▮മന്നാഹ് പറമ്പിൽപീടിക
പ്രാചീന കേരളവും അറബ് വിദേശികളും തമ്മിലുള്ള ബന്ധം സുപ്രസിദ്ധമാണ്. വാണിജ്യത്തിൽ തുടങ്ങി പിന്നീട് സാമൂഹികമായും സാംസ്കാരികമായും ആത്മീയമായും അറുത്തുമാറ്റാനാവാത്ത ബന്ധമായി അത് തുടരുകയായിരുന്നു. പ്രവാചകന്റെ കാലത്ത് തന്നെ കേരളത്തെ, വിശിഷ്യ മലബാറിനെ ഇസ്ലാമിന്റെ അത്തർ പൂശിയതും അറബികൾ തന്നെ. വിത്യസ്ത ദേശങ്ങളിൽ നിന്ന് കേരളക്കരയിൽ കപ്പലിറങ്ങിയ വിദേശികൾ അന്ന ലോകത്ത് പ്രസിദ്ധിയാർജിച്ച കേരള വിളകളെ സ്വന്തം നാട്ടിലേക്ക് കപ്പൽ കയറ്റിയപ്പോൾ ഇസ്ലാമെന്ന അതിസുന്ദരമായ ഒരു സംഹിതയെ കേരളക്കരയിൽ പ്രസരിപ്പിച്ചായിരുന്നു തിരിച്ച് പോയത്. ഇപ്രകാരം കേരളത്തിലെത്തിയ വിദേശ സം ഘമായിരുന്നു ബാഅലവികൾ. ഹിജ്റ 1159ൽ കോഴിക്കോട് കപ്പലിറങ്ങി പിന്നീടങ്ങ് കേരളത്തിലെ ഇസ്ലാമിക സംസ്കാര രൂപീകരണത്തിലും നവോത്ഥാന മുന്നേറ്റങ്ങളിലും നിർണായ നാഴികക്കല്ലായി ഇൗ സംഘം മാറുകയായിരുന്നു. ഉപരി സൂചിത ബാഅലവി പണ്ഡിത സംഘത്തിലെ പ്രമുഖനായ ഒരു വ്യക്തിയാണ് സയ്യിദ് അലവീ മൗലദ്ദവീല എന്ന മമ്പുറം തങ്ങൾ. കേരള ജനതക്ക,് ഒരുപക്ഷേ മലബാരികൾക്ക് അവിസ്മരണീയമായ നാമമാണ് മമ്പുറം തങ്ങൾ.
മലബാറിൽ മമ്പുറം തങ്ങളുടെ ആഗമനത്തോടെ കേരള മുസ്ലിം ചരിത്രത്തിന് പുതിയ മാനം കൈവരുകയായിരുന്നു. അന്ന് കേരളത്തിൽ നില നിന്നിരുന്ന പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്ന് പോയിരുന്ന മുസ്ലിങ്ങൾക്ക് മമ്പുറം തങ്ങളുടെ ആഗമനം വറ്റുവരണ്ട ഭൂമിയിലേക്കുറ്റിവീണ് ആദ്യ മഴത്തുള്ളി പോലെ പുത്തനുണർവ് സമ്മാനിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ കേരളത്തിൽ നില നിന്നിരുന്ന സാമൂഹിക സാംസ്കാരിക ദുരാചാരങ്ങളെയും കൊള്ളരുതായ്മകളെയും വേണ്ട രീതിയിൽ ഗ്രഹസ്ഥമാക്കിയ തങ്ങൾ ആത്മീയ ദാരിദ്ര്യമനുഭവിച്ച ജനതക്ക് ആത്മീയ നേതാവായും, .സംസ്കാര ശുന്യർക്ക് സംസ്കാരിക പുനർസ്ഥാപകനായും അടിച്ചമർത്തപ്പെട്ടവർക്ക് വിമോചകനായും അധിനിവേശ ശക്തിയാൽ പീഢിപ്പിക്കപ്പെട്ടവർക്ക് അധിനിവേശ വിരുദ്ധ നായകനായുമെല്ലാം ചുരുങ്ങിയ ജീവിത കാലത്തിനുള്ളിൽ തന്നെ ബഹുമുഖ വസ്ത്രധാരിയായി കേരള സമൂഹത്തിന് മുന്നിൽ നിറഞ്ഞ് നിന്നു. സമൂഹം മോശമാകുമ്പോഴെല്ലാം കാലം ഒാരോ വിമോചക നായകൻമാർക്ക് ജന്മം നൽക്കുന്നു. ഒരു ജനതയുടെ ഹൃദയസ്പന്ദത്തെ സ്വന്തം നാഡീവ്യൂഹങ്ങളിലറിഞ്ഞ് കാലത്തിന്റെ വൈദ്യനെപ്പോലെ അവർ കാലത്തെ ശുശ്രൂഷിക്കുന്നു. അവരെയാണ് സമൂഹം നവോത്ഥാന നായകരെന്ന് വിളിക്കുന്നത്. കേരളത്തെ സംബന്ധിച്ച് മമ്പുറം തങ്ങൾ അത്തരത്തിലൊരു നവോത്ഥാന നായകൻ തന്നെയായിരുന്നു എന്നതിന് കാലം ഇന്നും സാക്ഷിയാണ്. കേരള ജനതയെ മനസ്സിലാക്കി അവരുടെ ആവശ്യങ്ങളെ മനസ്സിലാക്കി അവർക്കിടയിൽ ഒരു കാലഘട്ടത്തിന്റെ ഖുഥുബായി അദ്ദേഹം നിലകൊള്ളുകയായിരുന്നു.
