ഒരു പുതുവര്‍ഷം കൂടി സമാഗതമാവുകയാണ്. സംഭവ ബഹുലമായ മുഹര്‍റം മാസത്തോടെ ആരംഭിക്കുന്നു. ഓരോ ഹിജ്റ വര്‍ഷവും സത്യവിശ്വാസിക്ക് പുത്തനുണര്‍വുകളേകുന്നതാണ്. സന്തോഷകരമായ ഒരുപാട് ചരിത്രസംഭവങ്ങളുടെ ഓര്‍മ പുതുക്കലാണ് ഓരോ മുഹര്‍റവും. ആദം(അ)ന്‍റെ തൗബ അല്ലാഹു സ്വീകരിച്ചതും, മൂസാ നബിയെ ഫിര്‍ഔന്‍റെ ആക്രമണത്തില്‍ നിന്ന് സംരക്ഷിച്ചതുമടക്കം ഒട്ടനവധി സന്തോഷദായകമായ മുഹൂര്‍ത്തങ്ങള്‍ നാം ഈ പരിശുദ്ധ മാസത്തില്‍ സ്മരിക്കാറുണ്ട്.
എന്നാല്‍ മുഹര്‍റം പത്തിന്‍റെ ചരിത്രങ്ങളില്‍ ഏറെ സങ്കടത്തോടെ അനുസ്മരിക്കപ്പെടുന്ന സംഭവമാണ് കര്‍ബലയുടേത്. പ്രവാചകരുടെ പ്രിയപ്പെട്ട പൗത്രന്‍ ഹുസൈന്‍(റ) കൂഫയില്‍ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്‍റെ ദു:ഖകരമായ സ്മരണകളുമായാണ് മുഹര്‍റം നമ്മിലേക്ക് കടന്നു വരുന്നത്. സന്തോഷകരമായ മുഹൂര്‍ത്തങ്ങളോട് കൂടെ കര്‍ബലയുടെ കണ്ണീരലിയിക്കുന്ന ചരിത്രവും നാം സ്മരിക്കേണ്ടതുണ്ട്.
പ്രവാചകരുടെ വഫാത്തിന് ശേഷം ഇസ്ലാമിക ലോകം നിയന്ത്രിച്ചിരുന്നത് ഖുലഫാഉറാശിദൂന്‍ ആണ്. അലി(റ)ന് ശേഷം തല്‍സ്ഥാനത്തേക്ക് പുത്രന്‍ ഹസന്‍(റ) കടന്നുവന്നു. എന്നാല്‍ അധിക കാലം ഭരണത്തിലിരിക്കാതെ അദ്ദേഹം മുആവിയ(റ)ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുത്തു. പിന്നീട് അമവി ഖിലാഫത്ത് ആരംഭിക്കുകയാണ്. മുആവിയ(റ) തന്‍റെ ശേഷം ഹസന്‍(റ) ഖലീഫയായി നിശ്ചയിക്കുമെന്ന് തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഹി.49 ല്‍ ഹസന്‍(റ) വഫാത്തായി.
മുആവിയ്യ(റ) മരിക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പ് അദ്ദേഹം തന്‍റെ പുത്രനായ യസീദിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. ഇത് പല സ്വഹാബി പ്രമുഖര്‍ക്കിടയിലും ആശങ്കകള്‍ വര്‍ധിപ്പിച്ചു. ഇസ്ലാമിക ഖിലാഫത്ത് ഒരു കുടുംബ സ്വത്തായി മാറുന്നതിനെ പലരും എതിര്‍ത്തു. വര്‍ധിച്ചു വരുന്ന ഇത്തരം ആശങ്കകള്‍ക്ക് ഉടന്‍ തീര്‍പ്പ് കല്‍പിക്കാന്‍ വേണ്ടി മുആവിയ(റ) പല പദ്ധതികളും നടപ്പിലാക്കി. യസീദിനെ തന്‍റെ പിന്‍ഗാമിയായി അംഗീകരിക്കാന്‍ പല സ്വഹാബി പ്രമുഖരെയും അദ്ദേഹം നിര്‍ബന്ധിച്ചു.
