മലബാറിലെ മുസ്ലിം സമൂഹത്തിനെതിരെ അതിരില്ലാത്ത കുപ്രചരണങ്ങൾ പ്രചരിക്കപ്പെടാൻ കാരണമായ മഹാ സംഭവമാണ് 1921 ലെ മലബാർ കലാപം. വർഗീയതയുടെ വിഷം ചീറ്റുന്ന ചില നാവുകളിൽ നിന്നും പുറത്തു വന്ന കള്ള പ്രചരണങ്ങൾ കാരണമായി മലബാർ കലാപം ഒരു മാപ്പിള്ള ലഹള എന്നതിനപ്പുറം ഒരു സ്വാതന്ത്ര്യ സമരം തന്നെയായിരുന്നു എന്ന സത്യം മറയിടപ്പെടുകയാണ്.
യഥാർത്ഥത്തിൽ മലബാർ കലാപം ഒരു മാപ്പിളലഹള മാത്രമായിരുന്നില്ല. 1921 ന്റെ ചരിത്രം എഴുതിയ കെ മാധവൻ നായരും വെള്ളക്കാരനായ ഹിച്ച് കോക്കും അടക്കമുള്ളവർ അങ്ങനെ എഴുതിച്ചേർത്തു എന്ന് മാത്രം അവരെഴുതിയ പുസ്തകങ്ങൾ പരിശോധിച്ചാൽ പല ചരിത്രങ്ങളും തെറ്റായി രചിക്കപ്പെട്ടത് സുവ്യക്തമാണ്.
1921ൽ നടന്ന മലബാറിലെ ലഹള ബ്രിട്ടീഷ് വിരുദ്ധ ജന്മി വിരുദ്ധ പോരാട്ടമാണെന്നതിൽ യഥാർത്ഥ ചരിത്രകാരന്മാർക്ക് തർക്കമില്ല. കാർഷികമേഖലയിൽ മലബാറുകാർ നേരിട്ട പ്രശ്നങ്ങളാണ് ദുരിതങ്ങൾക്ക് പ്രധാനമായും ജന്മം നൽകിയത്. അക്കാലത്തെ ജന്മിമാർ ബ്രിട്ടീഷ് ഏജന്റുമാരായിരുന്നു. അവരുടെ കീഴിൽ ജോലി ചെയ്യുന്നവരെ അവർ കഠിനമായി ഉപദ്രവിച്ചിരുന്നു. പത്ത് പറ നെല്ല് കിട്ടിയാൽ അതിൽ എട്ട് പറയും ജന്മിമാർക്ക് കൊടുക്കേണ്ടിയിരുന്നു. ഇക്കാരണങ്ങൾ ഒക്കെയാണ് മലബാറിലെ പാവപ്പെട്ട കർഷകരെ ചൊടിപ്പിച്ചത്. ഇങ്ങനെ പോയാൽ തുടർന്നു ജീവിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയാവണം പലരും ജന്മി വിരുദ്ധ കലാപത്തിന് കച്ചകെട്ടി ഇറങ്ങിയത് .
പലരും പറയുന്നത് ബ്രിട്ടീഷുകാർക്കെതിരെയല്ല, ജന്മിമാർ ക്കെതിരെ മാത്രമായിരുന്നു കലാപം എന്നാണ് . എന്നാൽ അവർ മനസ്സിലാക്കേണ്ടത് ബ്രിട്ടീഷുകാർക്കെതിരെയുള്ള കലാപത്തിന്റെ തുടക്കമായിരുന്നു ജന്മിമാർക്ക് എതിരെ അരങ്ങേറിയത് എന്നാണ്. കാരണം മലബാറിലെ ഭൂരിഭാഗം ജന്മിമാരും ബ്രിട്ടീഷ് ഏജൻറുമാരായിരുന്നു. ബ്രിട്ടീഷുകാർക്ക് ഇവിടുത്തുകാരെ ഒറ്റിക്കൊടുക്കുന്ന വിഭാഗമായിരുന്നു യഥാർഥത്തിൽ ഭൂവുടമകളായ ജന്മികൾ.
തുടങ്ങുന്നതിങ്ങനെ.