മലബാറിലേക്ക്...
“തരീം” അഹ്ലുബൈത്തിന്റെ നാടാണ്. ജനസംഖ്യയിൽ 99 ശതമാനവും നബി കുടുംബമാണ് ഇവിടെ താമസിക്കുന്നത്ത്. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പല സയ്യിദ് ഖബീലകളുടെയും അടിവേര് ഇൗ നാടിലേക്കാണ് മടങ്ങുന്നത്. നന്മകളുടെ നാടെന്ന് പ്രവാചകൻ വിശേഷിപ്പിച്ച യമനിലെ ഹളർമൗത്തിലെ ഇൗ പ്രദേശത്ത് നിന്ന് തന്നെയാണ് ബാഅലവി ഖബീലയും മലബാറിലേക്ക് കപ്പലിൽ കയറിയത്. ഇസ്ലാമിക പ്രബോധനാർത്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ സഞ്ചരിച്ചിരുന്നു. കേരളത്തെക്കുറിച്ച് അറേബ്യൻ നാടുകളിൽ പ്രചരിച്ചിരുന്ന വാർത്തകൾ കേട്ടറിഞ്ഞാണ് ഇൗ സംഘം കേരളത്തിലെത്തുന്നത്. കേരളം സമാധാന പൂർണ്ണമായ ജീവിതത്തിനും പ്രബോധനത്തിനും പര്യാപ്തമാണെന്ന് ഇവർ മനസ്സിലാക്കി. അതിനെതുടർന്ന് ഹിജ്റ 1159 ലാണ് ബാഅലവി ഖബീലയിൽ നിന്ന് ആദ്യ പണ്ഡിതനായ ശൈഖ് ജിഫ്രി കൊയിലാണ്ടിയിൽ കപ്പലിറങ്ങിയത്. അന്ന് കേരളം ഭരിച്ചിരുന്ന സാമൂതിരി, ശൈഖ് ജിഫ്രിയെ ഹൃദയം കൊണ്ട് സ്വീകരിക്കുകയും മുസ്ലിം സമുദായത്തിന് ഒരു അത്താണിയായി കേരളത്തിൽ താമസിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കുറ്റിച്ചിറയും തെക്ക് ഭാഗത്തുള്ള മാളിയേക്കൽ വീടും സ്ഥലവും സമ്മാനിക്കുകയും ചെയ്തു. പിന്നീട് ധീർഘകാലം കേരള മുസ്ലി സമുദായത്തിന്റെ ആത്മീയ മുഖമായി പ്രബോധന വൈജ്ഞാനിക വഴികളിലായി അദ്ദേഹം ജീവിച്ചു. കേരള മുസ്ലിം നവോത്ഥാന ചരിത്രത്തിൽ പിൽകാല പ്രവർത്തനങ്ങൾക്കുള്ള പാത വെട്ടിത്തെളിച്ച മഹാസ്മര്യ പുരഷനായി ഇന്നും മഹാനവറുകൾ അവേശിഷിക്കുന്നു.
