മമ്പുറം മഖാം നോക്കിനടത്തുന്നത് ദാറുല്‍ ഹുദയാണെന്ന് പറയു
ന്നതിനേക്കാള്‍ ശരി ദാറുല്‍ ഹുദാ നോക്കിനടത്തുന്നത് ആ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന അലവി തങ്ങളാണെന്നത് പറയുന്നതായിരിക്കും.
മീലാദുന്നബി, അതിനോടനുബന്ധിച്ച കലോത്സവം, സനദ് ദാന-മിഅനാജ് ജിന സമ്മേളനങ്ങളോടൊപ്പം മമ്പുറം നേര്‍ച്ചയും ദാറഉല്‍ ഹുദായുടെ ദേശീയാഘോഷത്തില്‍ പ്രമുഖസ്ഥാനത്തുണ്ട്.
സറൗണ്ടിംഗ് ക്ലീനിങ്ങിന് വരെ ഇറങ്ങാന്‍ മടിക്കുന്ന അലസരായ പണ്ഡിതന്മാരില്‍ പലരും അന്നദാനത്തിന്റെ ഒരുക്കങ്ങളില്‍ മുന്നിലുണ്ടാവും.
നേര്‍ച്ച തീരുന്നതിന്റെ തലേന്നാണ് ദാറുല്‍ ഹുദയില്‍ കല്യാണത്തിന്റെ പ്രതീതി ഉണ്ടാവുന്നതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പേ പന്തലായും മറ്റും ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കും. അധ്യാപക വിദ്യാര്‍ത്ഥി ഭേദമില്ലാതെ കോളേജ് മൊത്തം നെയ്‌ച്ചോര്‍ ചെമ്പിന്റെ ചൂടിലായിരിക്കും.
പരശതം ഭക്തജനങ്ങള്‍ പലവിധം മുറാദുകള്‍ നിയ്യത്താക്കി അരിച്ചാക്കുകളും ഉപ്പും നെയ്യുമെല്ലാം അലവിതങ്ങളുടെ സവിധത്തിലേക്ക് കാലാകാലങ്ങളായി നേര്‍ച്ചയാക്കി പോരുന്നുണ്ട്.
മഖാം നടത്തിപ്പുകാരായ ദാറുല്‍ ഹുദ അതൊക്കെ ശേഖരിച്ച് ഇല്‍മിന്റെ വഴിയില്‍ ചിലവഴിക്കും. ഒപ്പം നാട്ടുകാര്‍ക്കും അഗതികള്‍ക്കും വിതരണം ചെയ്യും.
നേര്‍ച്ച തുടങ്ങിയാല്‍ പിന്നെ അരിച്ചാക്കുമേന്തി പി.ജി വിദ്യാര്‍ത്ഥികളുടെ അകമ്പടിയോടെ വരുന്ന ആപ്പ ഓട്ടോറിക്ഷകള്‍ സ്ഥിരം കാഴ്ചയാകും. കുട്ടികള്‍ക്ക് ഡ്യൂട്ടികള്‍ വീതിച്ചുനല്‍കാനും അണുവിടവിടാതെ പരിപാടി ശുഭമായി പര്യവസാനിപ്പിക്കാനുമുള്ള തിടുക്കത്തിലായിരിക്കും അധ്യാപകരും അധികൃതരുമൊക്കെ.
പതിവു പോലെ ഇപ്രാശവും അന്നദാനത്തിന്റെ ഒരു ദിവസം മുമ്പ് തന്നെ പന്തലൊരുക്കങ്ങളും മറ്റും പൂര്‍ത്തിയായി അവസാനത്തെ ഈയൊരു രാത്രിയില്‍ മഖാം പരിസരത്ത് സജ്ജമാക്കിയിരിക്കുന്ന വേദിയില്‍ സനദ് ദാന അനുസ്മരണ ദുആ സമ്മേളനം പൊടി പൊടിക്കുമ്പേള്‍ ഇവിടെ സി.എച്ച്. എസ് ഗ്രൗണ്ടില്‍ പാചകത്തിന് തീകൊളുത്തി ഉദ്ഘാടനം ചെയ്യുന്നുണ്ടാകും.