ഗാന്ധിജി അടക്കം കോൺഗ്രസ് നേതാക്കൾ പലരും പ്രോത്സാഹിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിനെ മാപ്പിളമാർ മാത്രമല്ല മലബാറിലെ മറ്റു മതസ്ഥരും അംഗീകരിച്ചിരുന്നു. ബ്രിട്ടീഷ് പട്ടാളം ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതാക്കളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചു അങ്ങനെയിരിക്കെ പൂക്കോട്ടൂരിലെ വി മുഹമ്മദ് എന്ന ഒരു പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്യാൻ വേണ്ടി വന്നപ്പോൾ അവിടത്തുകാർ തടഞ്ഞുവച്ചു. ജില്ലാ മജിസ്ട്രേറ്റ് ആയിരുന്നു ഇ. പി തോമസ് ഇതുമൂലം രോഷംകൊണ്ടു. അദ്ദേഹം ഗവൺമെൻറ് നോട് പ്രതികാരം ചെയ്യാൻ നിർദ്ദേശിച്ചു അങ്ങനെയിരിക്കെയാണ് ബ്രിട്ടീഷ് പട്ടാളം ഓഗസ്റ്റ് 20ന് തിരൂരങ്ങാടി പള്ളി വളയുന്നതും പള്ളിയിൽ കയറി അതിക്രമങ്ങൾ കാണിക്കുന്നതും. സ്വാഭാവികമായും ഇത് മുസ്ലിംകൾക്ക് സഹിച്ചില്ല. തങ്ങളുടെ ആരാധനാലയങ്ങൾ മറ്റുള്ളവർ കൈയാളുന്നത് കണ്ടുനിൽക്കാൻ ആർക്കും സാധിക്കില്ലല്ലോ. അവർ അന്നുവരെയുണ്ടായിരുന്ന മുഴുവൻ രോഷവും പുറത്തെടുത്തു ബ്രിട്ടിഷ് പട്ടാളത്തിനെതിരെ രംഗത്ത് വരാൻ തയ്യാറായി. കലാപം തുടങ്ങിയപ്പോൾ ബ്രിട്ടീഷ് വിരുദ്ധരെല്ലാം മുസ്ലിം ഹിന്ദു വ്യത്യാസമില്ലാതെ കച്ചകെട്ടി ഇറങ്ങി.
ബ്രിട്ടീഷുകാർ പ്രധാനമായും മുസ്ലിം വിഭാഗത്തെയാണ് ലക്ഷീകരിച്ചിരുന്നത്. അത് അതുകൊണ്ടാണവർ പള്ളിയിൽ നുഴഞ്ഞു കയറിയതും, മാപ്പിള വീടുകൾ വളഞ്ഞതും, ഖിലാഫത്ത് കാര്യാലയങ്ങൾ കയ്യേറിയതും. അവർ മാപ്പിളമാരെ മാത്രം കേന്ദ്രീകരിച്ച് അക്രമങ്ങൾ നടത്തിയപ്പോൾ മാപ്പിളമാർ സഹിച്ചു നിൽക്കാൻ തയ്യാറായില്ല. അപ്പോൾ അവർ ബ്രിട്ടീഷുകാർക്കെതിരെ ഇറങ്ങിത്തിരിച്ചു എന്നതാണ് വാസ്തവം.
തിരൂരങ്ങാടിയിൽ തുടങ്ങിയ കലാപം പിന്നീട് ഏറനാട്, വള്ളുവനാട് താലൂക്കുകളിലേക്ക് വ്യാപിച്ചു. ബ്രിട്ടീഷ് വിരുദ്ധ കലാപകാരികൾ ഗവൺമെൻറ് ഓഫീസുകൾ തകർത്തു, ഖജനാവ് കൊള്ളയടിച്ചു, പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു, ആശയവിനിമയങ്ങൾ സ്തംഭിപ്പിക്കാൻ ഞാൻ ടെലഗ്രാഫ് വയറുകൾ കൾ മുറിച്ചുമാറ്റി. ഇതോടെ ബ്രിട്ടീഷ് ഭരണം പൂർണമായും സ്തംഭിച്ചു എന്നു പറയേണ്ടതില്ലല്ലോ.