ശൈഖ് ജിഫ്രിയുടെ മരണത്തെ തുടർന്ന് തന്റെ പിതൃവ്യപുത്രനും മമ്പുറം തങ്ങളുടെ മാതുലനുമായ ശൈഖ് ഹസൻ ജിഫ്രി 1754 ൽ കേരളത്തിലെത്തി. ആദ്യം തിരൂരങ്ങാടിയിലും പിന്നീട് മമ്പുറത്തും ദീനീ പ്രബോധനവുമായി സമൂഹമദ്ധ്യേ സജീവമായി തന്നെ നിലകൊണ്ടു. ജാതി-മത ഭേദമന്യേ കേരളസമൂഹത്തെ അദ്ദേഹം ചേർത്തുപിടിച്ചു. തൽഫലമായി നിരവധി അമുസ്ലിങ്ങൾ ഇസ്ലാമിന്റെ പാതയിലേക്ക് ചേരുകയും ചെയ്തു. ഹി 1178ൽ ഹസനി വഫാത്തായി. ഹസൻ ജിഫ്രിക്ക ് ശേഷം ബാഅലവി പരമ്പരയിൽ നിന്ന് കേരളത്തിലെത്തിയ പണ്ഡിതനായിരുന്നു മമ്പുറം തങ്ങൾ. ഹസൻ ജിഫ്രിയുടെ കൽപന പ്രകാരമാണ് കേരളത്തിലെത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ മാതുലന്റെയും മാതുലപുത്രന്റെയും ജീവിതത്തിൽ നിന്ന് സ്വാധീനമുൾകൊണ്ടാണ് കേരളത്തിലെത്തിയതെന്ന് പ്രബലമായി വീക്ഷിക്കപ്പെടുന്നു. ഹി 1183 റമളാൻ പത്തൊമ്പതിനാണ് തങ്ങൾ കോഴിക്കോട് കപ്പലിറങ്ങിയത്. അപ്പോഴേക്കും ഹസൻ ജിഫ്രി വഫാത്തായിരുന്നു. മാതുല പുത്രന്റെ ഖബർ സന്ദർശനവും കഴിഞ്ഞ് തിരൂരങ്ങാടിയിൽ ഇടക്കാലത്തും പിന്നീട് മമ്പുറത്ത് സ്ഥിരതാമസം തുടങ്ങുകയും ചെയ്തു. മമ്പുറം തങ്ങളുടെ ആഗമനത്തോട് കൂടിയാണ് കേരളമുസ്ലിം ചരിത്രത്തിന്റെ ഭാഗമായി മമ്പുറം പ്രശസ്തിയാർജിക്കുന്നത്.
ജനനവും ജീവിതവും
തരീമിലെ പ്രസിദ്ധമായ സയ്യിദ് കുടുംബത്തിലെ മുഹമ്മദ് ഇബ്നു സഹ്ൽ മൗലദ്ദവീലയുടെയും മാതുലപുത്രനായ ഹസൻ ജിഫ്രിയുടെ മകളായ ഫാത്വിമയുടേയും മകനായി ഹി 1166 ദുൽഹിജ്ജ 23 നാണ് തങ്ങൾ ജനിക്കുന്നത്. ബാല്യത്തിൽ തന്നെ മാതാവും പിതാവും മരണപ്പെട്ടതിനാൽ മാതൃസഹോദരി സയ്യിദ ഹാമിദ ബീവിയാണ് വളർത്തിയിരുന്നത്. ചെറുപ്പത്തിൽ തന്നെ വിജ്ഞാനത്തോട് അദമ്യമായ സ്നേഹം പുലർത്തിയിരുന്ന മഹാൻ അറബി ഭാഷയും ഖുർആനും ലളിതമായി തന്നെ കൈകാര്യം ചെയ്തു. 