ആദ്യത്തെ ചെമ്പിറങ്ങിയാല്‍ തന്നെ ക്യാമ്പസാകെ ഇളകിമറിയും. നാടന്‍പാട്ടുളുടെയും ഓഹോയ് വിളികളുടെയും ഒക്കെ താളമേളങ്ങള്‍ക്കിടയില്‍ സമയം പോകുന്നത് നാമറിയില്ല. എസ്.എം.എസിലെയും പി.ജിയിലെയും വിദ്യാര്‍ത്ഥികള്‍ ചുടുചെമ്പുമായി അഭ്യാസം നടത്തുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചുനോക്കുകയാണെങ്കില്‍ ഒരു മൂലയില്‍ ഉന്തുവണ്ടിയുമായി 'നഅ്‌റേ തക്ബീര്‍' എന്ന് മുഴക്കി ജാഥ നടത്തുന്ന ഒരു പറ്റം ഉറുദു കുട്ടികളെ കാണാം.
തിക്കിനും തിരക്കിനും ഇടയില്‍ പകല്‍ ക്ലാസിലിരുന്ന് ഉറക്കം തൂങ്ങുന്ന പലരും ഉറങ്ങാനുണ്ടെന്നത് തന്നെ മറന്ന് പോയിരിക്കുന്നു.ഇടക്കിടെ ബിസ്‌കറ്റും ചായയും പഴവുമായി വളണ്ടിയേഴ്‌സ് സൂറത്ത് ഇഖ്‌റഇല്‍ പറയുന്ന സ്വര്‍ഗീയ സേവകരായ ബാലന്മാരെ ഓര്‍മിപ്പിക്കും.
ഡ്യൂട്ടി ഉള്ളവരുടെ അത്രതന്നെ ഡ്യൂട്ടി ഇല്ലാത്തവരുമുണ്ടാകും, പാചക്കപ്പുരയുടെ പരിസരങ്ങളില്‍. ചുറ്റുപാടും നിരീക്ഷിച്ച്, ബഹളങ്ങളില്‍ പങ്ക് ചേര്‍ന്ന്, ആരുമറിയാതെ രണ്ട് പഴമെടുത്ത് കഴിച്ച് അവരും ഈ ഉദ്ദ്യമത്തില്‍ പങ്കാളികളാകുന്നു.
മമ്പുറത്തെ അനുസ്മരണ പരിപാടി കഴിഞ്ഞ്് ക്യാംപസിലേക്ക്് മടങ്ങി വരുന്ന കുട്ടികളെ കാണുമ്പോള്‍ പലര്‍ക്കും ഉത്തരവാദിത്തബോധം കൂടുകയും ആത്മാര്‍ത്ഥത കുതിച്ചുയരുകയും ചെയ്യാറുണ്ട്. ഇതിനെ പ്രകടനപരതയേക്കാളുമൊരുപടി സ്വാഭാവികത എന്നുവിളിക്കാനാണെനിക്കിഷ്ടം.
ലിസ്റ്റുമായി നിന്ന് തിരിയുന്ന ഉസ്താദുമാര്‍, നെയ്‌ച്ചോറിനൊപ്പം സ്വയം വേവുന്ന പണ്ടാരിമാര്‍, യന്ത്രം കണക്കേ പണി ചെയ്തു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഇവിടെയെല്ലാം ശരിയായി നടക്കുന്നുണ്ടല്ലോ എന്ന ഭാവത്തില്‍ പെട്രോളിങ്ങ് നടത്തുന്ന കരിമ്പൂച്ചകള്‍..... ഇവരെയൊക്കെ വിട്ട് ഞാന്‍ ഉറക്കച്ചടപ്പോടെ റൂമിലേക്ക് നടന്ന് കയറി. നാളെ സ്റ്റോക്കിങ് ഡ്യൂട്ടിയുള്ളതാണ് അത് കഴിഞ്ഞ് നാട്ടിലേക്ക് പോകുകയും വേണം.