ഹി.56 ല്‍ യസീദ് ഖലീഫയായി. അതിനെ പലരും എതിര്‍ത്തു. മദീനയിലായിരുന്ന ഹുസൈന്‍(റ)വും അബ്ദുല്ലാഹിബ്നു സുബൈര്‍(റ)വും അതിനെതിരെ രംഗത്ത് വന്നു. ഇസ്ലാമിക ഖിലാഫത്തിനെ സംരക്ഷിക്കലായിരുന്നു അവരുടെ ലക്ഷ്യം. പിന്നീട് അവര്‍ മദീനയില്‍ നിന്നും മക്കയിലേക്ക് തിരിച്ചു. ഇബ്നു അബ്ബാസി(റ)ന്‍റെ വീട്ടിലായിരുന്നു ഹുസൈന്‍(റ) താമസിച്ചിരുന്നത്.
യസീദിനെതിരെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. കൂഫക്കാരും അതില്‍ പങ്കാളികളായി. അവര്‍ യസീദിനെതിരെ തിരിയുകയും ഹുസൈന്‍(റ)വിനെ ഖലീഫയായി ബൈഅത്ത് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാരണം പറഞ്ഞ് അവര്‍ പലതവണ ഹുസൈന്‍(റ)ന് കത്തെഴുതി. ഖിലാഫത്തിനെ ദുഷ്കരങ്ങളില്‍ നിന്ന് രക്ഷിക്കണമെന്നാഗ്രഹിച്ചിരുന്ന ഹുസൈന്‍(റ) കൂഫയിലെ സ്ഥിതിഗതികള്‍ അറിഞ്ഞ് വരാനായി പിതൃവ്യ പുത്രന്‍ മുസ്ലിമുബ്നു അഖീലിനെ അവിടേക്ക് പറഞ്ഞയച്ചു.
കൂഫയിലെത്തിയ മുസ്ലിമുബ്നു അഖീല്‍ കാര്യത്തിന്‍റെ നിജസ്ഥിതി മനസ്സിലാക്കി. കൂഫയിലെ ജനങ്ങള്‍ ഹുസൈന്‍(റ)വിനെ ഖലീഫയായി ബൈഅത്ത് ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ഹുസൈന്‍(റ)ന് കത്തെഴുതി. ആ സമയം നുഅ്മാനുബ്നു ബശീര്‍ ആയിരുന്നു കൂഫയിലെ യസീദിന്‍റെ ഗവര്‍ണര്‍. എന്നാല്‍ കൂഫക്കാര്‍ ഹുസൈന്‍(റ)വിനെ ക്ഷണിച്ച വിവരം അറിഞ്ഞ യസീദ് അവിടേക്ക് പുതിയ ഗവര്‍ണറെ നിയമിച്ചു. നിലവിലെ ബസ്വറയിലെ ഗവര്‍ണറായിരുന്ന അബ്ദുല്ലാഹിബ്നു സിയാദിനോട് അദ്ദേഹം കൂഫയിലേക്ക് തിരിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ കാര്‍ക്കശ്യ സ്വഭാവമായിരുന്നു യസീദിന് കൂഫയില്‍ ആവശ്യം.
മുസ്ലിമിന്‍റെ സന്തോഷത്തോടെയുള്ള കത്ത് കിട്ടിയ ഉടനെ ഹുസൈന്‍(റ) കൂഫയിലേക്കുള്ള യാത്രക്ക് സജ്ജമായി. തന്‍റെ കൂടെ കുടുംബക്കാരെയും കൂട്ടാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇബ്നു അബ്ബാസ്(റ) അദ്ദേഹത്തെ ഈ ശ്രമത്തില്‍ നിന്ന് പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അദ്ദേഹം അതൊന്നും വകവെച്ചില്ല. ഇസ്ലാമിക ഖിലാഫത്ത് പുനസ്ഥാപിക്കാന്‍ വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. മക്കയില്‍ നിന്ന് കൂഫയിലേക്ക് തിരിക്കുന്നതിന് മുമ്പ് അദ്ദേഹം അബ്ദുല്ലാഹിബ്നു സുബൈറിനോട് പറഞ്ഞിരുന്നു:
"മക്കയില്‍ നിന്ന് ഒരു ചാണെങ്കിലും പുറത്ത് വെച്ച് വധിക്കപ്പെടുന്നതാണ് അവിടെ വെച്ച് വധിക്കപ്പെടുന്നതിനെക്കാള്‍ എനിക്കിഷ്ടം. അല്ലാഹുവാണെ സത്യം, ഞാനെത്ര അഭയസ്ഥാനത്താണെങ്കിലും അവര്‍ എന്നെ പിടികൂടി വധിക്കുക തന്നെ ചെയ്യും."
