Ticker

6/recent/ticker-posts

കേരള വിദ്യാഭ്യാസത്തിന് സി.എച്ച് സമർപ്പിച്ചത്

 

🖎നസീൽ എം പന്തല്ലൂർ

ദാരിദ്ര്യവും പാപ്പരത്തവും കാരണം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദൈവത്തിൻ്റെ നാട്ടിൽ വിദ്യാഭ്യാസം വഴി മുട്ടി നിന്ന അവസരത്തിൽ  അതിൻ്റ പുരോഗമനാത്മകമായ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയും  വൈജ്ഞാനികമായും രാഷ്ട്രീയമായും സാംസ്കാരികമായും കേരളത്തിൻ്റെ പ്രതിച്ഛായ തന്നെ മാറ്റിയെടുക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത  വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു രാഷ്ട്രീയക്കാരനും എഴുത്തുകാരനുമായിരുന്ന ചേരിയൻ കണ്ടി മുഹമ്മദ് കോയ എന്ന സി.എച്ച് മുഹമ്മദ് കോയ.

നിരക്ഷരതയുടെ ഇരുളിൽ മൃതിയടഞ്ഞ  കേരളത്തിലെ സമൂഹങ്ങളെ ജാതിമതഭേദമന്യേ  അറിവിൻ്റെ നിറ വെളിച്ചത്തിലേക്ക് വഴിതെളിയിച്ച കേരള നവോത്ഥാന നായകരിലെ പ്രോജ്ജ്വലിക്കുന്ന വ്യക്തിത്വമായിരുന്ന സി എച്ചിൻ്റെ വിശ്വരൂപം കാലിക്കറ്റ് സർവകലാശാല അടക്കമുള്ള കേരളത്തിലെ കലാലയങ്ങൾ കയറിയിറങ്ങിയ  ഓരോരുത്തരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട് എന്നത് അനിഷേധ്യമാണ് 

പട്ടിണിയുടെയും വറുതിയുടെയും നടുക്കളത്തിലേക്ക് 1927 ജൂലൈ 15ന് ഭൂജാതനായത് മുതൽ ദാരിദ്ര്യം നിറഞ്ഞ ക്ലേശകരമായ ജീവിതമായിരുന്നു സി.എച്ചിൻ്റേതും. അന്നത്തെ സാമൂഹിക വ്യവസ്ഥയിൽ ഒരു പതിവായി മാറിയിരുന്ന പാവപ്പെട്ടവരോടുള്ള പരിഹാസവും അവഗണനയും , ശീലക്കുട ചൂടി പോയവർക്കൊപ്പം  അന്ന് ഓലക്കുട ചൂടി പോയിരുന്ന സി.എച്ച് മതിവരുവോളം ഏറ്റുവാങ്ങിയിട്ടുണ്ട് 

അഞ്ചാം വയസ്സിൽ തൻ്റെ ജന്മ പ്രദേശമായ അത്തോളിയിലെ മദ്രസയിൽ നിന്ന് മത പഠനത്തിനും തൊട്ടടുത്ത വർഷം ആറാം വയസ്സിൽ അത്തോളി എൽ.പി സ്കൂളിൽ നിന്ന് ഭൗതികവിദ്യാഭ്യാസത്തിനും നാന്ദികുറിച്ച സി.എച്ച്, പിന്നീട് വേളൂർ ഹയർ സെക്കൻഡറി സ്കൂൾ, കൊയിലാണ്ടി ഹൈസ്കൂൾ, കോഴിക്കോട് സാമൂതിരി കോളേജ്, എന്നിവിടങ്ങളിലായി  അക്ഷരങ്ങൾ തേടി ഒരു ദീർഘ ദൂരയാത്ര തന്നെ നടത്തി. സ്കൂൾ ചുമരുകൾക്കിടയിൽ അറബി ഭാഷയും അറബി ഭാഷാ പഠനവും നിഷേധിക്കപ്പെട്ട കാലത്ത് പള്ളിയിൽ പോയി അറബി വ്യാകരണഗ്രന്ഥങ്ങളായ മീസാൻ, അജ്നാസ്, സൻജാൻ എന്നിവ
പഠിക്കാൻ സി. എച്ചിന് ഭാഗ്യം ലഭിച്ചിരുന്നു.  അന്നുമുതലേ അറബി ഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശം സി.എച്ചിൻ്റെ മനസ്സിൽ കെടാതെ നിന്നിരുന്നു. അന്ന് അനുഭവിച്ച ക്ലേശങ്ങളായിരിക്കണം  അധികാരം കയ്യിൽ കിട്ടിയപ്പോൾ അറബി ഭാഷ വിപുലീകരണത്തിന്  സി.എച്ചിനെ പ്രേരിപ്പിച്ചത്.