8-ാം വയസ്സിൽ ഖുർആൻ മനപാഠമാക്കി. ജന്മനാട്ടിൽ നിന്ന് തന്നെ പ്രാഥമികവിദ്യ അഭ്യസിച്ചു. തുടർന്നുള്ള പ്രബോധന ജീവിതത്തിലത്രയും പ്രകാശിതമായത് പ്രസ്തുത വിദ്യ തന്നെയായിരുന്നു. മാതാവു വഴിയും പിതാവ് വഴിയും പ്രവാചകരിലെത്തുന്ന അതുല്ല്യമായ കുടുംബ മഹിമയുടെ ഉടമയുമായിരുന്നു തങ്ങൾ. 15-ാം വയസ്സിൽ കേരളത്തിലെത്തിയ മഹാൻ പിന്നീട് വഫാത്ത് വരെ കേരളത്തിൽ തന്നെ ചിലവഴിക്കുകയായിരുന്നു. മുൻഗാമികൾ സഞ്ചരിച്ച പ്രബോധന ആത്മീയ മേഖലയിലൂടെ തങ്ങളും സഞ്ചരിച്ചു. മറ്റൊരർത്ഥത്തിൽ അവർ അവസാനിപ്പിച്ചിടത്ത് നിന്ന് തങ്ങൾ വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
“മമ്പുറം തങ്ങളുടെ വിവാഹം സംഭവ ബഹുലമായിരുന്നു. മാതുല പുത്രനായ ഹസൻ ജിഫ്രി തന്റെ ജീവിതത്തിന്റെ സായാഹ്നഘട്ടത്തിൽ അന്ന് തിരൂരങ്ങാടി ഖാളിയായിരുന്ന ജമാലുദ്ധീൻ മഖ്ദൂമിനോട് തന്റെ മരണ ശേഷം തരീമിൽ നിന്ന് മലബാറിലേക്ക് ഒരു ചെറുപ്പക്കാരൻ വരുമെന്നും അദ്ദേഹവുമായി തന്റെ മകൾ ഫാത്വിമിയെ കല്ല്യാണം കഴിപ്പിക്കണമെന്നും വസ്വിയത് ചെയ്തിരുന്നു. ഇൗ വസ്വിയ്യത്തിന്റെ അനന്തരഫലമായിരുന്നു മമ്പുറം തങ്ങളുടെ വിവാഹം. ഹി 1183 റബീഉൽ അവ്വൽ മാസത്തിൽ ലളിതമായി കല്ല്യാണം കൊണ്ടാടപ്പെടുകയും ചെയ്തു. വിവാഹത്തിന് ശേഷം ആദ്യ ദിനങ്ങളിൽ പത്നിഗൃഹത്തിൽ താമസിക്കുകയും തുടർന്ന് മാളിയേക്കൽ തറവാടിലേക്ക് മാറുകയും ചെയ്തു. ഇൗ ദാമ്പത്യത്തിൽ തങ്ങൾക്ക് രണ്ട് പെൺമക്കൾ ജനിക്കുകയും “ശരീഫാ അലവിയ്യ” എന്ന ആദ്യ പെൺകുട്ടി ചെറുപ്പത്തിലെ മരിച്ചതിനെ തുടർന്ന് രണ്ടാമത്തെക്കുട്ടിക്കും സ്മരാണാർത്ഥം പ്രസ്തുത പേര് തന്നെ നൽകുകയായിരുന്നു. പിൽകാലത്ത് “കുഞ്ഞുബീവി”യെന്ന നാമത്തിൽ ഇൗ കുട്ടി അറിയപ്പെടുകയും ചെയ്തു. പ്രഥമ പത്നിയുടെ മരണാനന്തരം കൊയിലാണ്ടിയിൽ നിന്ന് ഫാത്വിമ എന്ന് പേരുള്ള സ്ത്രീയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. ഇൗ ദാമ്പത്യ ബന്ധത്തിൽ നിന്നാണ് കേരള മുസ്ലും ചരിത്രത്തിന്റെ അനിഷേധ്യ നേതാവയ സയ്യിദ് ഫസ്ൽ പൂക്കയ തങ്ങൾ ജനിക്കുന്നത്. തുടർന്ന് താനൂരിൽ നിന്നും ഇന്തോനേഷ്യയിലെ തിമോർ പ്രദേശത്ത് നിന്നും വിവാഹിതനായി. എന്നാൽ മൂന്ന് ഭാര്യമാരും ജീവിതകാലത്ത് തന്നെ മരണമടയുകയും ചെയ്തിരുന്നു. പ്രസ്തുത ഭാര്യമാരിൽ നിന്നല്ലാം തങ്ങൾക്ക് സന്താനം സൗഭാഗ്യവും ഉണ്ടായിരുന്നു.