ഒരു വിഘടിത സംഘം കാരണമായാണ് താന്‍ വധിക്കപ്പെടുകയെന്ന് അദ്ദേഹത്തിന് മുന്‍ധാരണയുണ്ടായിരുന്നു.
കൂഫയില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞത് പൊടുന്നനെയാണ്. പൊതുവേ സൗമ്യനായിരുന്ന നുഅ്മാന് പകരം ഇബ്നു സിയാദ് എന്ന കാര്‍ക്കശ്യക്കാരന്‍ ഗവര്‍ണറായപ്പോള്‍ കൂഫക്കാര്‍ തെല്ലൊന്ന് ഭയന്ന് തുടങ്ങി. യസീദിനെതിരെ പ്രതിഷേധിക്കുന്നവരെ ഇബ്നു സിയാദ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഹുസൈന്‍(റ)നെ ബൈഅത്ത് ചെയ്യാന്‍ കൂടിയിരുന്ന ആളുകളില്‍ നിന്ന് പതിയെ പതിയെ കുറവ് സംഭവിച്ചു കൊണ്ടിരുന്നു. വലിയ ആള്‍ക്കൂട്ടങ്ങള്‍ പതിയെ അപ്രത്യക്ഷമായി. ഇത് കണ്ട് മുസ്ലിം(റ)വും ഭയന്നു. അദ്ദേഹത്തെയും ഇബ്നുസിയാദിന്‍റെ സൈന്യം പിടികൂടി. ഹുസൈന്‍(റ)വിനെ ക്ഷണിച്ചു കൊണ്ടുള്ള കത്തിന് പകരം മറ്റൊരു കത്തെഴുതാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചില്ല. എന്നാലും ഹുസൈന്‍(റ)വിനോട് ഇവിടേക്ക് വരരുതെന്ന് കത്തെഴുതാന്‍ അദ്ദേഹം ഉമര്‍ബ്നു സഅദിനെ ഏല്‍പ്പിച്ചു. ശേഷം ഇബ്നുസിയാദിന്‍റെ സൈന്യം അദ്ദേഹത്തെ വധിച്ചു കളഞ്ഞു.
ദുല്‍ഹിജ്ജ 8ന് മക്കയില്‍ നിന്ന് 72 പേരുമായി ഹുസൈന്‍(റ) പുറപ്പെട്ടു. ഉമറുബ്നു സഅദിനെ ഹുസൈന്‍(റ)വിനെ തിരിച്ചയക്കാന്‍ വേണ്ടി ഇബ്നു സിയാദ് പറഞ്ഞയച്ചു. തുടക്കത്തില്‍ വിസമ്മതിച്ചെങ്കിലും ഒടുവില്‍ അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു. ഉമറുബ്നു സഅദും യസീദുമാണ് ഹുസൈന്‍(റ)വിനെയും സംഘത്തെയും വഴിയില്‍ വെച്ച് തടഞ്ഞത്.
മുസ്ലിം(റ) വധിക്കപ്പെട്ടു എന്ന് ഹുസൈന്‍(റ)വും സംഘവും അറിഞ്ഞപ്പോള്‍ പ്രതികാരം ചെയ്യണമെന്നായി മുസ്ലിമിന്‍റെ ബന്ധുക്കള്‍. വെറും 72 പേരടങ്ങുന്ന ഹുസൈന്‍(റ)വിന്‍റെ സംഘത്തെ നേരിടാന്‍ രണ്ടു സൈന്യാധിപന്‍മാരുടെ സൈനികര്‍ അവിടെ സജ്ജമായിരുന്നു. മക്കയിലേക്ക് മടങ്ങാനോ ഡമസ്കസില്‍ ചെന്ന് യസീദിനെ കാണാനോ അനുവദിക്കണമെന്ന ഹുസൈന്‍(റ)വിന്‍റെ ആവശ്യം അവര്‍ തള്ളി. യസീദിനെ ഖലീഫയായി അംഗീകരിക്കാന്‍ ഹുസൈന്‍(റ)വും തയ്യാറായില്ല.