കോഴിക്കോട് സാമൂതിരി കോളേജിൽ പഠിക്കുന്ന കാലത്ത് നടന്ന മദിരാശി നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിനായി  മുസ്ലിം ലീഗിൻ്റെ കൊടി പിടിച്ചിറങ്ങിറങ്ങിയ സി.എച്ച് എന്ന മഹാ മനീഷി അധികാരമെന്നാൽ ഒരു സമൂഹത്തെ സമുദ്ധരിക്കാനുള്ള ബാധ്യതയാണ് എന്ന ഉത്തമ ബോധ്യം തൻ്റെ മനസാന്തരങ്ങളിൽ അക്കാലത്ത് തന്നെ കൊത്തി വെച്ചിരുന്നു. 1957, 1960, 1967, 1970 , 1977, 1980, 1982 എന്നീ വർഷങ്ങളിൽ നിയമസഭയിലേക്കും 1962, 1972 എന്നീ വർഷങ്ങളിൽ പാർലമെൻ്റിലേക്കും    തിരഞ്ഞെടുക്കപ്പെട്ടപ്പോഴും സി.എച്ച് തൻ്റെ  പ്രതിജ്ഞ  അശ്ശേഷം കൈവെടിഞ്ഞില്ല. 1967 മുതൽ 1973 വരെ ഇ.എം.എസ്,  അച്യുത മേനോൻ എന്നിവരുടെ മന്ത്രിസഭയിലും 1977 മുതൽ 1969 വരെ കെ കരുണാകരൻ മന്ത്രിസഭയിലും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് 1979 മുഖ്യമന്ത്രി കസേരയിലിരുന്നപ്പോഴും വിദ്യാഭ്യാസ വകുപ്പ് വേറെ ആർക്കും മാറ്റിവെക്കാതിരുന്നതും  ഇതേ പ്രതിജ്ഞ കൊണ്ട് തന്നെയായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ ജനപ്രതിനിധികൾക്കും  മന്ത്രിമാർക്കും ഇല്ലാതെ പോയതും ഈ പ്രതിജ്ഞയെടുക്കാനുള്ള മനക്കരുത്തു തന്നെയാണ്.

എല്ലാ സംജ്ഞയുടെയും  പ്രാരംഭം വീട്ടിൽ നിന്നാണെന്ന് വിശ്വസിച്ചിരുന്ന സി.എച്ച് പിന്നോക്ക വിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും   
അറിവിൻ്റെ വെളിച്ചവും തിരിച്ചറിവിൻ്റെ ഊർജവും നൽകാൻ സ്വന്തം ആഗ്രഹങ്ങൾ അവഗണിച്ചപ്പോഴും തൻ്റെ വീട്ടുകാര്യങ്ങളിലും   അവരുടെ വിദ്യാഭ്യാസത്തിലും ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറായിരുന്നില്ല. അദ്ദേഹത്തിൻ്റെ ആ പിടിവാശിയാണ് നിരക്ഷരയായ അദ്ദേഹത്തിൻ്റെ ഭാര്യ ആമിനയെ ഹിന്ദു പത്രത്തിൻ്റെ നിത്യ വായനക്കാരിയാക്കി മാറ്റിയതും.
കമ്മ്യൂണിസവും ഹിസ്റ്ററിയും പൊളിറ്റിക്കൽ സയൻസും ഞാൻ പിതാവിൽനിന്ന് തന്നെ  പഠിച്ചിട്ടുണ്ടെന്ന് സി.എച്ചിൻ്റെ മകനായ  ഡോ. എം കെ മുനീർ  ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