കർമ ഗോദയിലേക്ക്
തങ്ങളുടെ മലബാർ ആഗമനം കേവലമൊരു ആത്മീയ നേതാവിന്റെ ആഗമനായിരുന്നില്ല. പതിറ്റാണ്ടുകളായി കേരള ജനത പ്രാർത്ഥനയോടെ കാത്തിരുന്ന വിമോചന നായകന്റെ ആഗമനം കൂടിയായിരുന്നു. തനിക്ക് മുമ്പേ കേരളത്തിലെത്തിയ മറ്റു ബാഅലവി പണ്ഡിതന്മാരുടേയെല്ലാം കർമ മണ്ഡലം പലപ്പോഴായി ആത്മീയതയിലൊതുങ്ങിയപ്പോൾ ഒരു അതിനിവേശ വിരുദ്ധ നായകനായി തങ്ങൾ വ്യത്യസ്തനായി. എങ്കിലും മത മുറകളിൽ കണിശത പാലിക്കാനും തങ്ങൾ മറന്നിരുന്നില്ല.
ബാഅലവീ ഖബീലക്ക് മുമ്പ് തന്നെ മഖ്ദൂമികൾ ഇസ്ലാമിക പ്രബോധനാർത്ഥം കേരളത്തിലെത്തിയിരുന്നു. ആയതിനാൽ മഖ്ദൂമിയൻ പ്രബോധന രീതി ശാസ്ത്രം തന്നെ തങ്ങളും സമൂഹത്തിൽ നടപ്പിലാക്കി. രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിലും മതം ഉൾകൊള്ളിക്കാൻ തങ്ങൾ ശ്രമിച്ചിരുന്നു. ഇസ്ലാമിക നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സർവ്വതിനേയും മുളയിലെ തങ്ങൾ നുള്ളിക്കളഞ്ഞു. കൊണ്ടോട്ടി വ്യാജ തങ്ങൾമാർക്കെതിരെയുള്ള തങ്ങളുടെ ഫത്വ അതിന്റെ കേവല ഉദാഹരണം മാത്രമാണ്.
ജാതി വ്യവസ്ഥയും ജന്മി കുടിയാൻ മേൽകോയ്്മയും കേരളത്തിൽ അരങ്ങ് തകർക്കുന്ന അവസരത്തിലാണ് തങ്ങൾ കേരളത്തിലെത്തുന്നത്. ആയതിനാൽ മുസ്ലിങ്ങളെ പോലെ തന്നെ സാമുദായിക പീഢനങ്ങൾക്കിരയായിരുന്ന പതിനായിരക്കണക്കിന് അമുസ്ലിങ്ങൾ ഇരു കൈകളും നീട്ടി തങ്ങളെ സ്വീകരിച്ചു. തങ്ങളിലൊരു വിമോചക നായകനെ അവർ കണ്ടു. അവർ ആഗ്രിച്ചത് പോലെത്തന്നെ അവർണരായ ആ സമൂഹത്തെ തങ്ങൾ മാറോട് ചേർത്തു നിർത്തി. ആവിശ്യങ്ങളെല്ലാം ഒാരോന്നായി നിറവേറ്റി നൽകി. സ്വയം മറന്നു പോയ സ്വന്തം സാമൂഹിക അസ്തിത്വത്തെ തങ്ങൾ അവർക്ക് തിരിച്ചു നൽകി. തൽഫലമായി അവരെല്ലാം ഇസ്ലാമിലേക്ക് കടന്ന് വരാൻ തുടങ്ങി. സ്വന്തം ജീവിതം കൊണ്ട് തന്നെ മറ്റുള്ളവർക്ക് പ്രചോദനമായ തങ്ങൾ നിർബന്ധിത മതംമാറ്റത്തിന് അമുസ്ലിങ്ങളെ പ്രേരിപ്പിച്ചുവെന്ന ആധുനിക ചരിത്രകാരൻമാരുടെ പൊള്ളയായ വാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. പ്രബോധനാർത്ഥം ഇസ്ലാമിലേക്ക് കടന്നുവന്ന പുതു മുസ്ലിംകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയും തങ്ങൾ ശബ്ദിച്ചിരുന്നു. തൽഫലമായി പതിറ്റാണ്ടുകളായി ജന്മിത്ത വ്യവ്സ്ഥയും നീതി നിഷേധിക്കപ്പെട്ട് ജീവിച്ചിരുന്ന വലിയൊരു ജനത തന്നെ ഇസ്ലാമിലേക്ക് കടന്നു വരികയായിരുന്നു.
