ന് എഴുതാൻ തന്നെ തീരുമാനിച്ചു.
ഇന്നാണല്ലോ താങ്കൾ ഗോഡ്സേ ജിയുടെ പറമ്പിൽ നിന്നും തലയിൽ തേങ്ങ വീണു മരിച്ചത്.
എനിക്ക് ഇതു മനസ്സിലായത് അമിത് ഷാ ജി പറഞ്ഞപ്പോഴാണ്.....
1947 ഓഗസ്റ്റ് 16 നിങ്ങൾ സുന്നത്ത് നോമ്പ് എടുത്തിരുന്നു അല്ലേ.
ഞാൻ കരുതി അത് വല്ല നിരാഹാരവും ആയിരിക്കുമെന്ന്.
താങ്കൾ പോയതിൽ പിന്നെ ഇവിടെ ഇടയ്ക്കിടയ്ക്ക് ശക്തമായ കാറ്റു വീശാറുണ്ട്.
ആ കാറ്റുവീശുമ്പോൾ കട്ടിയേറിയ കോടമഞ്ഞും ഇറങ്ങും, ഒന്നും കാണാൻ കഴിയാത്ത വിധം.
ആ കാറ്റുകൊണ്ട് എന്തോരം നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്ന് അറിയുമോ....
ബാബരി എന്ന് പറയുന്ന പള്ളി ഓർമ്മയില്ലേ അത് ആ കാറ്റിൽ പൊളിഞ്ഞു പോയി.
ആ കോടമഞ്ഞിൽ കണ്ണുകാണാതെ ഒരുപാട് ദളിത് വിദ്യാർഥികളുടെ കഴുത്തിൽ മുണ്ടും മറ്റും കുടുങ്ങി മരിച്ചു....
ആ കാറ്റു വരുന്നത് കാവി നിറത്തിലുള്ള ഒരു കാറ്റാടി പാടത്ത് നിന്നാണ്.
പേടിക്കുയൊന്നും വേണ്ട, ആ കാറ്റാടി ഫാക്ടറി നിർമ്മിച്ചത് നാട്ടുകാർ തന്നെയാണ്....
ഫാക്ടറിക്കാർ 500 രൂപ ഓഫർ ചെയ്തു ഇവിടുത്തെ കർഷകരെ മുഴുവൻ കയ്യിൽ എടുത്തിരുന്നു....
അവരൊക്കെ അങ്ങയുടെ അടുത്തേക്ക് വന്നിട്ടുണ്ട് എന്നാണ് കേട്ടത്....
ഏതായാലും പ്രിയപ്പെട്ട ബാബുജിയോട് എനിക്കൊന്നേ പറയാനുള്ളൂ....
ഞാനീ പറഞ്ഞ കാറ്റ് കാണാൻ ഒന്നും ഇങ്ങോട്ട് വരണ്ട.
ഇവിടെ അതിനുള്ള 'തെളിവു'കൾ ഒന്നുമില്ല...
പിന്നെ അസമയത്ത് ഭൂമിയിലേക്ക് ആരുമറിയിക്കാതെ കയറിവന്നാൽ ഇവിടെ കാണാൻ ആഗ്രഹിക്കാത്തത് പലതും കണ്ടു പോകും. അതുകൊണ്ട് ഈ കത്തിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഒരിക്കലും ഭൂമിയിലേക്കു മടങ്ങി വരരുത് എന്നു മാത്രമാണ്.
ഒരുമുഴം കയറും മനസ്സ് നിറയെ ധീരതയും ആയി വന്ന ഒരുപാട് മാധ്യമപ്രവർത്തകരും ദളിത് വിദ്യാർഥികളുമില്ലേ, അവിടെ അവരുടെ കൂടെ ഹാപ്പിയായി ഇരുന്നോളൂ....
അവസാനമായി ഒരു കാര്യം കൂടി:
അംബേദ്കർ സാറിനെ കാണുകയാണെങ്കിൽ ഒന്നു പറയണം സാറിന്റെ
ഒരു ഡയറി ഇവിടെ ഉണ്ടായിരുന്നില്ലെ .
അതും പ്രസ്തുത കാറ്റിൽ പറന്നു പോയിട്ടുണ്ട്...
ഏത് ഡയറി എന്ന് അറിയുമോ..
ഡയറിയുടെ പേര്......ഭരണഘടന എന്നല്ലേ...
അതിനും 'തെളിവ്' ഒന്നും ഇല്ല കേട്ടോ....
ഏതായാലും. ഞാൻ നിർത്തുന്നു.
എനിക്ക് ചെറിയൊരു തിരക്കുണ്ട് ....
മറ്റൊന്നുമല്ല ഒന്ന് ടിവി നോക്കണം.
രാത്രിയല്ലേ ഏതുനിമിഷവും നോട്ടുകൾ ഒക്കെ നിരോധിക്കപ്പെടാം, അതുകൊണ്ടാ...
.... എന്ന് .
ഒരു പാവം ഇന്ത്യക്കാരൻ

Post a Comment

0 Comments