1984 മാർച്ച് 26ന് തലശ്ശേരിയിൽ നിന്ന് പ്രാരംഭം കുറിക്കുകയും 1939-ൽ ഒരു ദിനപത്രമായി പരിണമിക്കുകയും ചെയ്ത ചന്ദ്രികയുടെ സബ് എഡിറ്ററായി 1946-ൽ സി.എച്ച് എത്തിയതോടെ സി.എച്ചിൻ്റെ ജീവിതം  പുതുവഴികൾ തേടി മാറി സഞ്ചരിക്കാൻ തുടങ്ങി. നാക്കിന് എന്നപോലെ വാക്കിനും നല്ല മൂർച്ചയുണ്ടായിരുന്ന സി.എച്ച് 1949-ൽ അതിൻ്റെ പത്രാധിപൻ ആകുകയും തൊട്ടടുത്തവർഷം 1950-ൽ സി.എച്ചിൻ്റെ തന്നെ നേതൃത്വത്തിൽ ചന്ദ്രിക ആഴ്ചപ്പതിപ്പ് കൂടി ആരംഭിക്കുകയും ചെയ്തതോടെ ചന്ദ്രിക കൂടുതൽ ജനകീയമാകാൻ തുടങ്ങി. 


ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസത്തിന് അയോഗ്യരാണെന്ന നാട്ടു പല്ലവിക്ക് മാറ്റം വരുത്തിയ സി.എച്ച്,  മുസ്‌ലിം സമൂഹത്തിൻ്റെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണം മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ പരിതസ്ഥിതിയാണെന്നതിൽ സദാ ഖേദിച്ചിരുന്നു. ജീവിതവീഥിയിലെ ഉച്ഛ്വസനിശ്വാസങ്ങൾ മുഴുവനും  വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി ചിലവഴിച്ച സി.എച്ച് തന്നെയാണ്, വിദ്യാഭ്യാസ മേഖലയിൽ അധസ്ഥിത വിഭാഗം തഴയപ്പെടുന്നുണ്ട് എന്നു മനസ്സിലാക്കിയപ്പോൾ മുസ്ലിം പെൺകുട്ടികൾക്ക്,  സ്കോളർഷിപ്പ് എന്ന മുദ്രാവാക്യം ആദ്യമായി  ഉയർത്തിയത്.  വിദ്യാഭ്യാസ നവോത്ഥാനം എന്ന വെറും വാദങ്ങൾക്ക്  പകരം തദനുസൃതമായ നിർമാണാത്മക ചുവടുവെപ്പുകളാണ് സി.എച്ച് നടത്തിയത്.  കേരള വിദ്യാഭ്യാസത്തിൻ്റെ ഉന്നമനത്തിനുവേണ്ടി ഇത്രയേറെ വാദിക്കുകയും ചിന്തിക്കുകയും എഴുതുകയും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വിരളമായ നേതാക്കളിലൊരാളായ  സി.എച്ചിൻ്റെ ലക്ഷ്യം മത വിദ്യാഭ്യാസത്തിനും  ഭൗതിക വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന സമൂഹം ഉയർന്നു വരണം എന്നുള്ളതായിരുന്നു. 

