Ticker

6/recent/ticker-posts

ഹിജ്‌റ വർഷം ഓർമിപ്പിക്കുന്നത്

hijra new year

ആഗോള മുസ്ലിം സമൂഹത്തിന്‍റെ പുതുവത്സരമാണ് ഓരോ ഹിജ്റ വര്‍ഷാരംഭവും. ഹിജ്റ കലണ്ടര്‍ ഒരോ മുസ്ലിമിന്‍റെയും ഇസ്ലാമിക ജീവിതവ്യവഹാരങ്ങളുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. ഇസ് ലാം നിഷ്കര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കുമുള്ള സമയക്രമങ്ങളും കാലഘടനയും ഹിജ്റ വര്‍ഷം അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത്. കാലത്തിനൊപ്പം ഇസ്ലാമും ചുവടുമാറേണ്ടതുണ്ടെന്നും ഹിജ്റ വര്‍ഷം കാലഹരണപ്പെട്ടുവെന്നും ഗ്രിഗേറിയന്‍ കലണ്ടറിലേക്ക് മാറാനുള്ള സമയം അതിക്രമിച്ചുവെന്നുമുള്ള വാദങ്ങള്‍ പലപ്പോഴായി ഉയര്‍ന്നു വന്നിട്ടുണ്ട്. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് സ്മൃതിനാശം സംഭവിക്കുന്നിടത്താണ് ഇത്തരം വാദങ്ങളുടെ പിറവി.


ചരിത്രത്തില്‍ മുസ്ലിം സമൂഹം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതും അറിയപ്പെട്ടിട്ടുള്ളതും ഹിജ്റ വര്‍ഷത്തിലൂടെയാണ്. മുസ്ലിം അസ്ഥിത്വത്തിന്‍റെ പ്രതിനിധാനമാണ് ഹിജ്റ വര്‍ഷം. പ്രവാചക പൂങ്കവരുടെ പൊള്ളുന്ന മക്ക അനുഭവങ്ങളുടെ പരിണതിയായ ഹിജ്റയെന്ന പലായനം അടി സ്ഥാനമാക്കിയാണ് ഉമര്‍(റ) ഇത്തരം ഒരു കാലക്രമത്തിന്‍റെ പൊളിച്ചെഴുത്തിന് തുടക്കമിടുന്നത്. ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ മദീനാ പലായനത്തിന്‍റെ ചരിത്രപരമായ പ്രാധാന്യവും സവിശേഷതയും വരച്ചുകാണിക്കപ്പെടുന്നുണ്ടിവിടെ. ഹിജ്റ മുന്നോട്ടുവെക്കുന്ന അതിജീവന പാഠങ്ങളാണ് വിശ്വാസി തന്‍റെ ജീവിതത്തിലും സ്വീകരിക്കേണ്ടത്. ഇസ്ലാമിക മാര്‍ഗത്തിലുള്ള പ്രതിബന്ധങ്ങളും പ്രതിസന്ധികളും അതിജീവിക്കാന്‍ മക്കയിലെ പ്രവാചകാനുചരര്‍ തയാറായതും ജീവിതകാലത്ത് ഒരു നിമിഷം പോലും കണ്ടിട്ടില്ലാത്തവരെ ഇരുകൈയ് നീട്ടി സ്വീകരിക്കാന്‍ മദീനക്കാരായ അന്‍സ്വാറുകള്‍ സജ്ജരായ ഉദാത്ത മാതൃകയുമാണ് എക്കാലത്തും വിശ്വാസി അനുധാവനം ചെയ്യേണ്ടത്.

ഇസ്ലാമിലെ കര്‍മ്മവ്യവസ്ഥകളുടെ സമയം നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത് ഹിജ്റ അടിസ്ഥാനപ്പെടുത്തിയാണ്. ഇസ്ലാം വകവെച്ചു നല്‍കുന്ന സാമൂഹിക സമത്വത്തിന്‍റെ പ്രകാശനമാണിത്. നോമ്പും ഹജ്ജുമെല്ലാം ഹിജ്റി കലണ്ടര്‍ പ്രകാരം ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളത് ഭൗമശാസ്ത്രപരമായ സ്വഭാവങ്ങളെക്കൂടി പരഗണിച്ചാണ്. ലോക ചരിത്രത്തില്‍ മുസ്ലിംകള്‍ തങ്ങളുടേതായ ഭാഗധേയം നിര്‍ണ്ണയിച്ചത് ഹിജ്റ വര്‍ഷം മുഖേനയാണ്. മുസ്ലിം ചരിത്ര പൈതൃകം നമുക്ക് അന്യമാവുന്നതില്‍ നിന്നും വക്രീകരണത്തിന് വിധേയമാകുന്നതില്‍ നിന്നും മോചനം നേടിയത് ഹിജ്റ വര്‍ഷം നാം വ്യവസ്ഥാപിതമായി കൊണ്ടുനടന്നത് കൊണ്ട് തന്നെയായിരുന്നു. 


Post a Comment

0 Comments