സാഹചര്യങ്ങള്‍ ചരിത്രത്തില്‍ ഏറെ സങ്കടകരമായി സ്മരിക്കപ്പെടുന്ന യുദ്ധത്തിലേക്ക് ചെന്നെത്തി. കര്‍ബലയില്‍ വെച്ച് ഇരു വിഭാഗങ്ങളും കൊമ്പ് കോര്‍ത്തു. നബി തങ്ങളുടെ പ്രിയപ്പെട്ട പൗത്രനും കുടുംബത്തിനും ഇബ്നുസിയാദിന്‍റെ പടയാളികള്‍ ഭക്ഷണവും വെള്ളവും നിഷേധിച്ചു. വെള്ളം കുടിക്കാനാവാതെ നബി കുടുംബം തളര്‍ന്നു. ഹുസൈന്‍(റ)വിന്‍റെ 6 മാസം മാത്രം പ്രായമുള്ള കുഞ്ഞ് വെള്ളം കിട്ടാതെ കിടന്ന് പിടയുന്നത് കണ്ട് തന്‍റെ അഭിമാന ബോധം മാറ്റിവെച്ച് ഹുസൈന്‍(റ) അവരോട് വെള്ളം ചോദിച്ചെങ്കിലും അവര്‍ നിഷേധിച്ചു. ദാഹം ശമിപ്പിക്കാനാവാതെ ആ സംഘം അലഞ്ഞു. ഒടുവില്‍ സിനാനുബ്നു അനസ് എന്ന പടയാളി ഹുസൈന്‍(റ)വിനെ കൊലപ്പെടുത്തി. നബി തങ്ങളുടെ പരിലാളനകളേറ്റ ആ ശിരസ്സിനെ അവര്‍ അറുത്തുമാറ്റി. ഹി.61 മുഹര്‍റം 10 നാണ് ഈ സംഭവം.
ഹുസൈന്‍(റ)വിന്‍റെ കൂടെയുണ്ടായിരുന്ന പലരെയും അവര്‍ വധിച്ചു കളഞ്ഞു. എങ്കിലും സ്ത്രീകളോട് അവര്‍ മാന്യമായി പെരുമാറി. താന്‍ കാരണം ഈ കാര്യങ്ങളുടെ പര്യവസാനം ഇങ്ങനെയായതില്‍ ഒടുവില്‍ ഖലീഫ യസീദും ദു:ഖിച്ചു. ഹുസൈന്‍(റ)വിനെ അവര്‍ കൊലപ്പെടുത്തുമെന്ന് അദ്ദേഹവും നിനച്ചിരുന്നില്ല. സംഭവമറിഞ്ഞ ശേഷം അദ്ദേഹം ഒരുപാട് കരഞ്ഞു. ബാക്കിയുള്ള കുടുംബാഗങ്ങളെ അദ്ദേഹം സല്‍ക്കരിച്ചു. കൂട്ടത്തില്‍ അലി സൈനുല്‍ ആബിദീനും ഉണ്ടായിരുന്നു. അവരോട് അദ്ദേഹം മാപ്പു ചോദിച്ചു.
"ഇബ്നു മര്‍ജാനെ (ഇബ്നുസിയാദ്) അല്ലാഹു ശപിക്കട്ടെ, ഇത്തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് അവനാണ്"
എന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഇബ്നു സിയാദിനെതിരെ നടപടികള്‍ എടുക്കാന്‍ അദ്ദേഹം തയ്യാറായില്ല.
സംഭവ ബഹുലമാണ് കര്‍ബല. ഹുസൈന്‍(റ)വിന്‍റെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന കര്‍ബലയുടെ മണ്ണ് ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയാണ്. ഓരോ പുതുവര്‍ഷങ്ങളിലും മുഹര്‍റം പത്ത് കടന്നു വരുമ്പോള്‍ കര്‍ബലയുടെ രോദനവും കേള്‍ക്കണം. ഹുസൈന്‍(റ) വിന്‍റെ രക്തം കലര്‍ന്ന ആ മണ്ണിനെക്കുറിച്ച് നാം സ്മരിക്കണം.

0 Comments