Ticker

6/recent/ticker-posts

കാലാതീതനായ പ്രവാചകൻ

Meeladunnabi malayalam feature
ബാസിത് മഹ്മൂദ്

പ്രവാചക ജീവിതം അനർഘമാണ്, അമൂല്യമാണ്, അനിർവചനീയമാണ്.  അതിന്റെ തെളിമ ചോരാതെ മാലോകർക്ക് പകരുകയെന്നത് ഓരോ പ്രവാചകസ്നേഹിയുടെയും കടമയാണ്, കർത്തവ്യമാണ്. അത്ഭുതങ്ങൾ നിറഞ്ഞ പ്രവാചകത്തിരുപ്പിറവി മുതൽ ഇന്നും ആ ജീവസ്സ് മനുഷ്യ മനസ്സുകളിൽ നിലകൊള്ളുന്നു. നിലക്കാത്ത സത്യത്തിന്റെ, സമാധാനത്തിന്റെ സഹോദര്യത്തിന്റെ പ്രവാഹമായി അത് ജനഹൃദയങ്ങളെ പുകൾ കൊള്ളിക്കുന്നു.

ഇരുൾ മുറ്റിയ മണൽ പരപ്പിന് തെളിമയേകിയ അസാധാരണ ചരിത്രത്തിന്റെ പേരാണ് സീറ. തിരുജീവിതം ആഘോഷിച്ച സീറകൾ  അനേകായിരങ്ങളായി ഇന്നും ലൈബ്രറികൾക്ക് ചാരുതിയേകുന്നു. തീർത്താൽ തീരാത്ത സത്യത്തിന്റെ കഥകളാണ് ഓരോന്നിന്റെയും ഇതിവൃത്തം. ഇന്നും ആയിരക്കണക്കിന് കടലാസുകഷ്ണങ്ങൾ ആ പ്രഭയിൽ വെട്ടിത്തിളങ്ങുന്നു.

നബി ജീവിതത്തിലെ ഓരോ അധ്യായങ്ങളും മനുഷ്യകുലത്തിന് അമൂല്യ പാഠങ്ങളാണ്. മിസ്കീനായി ജീവിച്ച് മിസ്കീനായി മരിക്കാൻ പ്രാർഥിച്ച ആ ഹൃദയത്തെ അർഥവും ആഭിജാത്യവും തേടിയെത്താത്തതല്ല, അർഥവിരക്തിയിലും ആത്മീയതയിലും ഒളിഞ്ഞു കിടക്കുന്നതാണ് പരലോകവിജയമെന്ന സന്ദേശമായിരുന്നു തിരു ജീവിതം നമ്മെ പഠിപ്പിച്ചത്.

അവിടുന്ന് പ്രവഹിച്ച മൊഴിമുത്തുകളാണ് ഇന്ന് മുസ്‌ലിമിന്റെ ഗതി നിർണയിക്കുന്ന ഹദീസുകൾ. സത് വൃത്തികളും മൂല്യങ്ങളുമാണ് ഒരു ജീവിതത്തെ പ്രകാശിതമാക്കുന്നതെങ്കിൽ തിരു ജീവിതം പ്രഭാപൂരിതമായിരുന്നു. അതിന്റെ ബഹിർസ്ഫുരണങ്ങളാണ് മൊഴിമുത്തുകളായി സമൂഹത്തിന് വഴികാട്ടിക്കൊണ്ടിരിക്കുന്നത്. സുന്നത്ത് (തിരുചര്യ) ഇതിന്റെ മറ്റൊരു വശമാണ്. പ്രവാചക ചര്യകൾ ഫിത്‌നഫാസാദിന്റെ കാലത്ത് അനുവർത്തിക്കുന്നവന് നൂറു ശഹീദിന്റെ പ്രതിഫലമാർജ്ജിക്കുമെന്ന ഹദീസ് വചനം എന്തുകൊണ്ടും കാലികപ്രസക്തമാണെന്ന് കരുതുന്നു.