വീര്യം ചോരാത്ത ഊർജ്ജസ്വലതയും ചടുലമായ കർമ്മ നൈരന്തര്യവും ആത്മാർത്ഥമായ സമർപ്പണ ബോധവും സമ്മേളിച്ച സി.എച്ച്  തൻ്റെ തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും വിദ്യാഭ്യാസത്തിനു വേണ്ടി താൻ കണ്ട സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ തുടങ്ങി.  ഫാറൂഖ് കോളേജ്, മമ്പാട് കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, തിരൂരങ്ങാടി പോക്കർ സാഹിബ് കോളേജ്,  കൊല്ലം തങ്ങൾകുഞ്ഞ് മുസ്‌ലിയാർ കോളേജ്, കായംകുളം മീലാദ് ശരീഫ് കോളേജ്, കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ്, മുക്കം മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ കോളേജ്, തിരുവനന്തപുരം പെരിങ്ങമംലം കോളേജ് തുടങ്ങി പല സ്ഥാപനങ്ങൾക്കും വലിയ സംഭാവനകൾ  ചെയ്ത സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് സ്കൂളുകൾ പുതുതായി അനുവദിക്കുമ്പോൾ ശരിയായ മാനദണ്ഡം വെച്ച് എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം  ഉറപ്പുവരുത്താൻ തുടങ്ങിയതും. 
. പാവപ്പെട്ടവർക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും നൽകാൻ അദ്ദേഹം പരിപാടികൾ നടപ്പിലാക്കിത്തുടങ്ങി. ഹയർസെക്കൻഡറി തലം വരെ എത്തിയ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം  നടപ്പിലാക്കിയ സി.എച്ച് മുഖ്യമന്ത്രിയായ ശേഷം ഗിരിവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി വിതരണത്തിനു സംവിധാനം ഉണ്ടാക്കിയത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ പരിഷ്കരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന           സി.എച്ച് 1982- ൽ കോഴിക്കോട് മുൻസിപ്പൽ ഓഫീസറായ കാലത്തുതന്നെ മെഡിക്കൽ കോളേജുകളും ലോ കോളേജുകളും ട്രെയിനിങ് കോളേജുകളും കോഴിക്കോട് നഗരത്തിൽ തുടങ്ങാൻ 