പക്ഷേ ഇതൊക്കെ ചെയ്തത് മാപ്പിളമാർ മാത്രമായിരുന്നില്ല. അതത് സ്ഥലങ്ങളിലെ ഖിലാഫത്ത് പ്രവർത്തകർ മുസ്ലിം ഹിന്ദു വ്യത്യാസമില്ലാതെ പങ്കെടുത്തിരുന്നു. ഓഗസ്റ്റ് ഒന്നിന് ചെർപ്പുളശ്ശേരി പോലീസ്റ്റേഷൻ തകർത്ത കേസിലെ ഒന്നാംപ്രതി ആമ യങ്ങോട് കുർശ്ശിക്കളത്തിൽ മാധവൻ നായരായിരുന്നു എന്ന് ടോട്ടൻ ഹാം തന്റെ 'മാപ്പിള റിബല്യൻ' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അത് പോലെ തന്നെ മണ്ണാർക്കാട് ചൂരിയോട് പാലം പൊളിച്ച കേസിൽ എടച്ചോല കുട്ടപ്പണിക്കർ ഒന്നാം പ്രതിയും അച്ചു പ്പണിക്കർ രണ്ടാം പ്രതിയുമായിരുന്നു. അഥവാ, മുസ്ലിംകൾ മാത്രമായിരുന്നില്ല, രാജ്യത്തെ സ്വതന്ത്ര്യമായി കാണാൻ ആഗ്രഹിക്കുന്ന ഹൈന്ദവരും അതിൽ പങ്കെടുത്തിരുന്നു.
ഇവയൊക്കെയാണ് യാഥാർഥ്യം
കലാപകാരികൾ ഹിന്ദുക്കളെ മാത്രം ആക്രമിച്ചു എന്ന ചിലരുടെ വാദം യാഥാർഥ്യത്തോട് ചെറിയ തോതിൽ പോലും യോജിക്കുന്നില്ല. കലാപകാരികൾ ആക്രമിച്ചത് ബ്രിട്ടീഷ് സഹായികളെ ആയിരുന്നു അത് അത് മുസ്ലിം ആണെങ്കിലും ഹിന്ദുവാണെങ്കിലും ഒക്കെ ആക്രമിച്ചിട്ടുണ്ട്. അതിൻറെ ഉദാഹരണമാണ് ഖാൻ ബഹദൂർ ചേക്കുട്ടി എന്ന റിട്ട.പോലിസ് ഓഫിസർ. ബ്രിട്ടിഷുകാരെ അനുകൂലിച്ചതിന് കലാപകാരികൾ ഇദ്ധേഹത്തിനെതിരെ നീങ്ങിയിരുന്നു. മറ്റുള്ളവർ കൂടി ബ്രിട്ടിഷ് അനുകൂലികളാവാതാരിക്കാനാണ് കലാപകാരികൾ ബ്രിട്ടിഷ് അനുകൂലികളോട് പ്രതികരിച്ചത്..
പിന്നെ ഉയർന്ന് വരുന്ന മറ്റൊരു ആരോപണം കലാപത്തിനിടയിൽ മാപ്പിളമാർ മത പരിവർത്തനം നടത്തി എന്നതാണ്. യഥാർഥത്തിൽ അന്ന് നിലനിന്നിരുന്ന സവർണ ഹിന്ദുക്കളുടെ മനുഷ്വത്തമില്ലാത്ത പ്രവർത്തനങ്ങൾ കാരണമായി പലരും ഇസ്ലാമിലേക്ക് കടന്നു വരികയാണ് ചെയ്തത്. കലാപത്തിനിടയിൽ മതപരിവർത്തനം നടന്നിട്ടില്ല എന്ന് തീർത്തു പറയാനാവില്ല. ചിലർ അതിനു മുതിർന്നിട്ടുണ്ട്. പക്ഷേ അത് കലാപ നേതാക്കളുടെ തീരുമാനങ്ങൾക്ക് എതിരെയായിരുന്നു. അതിനാൽ തന്നെ അതിന് ശ്രമിച്ചവർ പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്
ചുരുക്കിപ്പറഞ്ഞാൽ 1921ലെ കലാപം ചില മാപ്പിളമാരുടെ ലഹള മാത്രമായിരുന്നില്ല. അങ്ങനെ നമ്മെ ധരിപ്പിച്ചത് വർഗീയ ചുവയുള്ള ചില ചരിത്രകാരന്മാരാണ്. യഥാർത്ഥത്തിൽ ഇന്ത്യാ രാജ്യം സാമ്രാജ്യത്വ ശക്തികളിൽ നിന്നും സ്വതന്ത്രമായി കാണാൻ കൊതിക്കുന്ന ഒരുപറ്റം ദേശസ്നേഹികളായ മലബാരികൾ മതഭേദമന്യേ തങ്ങളുടെ മേൽ സ്വയം ആധിപത്യം ഏറ്റെടുത്ത വെള്ളക്കാർക്കെതിരെ ഇറങ്ങിത്തിരിച്ചതിന്റെ പ്രതിഫലനങ്ങൾ മാത്രമായിരുന്നു 1921 ലെ മലബാർ ലഹള എന്ന് നാം മനസ്സിലാക്കണം.

0 Comments