പ്രവാചകൻ മാലോകർക്ക് വഴികാട്ടിയാണെന്ന് ഖുർആനിക സൂക്തങ്ങൾ അനവധി വ്യക്തമാക്കിയതാണ്. സ്വഹാബത്ത് റസൂലിന്റെ വെളിച്ചം ശ്വാസിച്ച് ലോക ദിക്കുകളിൽ തമസ്സകറ്റിയത് ചരിത്ര സാക്ഷ്യമാണ്. റസൂൽ സ്വാഹാബത്തിന്റെ വികാരമായിരുന്നു. അന്ധകാരമൂഢതയിൽ നിന്ന് വഴി നടത്തിയവരെ എങ്ങനെ ആദരിക്കണമോ അവരങ്ങനെ പ്രവാചകനെ ആദരിച്ചു.

ജിബ്‌രീൽ റസൂലിന്റെ സാഹചാരിയായപ്പോൾ ദൈവിക വചനങ്ങളാൽ തീർത്ത ദാർശനികവസന്തം സമൂഹത്തെ പരിഗ്രഹിച്ചു. ആ വസന്തമാണ് ഇന്നും പന്തലിച്ചു നിൽക്കുന്ന ഇസ്‌ലാം എന്ന സർവ്വസമ്മത സമാധാന മതം. ഈ സത്യസംഹിത ലോകത്തിന് സമ്മാനിച്ച ആദർശങ്ങളാണ്
 സത് സ്വഭാവങ്ങളായും സത്യാദർശങ്ങളായും ലോകമേറ്റെടുത്ത്.
പ്രവാചകസ്വഭാവം ശമാഇൽ ലോകത്തെ സ്വാധീനിച്ച വിധം പറഞ്ഞറിയിക്കേണ്ട ഒന്നല്ല. ശമീലത്തുറസൂൽ എണ്ണമിട്ടു ഗ്രന്ഥങ്ങളിൽ ചേർത്ത ചരിത്ര ശമാഇലുത്തിർമിദിയും മറ്റനവധി കിതാബുകളും നമുക്ക് പറഞ്ഞു തരുന്നു. റസൂലിന്റെ തുടക്കം മുതൽ ഒടുക്കം വരെ അക്ഷരം വിടാതെ സ്വഹാബത്ത് പറഞ്ഞു തന്നുവെങ്കിൽ അത് വരച്ചു തീർക്കുന്ന സ്നേഹത്തിന്റെ ആദരവിന്റെ ആത്മാർഥതയുടെ ആത്മീയതയുടെ ചിത്രം സുവ്യക്തമാണ്.

ഫിത്നകൾക്ക് കാലമില്ല, എല്ലാ കാലത്തും അത് മനുഷ്യരിൽ ഇട കലർന്നിട്ടുണ്ട്. അതിനുള്ള പരിഹാരമാണ് തിരുജീവിതമോതിയ അധ്യാപനങ്ങൾ. മുസ്‌ലിം മനസ്സിൽ പ്രവാചകനും തിരുചര്യകളും അനശ്വരമാണ്. അതിന്റെ പ്രതിഫലനമാണ് തിരുപ്പിറവി (മൗലിദ്) ആഘോഷവും.

മൗലിദാഘോഷത്തിന്റെ തർക്കവിതർക്കങ്ങളവഗണിച്ച് മനസ്സിൽ കൊണ്ടാടുന്നവരാണ് പ്രവാചകനുരാഗികൾ.  റബീഇന്റെ വസന്തത്തിൽ മൊട്ടിടുന്ന, വിടരുന്ന പുഷ്പങ്ങളുടെ സ്നേഹമെങ്കിലും നാം കാണിക്കേണ്ടതില്ലേ?..
വിഘടനവാദികൾക്കുള്ള മറുപടി ഈ ചോദ്യത്തിൽ തന്നെ അടങ്ങിയിട്ടുണ്ട്. അതെ, അമാനുഷികതയുടെ വെളിച്ചം നിറഞ്ഞ തിരുപ്പിറവി നമുക്കാഘോഷിക്കാം...
മദീനയെ അനശ്വരമാക്കിയ തിരുദൂതരെ നമുക്ക് സ്നേഹിക്കാം...
മനസ്സ് കൊണ്ട്... മനസ്സകം കൊണ്ട്... മദ്ഹ് പാടി... മൗലിദ് പാടി...

Post a Comment

0 Comments