 ശബ്ദിക്കുകയും കൂടുതൽ ഹൈസ്കൂളുകളും കോളേജുകളും നഗരത്തിൽ തുടങ്ങാൻ പ്രയത്നിക്കുകയും ചെയ്തിരുന്നു. കാര്യങ്ങൾ പഠിക്കാനും അവതരിപ്പിക്കാനുമുള്ള സി.എച്ചിൻ്റെ അവഗാഹം ഇവയെല്ലാം നേടിയെടുക്കുന്നതിൽ സഹായകമായി. തിരൂർ സീതിസാഹിബ് പോളി അടക്കം നിരവധി സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ പ്രയത്നിച്ച സി.എച്ച് പോസ്റ്റ് എസ്.എസ്.എൽ.സി ഇനത്തിലും സാങ്കേതിക പഠനം പുഷ്‌കലമാക്കാൻ കോഴ്സുകൾ ആരംഭിച്ചു. ഡിഗ്രി, ഡിപ്ലോമ,  പോസ്റ്റ് ഗ്യാരേജ് കോഴ്സുകൾ എന്നിവക്ക്  വിശാലമായ പരിപാടികൾ സി.എച്ചിൻ്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുകയും ചെയ്തു.  അറബി കോളേജ് അടക്കമുള്ള പ്രൈവറ്റ് കോളേജുകളിൽ ശമ്പളം നൽകാൻ സംവിധാനമുണ്ടാക്കിയ സി.എച്ച് കോളേജ് നടത്തുന്ന സമുദായങ്ങൾക്ക് സീറ്റ് സംവരണം ചെയ്യാനുള്ള സംവിധാനവും കൂടി ഉണ്ടാക്കിക്കൊടുത്തതോടൊപ്പം കോളേജ് നടത്തുന്നത് പിന്നോക്ക ന്യൂനപക്ഷം ആണെങ്കിൽ അവർക്ക് സ്ഥാപനത്തിൽ 40 ശതമാനം സീറ്റ് സംവരണത്തിനും ഏർപ്പാട് ഉണ്ടാക്കി. അധികാരത്തിൽ വന്ന ഉടനെ 2000 താൽക്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തുകയും പിന്നീട് രണ്ടു വർഷം പൂർത്തിയാക്കിയ മുഴുവൻ അധ്യാപകർക്കും ജോലി സ്ഥിരമായി നൽകുകയും ചെയ്ത സി.എച്ച് ആണ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളിൽ ഭദ്രത കൈവരുത്തി യത്. കഴിവുറ്റവരെ ഉന്നതസ്ഥാനങ്ങളിൽ  നിയമിക്കാൻ  അവരുടെ രാഷ്ട്രീയമോ മതമോ സാഹചര്യമോ സി. എച്ച് ഒരിക്കലും നോക്കിയിരുന്നില്ല. 
വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള സി.എച്ചിൻ്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റാനും  ജനസ്വീകാര്യത നേടിയെടുക്കാനും കഴിഞ്ഞതുകൊണ്ടുതന്നെയാണ് കേരള രാഷ്ട്രീയത്തിൽ അനിശ്ചിതകാല സർക്കാരുകൾ മാറി മറിഞ്ഞപ്പോഴും വിദ്യാഭ്യാസവകുപ്പ്  സി.എച്ചിൻ്റെ കൈകളിൽ സുരക്ഷിതമായത്. കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാനത്തിനായി ബജറ്റിലെ വലിയ വിഹിതം തന്നെ സി.എച്ച് പിടിച്ചു വാങ്ങുകയും പുതിയ സ്കൂൾ കെട്ടിടങ്ങൾ ആരംഭിക്കുന്നതിനു പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കി തുടങ്ങുകയും ചെയ്തിരുന്നു.