കേരളത്തിലുണ്ടായ വമ്പിച്ച പ്രബോധന മുന്നേറ്റങ്ങൾക്കിടയിലും ഹിന്ദു-മുസ്ലിം മതമൈത്രി കെടാതെ സൂക്ഷിക്കാൻ തങ്ങൾ അഹോരാത്രം ശ്രമിച്ചിരുന്നു. അന്ന് കേരളത്തിൽ തഴച്ചു വളർന്നിരുന്ന കൊളോണിയൽ അധിനിവേശ ശക്തിക്കെതിരെ ചെറുത്തു നിൽക്കണമെങ്കിൽ ഹിന്ദു-മുസ്ലിം എെക്യം അനിവാര്യമെന്ന് തങ്ങൾ സമൂഹത്തോട് പ്രഖ്യാപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് മുദ്രാവാക്യത്തെ ചെറുത്ത് തോൽപിക്കാൻ പരസ്പരം എെക്യം നിർബന്ധമാണെന്ന് തങ്ങൾ വിശ്വസിച്ചു. 1192 ൽ മലബാർ ബ്രിട്ടീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനിക്ക് കീഴിൽ വന്നതോട് അന്നേവരെ കാണാത്ത ദുരായ്മകൾ കേരളത്തിൽ ഉടലെടുത്തു. അപ്പോഴും ഒരു പരിധിവരെ മലബാറിലെ മുസ്ലിം-ഹിന്ദു മത മൈത്രി അണയാതെ നിന്നത് തങ്ങൽ കഠിന യത്നം കൊണ്ട് മാത്രമായിരുന്നു. അന്ന് കേരളത്തിലുണ്ടായിരുന്ന ഹൈന്ദവ വിവാഹചടങ്ങുകളിൽ തങ്ങൾ പങ്കെടുത്തതായി "മലബാറിലെ യത്നങ്ങൾ" എന്ന ഗ്രന്ഥത്തിൽ കെ കെ അബ്ദുൽ കരീം എഴുതുന്നുണ്ട്. എല്ലാത്തിനുമപ്പുറം ഹൈന്ദവ പ്രമാണിയും ചെമ്പായ കുടുംബാംഗവുമായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥൻ. നൂറ്റാണ്ടുകളായി ഏറനാട്ടിലെ മൂന്നിയൂരിൽ ആചരിച്ചു വരുന്ന ഹൈന്ദവ ആഘോഷമായ കോഴികളിയാട്ടത്തിന് ഇടവമാസം വെള്ളിയാഴ്ച എന്ന ദിവസം നിശ്ചയിച്ചു നൽകിയതും മമ്പുറം തങ്ങൾ കാത്തു സൂക്ഷിച്ച മതമൈത്രിയുടെ വ്യക്തമായ ഉദാഹരണങ്ങളാണ്. മമ്പുറം തങ്ങളെ ഹിന്ദുവിരുദ്ധനായി കാണുന്ന എസ്.എഫ് സെയ്ൽസിനെ പോലുള്ള അൽപജ്ഞാനികളായി ചരിത്രകാരന്മാർക്കുള്ള മറുപടി കൂടിയാണിത്.
വഫാത്ത്
മുക്കാൽ നൂറ്റാണ്ടുകാലം കേരള മുസ്ലിം ചരിത്രത്തിന്റെ ബഹുമുഖ തലങ്ങളിൽ തുല്ല്യതയില്ലാത്ത അത്ഭുത പ്രതിഭാസമായി വാണിരുന്ന മമ്പുറം സയ്യിദ് ബാഅലവി തങ്ങൾ ഹി 1260 മുഹർറം ഏഴിന് (1845) പതിനായിരങ്ങളുടെ ഹൃദയങ്ങളിൽ നോവോർമ്മയാവുകയായിരുന്നു. ചേറൂർ കലാപത്തിൽ കാലിനേറ്റ മുറിവോ, വാർധക്യ സഹജമായ രോഗങ്ങളോ ആണ് മരണകാരണമെന്നാണ് ചരിത്രപക്ഷം. മുസ്ലിം നവോത്ഥാന ചരിത്രത്തിൽ എന്നും ഇൗ മുഖം പ്രകാശിച്ചു നിൽക്കും.

2 Comments
good
ReplyDeletegood
ReplyDelete