സി.എച്ചിൻ്റെ വിദ്യാഭ്യാസ സംഭാവനകളുടെ തങ്കലിപികളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത സ്വപ്ന സാഫല്യങ്ങളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയും അറബി ഭാഷയും. തന്നെ എതിർത്തവർക്കും പരിഹസിച്ചവർക്കുമുള്ള പട്ടിൽ പൊതിഞ്ഞ മറുപടിയെന്നോണം സി.എച്ച് വളർത്തിക്കൊണ്ടുവന്ന, നിലവിൽ  ഇന്ത്യയിലെ  പ്രശസ്ത യൂണിവേഴ്‌സിറ്റികളിൽ ഒന്നായ കാലിക്കറ്റ് യൂണിവേഴ്സിറ്റിയും  അറബി ഭാഷാ പഠനവും സി.എച്ചിൻ്റെ സ്മാരകങ്ങളായി ഇന്നും ജനമനസ്സുകളിൽ നിലകൊള്ളുന്നുണ്ട്.

ലോകത്തിലെ വളർന്നുകൊണ്ടിരിക്കുന്ന,  അന്താരാഷ്ട്ര ഔദ്യോഗിക ഭാഷകളിൽ ഒന്നായ അറബി ഭാഷക്ക് സി.എച്ചിൻ്റെ കാലം വരെ കേരളത്തിൽ അവഗണന നേരിടേണ്ടിവന്നു. സി.എച്ച് അധികാരത്തിലെത്തിയ ശേഷം അറബി അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ മറ്റ് അധ്യാപകർക്ക് തുല്യമാക്കി അവരുടെ അന്തസ്സ് വർദ്ധിപ്പിച്ചു.  അധികാരമേൽക്കുമ്പോൾ രണ്ടായിരത്തോളമുണ്ടായിരുന്ന അറബി മുൻഷിമാരുടെ എണ്ണം  ചുരുങ്ങിയ കാലം കൊണ്ട്  12000 ആക്കി ഉയർത്താൻ സി.എച്ചിന് കഴിഞ്ഞു. ഇത് അടിസ്ഥാനപ്പെടുത്തിയാണ് എല്ലാ സ്കൂളുകളിലും അറബി മുൻഷിമാരെയും മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർമാരെയും നിയമിക്കാൻ സി.എച്ച് തീരുമാനിച്ചത്. നാമമാത്രമായ വേതനം പറ്റി കഴിഞ്ഞിരുന്ന അറബിക് കോളേജ് അധ്യാപകർക്ക്  മറ്റു കോളേജ് അധ്യാപകർക്ക്  ലഭിക്കുന്ന തുല്യമായ സ്ഥാനവും വേതനവും നൽകി നീതിനിഷ്ഠ നടപ്പിലാക്കിയതും അറബിക് കോളേജുകളെ യൂണിവേഴ്സിറ്റികളോട് അഫിലിയേറ്റ് ചെയ്തതും അറബി ഭാഷാ പഠനത്തിനും അധ്യാപനത്തിലും കൂടുതൽ ആളുകളെ പ്രേരിപ്പിക്കുകയും ആകർഷിക്കുകയും ചെയ്തു എന്നത്  യാഥാർത്ഥ്യമാണ്.


1980- ൽ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള  അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അറബി ഭാഷ വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചപ്പോൾ അറബി അധ്യാപകർ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യാനെത്തിയ സി.എച്ച് അവരോട് പറഞ്ഞത് സമരം നിർത്തിവെച്ച് അധ്യാപനത്തിൽ ഏർപ്പെടാനും സമരം മുസ്ലിം ലീഗ് ഏറ്റെടുക്കുമെന്നുമുള്ള പ്രഖ്യാപനവുമായിരുന്നു. 1980 ജൂലൈ 30 റമളാൻ 17-ന് വ്രതാനുഷ്ഠാനത്തോടെ മലപ്പുറത്തെ കലക്ടറേറ്റ് ഉപരോധിച്ച മുസ്ലിം ലീഗിനു നേരേ പോലീസ്  നടത്തിയ നരനായാട്ടിൽ രക്തസാക്ഷികളായത് മജീദ് റഹ്മാൻ കുഞ്ഞിപ്പ എന്നീ മൂന്ന് ജീവനുകളായിരുന്നു. 

സി.എച്ചിൻ്റെ വിദ്യാഭ്യാസ  നേട്ടങ്ങളിൽ സുപ്രധാനവും മഹത്തരവുമായതുമാണ് കാലിക്കറ്റ് സർവകലാശാല. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന മലബാറിൽ സ്ഥാപിതമായ യൂണിവേഴ്സിറ്റി ഇതുവരെയുള്ള മലബാറിൻ്റെ വിദ്യാഭ്യാസ പുരോഗതിയിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട് എന്നത് അനിഷേധ്യമാണ്.
മലബാറിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ ഉള്ള സാഹചര്യവും പ്രചോദനവും നൽകാൻ ഈ യൂണിവേഴ്സിറ്റിക്ക് കഴിയുമെന്ന് സി.ച്ച് മുൻകൂട്ടി കണ്ടിരുന്നു
 തിരുവനന്തപുരത്തുള്ള കേരള യൂണിവേഴ്സിറ്റിക്ക് പുറമേ ഒരു യൂണിവേഴ്സിറ്റി തുടങ്ങുന്നത് എറണാകുളത്താകണമെന്ന് അന്നത്തെ കേന്ദ്ര നിയമ മന്ത്രിയും മലയാളിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ അടക്കമുള്ള ഒരു വിഭാഗം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിന്നിട്ടും  സി.എച്ചിൻ്റെ നിതാന്ത ജാഗ്രതയും നിരന്തര ശ്രമവും മൂലമാണ്, നിരവധി ഉന്നതരെ സമൂഹത്തിന് സമർപ്പിച്ച ഈ യൂണിവേഴ്സിറ്റി മലബാറിന് സ്വന്തമായത്.  

1957ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലം മുതൽ തന്നെ പുതിയ യൂണിവേഴ്സിറ്റിയെകുറിച്ചുള്ള വാർത്തകൾ കേട്ടു  തുടങ്ങിയതുകൊണ്ട് തന്നെ സി.എച്ച് യൂണിവേഴ്സിറ്റിയെക്കുറിച്ച് പറഞ്ഞപ്പോഴും അത് അതിവിദൂര ഭാവിയിലേ സാധ്യമാകൂ എന്ന് പലരും പ്രവചിച്ചെങ്കിലും  അതിലപ്പുറം ആയിരുന്നു സി.എച്ചിൻ്റെ വിദ്യാഭ്യാസ മേഖലയിലെ മാത്സര്യബുദ്ധി.  വാക്കുകൾ കാലക്രമേണ പ്രവർത്തികൾ ആയി മാറ്റുന്നത് പൊതുസമൂഹത്തിന് കാണിച്ചുകൊടുത്ത സി.എച്ച്  1968 ജൂലൈ 8 ന് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയും ഏറെ വൈകാതെ അന്നത്തെ ഗവർണറായിരുന്ന വി.വിശ്വനാഥൻ്റെ  അധ്യക്ഷതയിൽ  നടന്ന ചടങ്ങിൽ സി.എച്ചിൻ്റെ സാന്നിധ്യത്തിൽ യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്യുകയായിരുന്നു.

തുടർച്ചയായി ഒരു 10 വർഷമെങ്കിലും സി.എച്ച് കേരളത്തിൻ്റെ വിദ്യാഭ്യാസമന്ത്രി ആയിരുന്നെങ്കിൽ ഇവിടെ അത്ഭുതങ്ങൾ സംഭവിക്കുമായിരുന്നു എന്ന പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും കേരളത്തിൻ്റെ ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻനുമായിരുന്ന ഡോ.എ കെ നാരായണൻ നമ്പ്യാരുടെ വാക്കുകൾ സി.എച്ചിൻ്റെ  പ്രവർത്തനങ്ങൾക്കുണ്ടായിരുന്ന അംഗീകാരമാണ് ചൂണ്ടിക്കാണിക്കുന്നത്. 
ദാരിദ്ര്യം കാരണം വിദ്യാഭ്യാസത്തിൻ്റെ പരിമിതികൾ അനുഭവിച്ചറിഞ്ഞ ഒരു ബാലൻ പിന്നീട് കേരളത്തിൻ്റെ വിദ്യാഭ്യാസമന്ത്രിയായതും ഒരുവേള മുഖ്യമന്ത്രി കസേരയിൽ ഇരുന്നതുമെല്ലാം  കേരളക്കരയിലെ നിരക്ഷരരും പാവപ്പെട്ടവരുമായ ജനങ്ങൾക്ക്  കൂടുതൽ മുന്നേറാൻ പ്രചോദനം നൽകിയിട്ടുണ്ട്. അഥവ സി.എച്ചിൻ്റെ 56 വർഷത്തെ ചുരുങ്ങിയ ജീവിതം തന്നെ ഒരു പ്രചോദനമായിരുന്നു.

തൻ്റെ ജീവിതത്തിലെ നല്ലൊരു സമയവും ഒരു സമൂഹത്തിൻ്റെ  വിദ്യാഭ്യാസ പുരോഗതിക്കായി  മാറ്റിവെച്ച ആ  മഹത് വ്യക്തിത്വം  ജനഹൃദയങ്ങളിലൂടെ അനന്തമായി ജീവിക്കുമെന്നതിൽ സംശയമില്ല

Post a Comment

0 Comments