എട്ട് എട്ടരമണിക്കാണ് അന്നദാനം തുടങ്ങുന്നതെങ്കിലും അതിരാവിലെ തന്നെ ഭക്തജനങ്ങള്‍ അവിടെച്ചേര്‍ന്നിരിക്കും. ദാറുല്‍ ഹുദായില്‍ നിന്ന് പാക്ക് ചെയ്ത നെയ്‌ച്ചോര്‍ പൊതികളേറ്റിയ പെട്ടികളുമായി ലോറികള്‍ മമ്പുറത്തേക്കും തിരിച്ചും കുതിച്ചു പായും. മുതഅല്ലിമീങ്ങളുടെ കൈകളാല്‍ പൊതിഞ്ഞ മമ്പുറത്തെ തങ്ങളുടെ നേര്‍ച്ചയുടെ ചോറ് വിശ്വാസികള്‍ ഭക്താദരങ്ങളോടെ ഏറ്റ് വാങ്ങും. കൈയില്‍ പൊതിയും നിറഞ്ഞ മനസ്സുമായി വീടുകളിലേക്ക് മടങ്ങുമ്പോള്‍ ചിരിക്കുന്ന മുഖവുമായി അവര്‍ കാണുന്നവരോടൊക്കെ പറയും. അല്‍ഹംദുലില്ലാഹ്! തങ്ങളാപ്പാന്റെ നേര്‍ച്ചച്ചോറ് ഈ വര്‍ഷവും വന്ന് വാങ്ങാനുള്ള തൗഫീഖ് കിട്ടി. എല്ലാ കൊല്ലവും ഞാന്‍ ഇവിടെ വരാറുണ്ട്.
അതിശയോക്തിയല്ല! കുന്നുംപുറത്തേക്കുള്ള ബസില്‍ ഇരിക്കുമ്പോള്‍ സഹസീറ്റുകാരായ രണ്ട് പേര്‍ പറഞ്ഞതാണിത്. അത് പോലെ എത്രയെത്ര വിശ്വാസികള്‍, അനേകനേകം വീഥികള്‍, തീരാത്ത അനന്ത പ്രാര്‍ഥനകള്‍.
പള്ളികളില്‍ ഖുതുബക്ക് മുമ്പ് പറഞ്ഞില്ലെങ്കിലും ജുമുഅക്ക് ശേഷം നോട്ടീസ് വിതരണം ചെയ്തില്ലെങ്കിലും നേര്‍ച്ചക്ക് വിശ്വാസികളെത്തുമെന്ന് കൂടെക്കൂടെ നസ്ഹാണ് ഉസ്താദ് പറയാറുണ്ട്. കാരണം, അവര്‍ക്ക് മമ്പുറം തങ്ങളുമായുള്ളത് ഹൃദയബന്ധമാണ്. ഒരുപക്ഷേ ഭൗതികലോക്കത്തിരുന്ന് തങ്ങളുപ്പ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പോലും പലര്‍ക്കും കരഗതമാക്കാന്‍ പറ്റാത്തത്ര വിശുദ്ധബന്ധം. അവരെ സംബന്ധിച്ചിടത്തോളം തങ്ങളവര്‍കള്‍ വഫാത്തായിട്ടുണ്ടെങ്കിലും കാണുന്നു കേള്‍ക്കുന്നു യഥാസമയം പടച്ചോന്റെ ഓശാരത്താല്‍ ഉത്തരം നല്‍കുന്നു.
ഏര്‍വാടി സിയാറത്തിനിടയില്‍ നാട്ടിലെ ഇമാം പറഞ്ഞതോര്‍മ്മ വരുന്നു: ' ഖബ്‌റ് ആ കെട്ടിനകത്താണെങ്കിലും ബാദുഷാ തങ്ങള്‍ ഈ ഗ്രൗണ്ടിലാണ്'.
ജനലക്ഷങ്ങളെ തങ്ങളോരെ നേര്‍ച്ചച്ചോറ് ഊട്ടുകയെന്ന മഹാദൗത്യമാണ് ഓരോ ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥിയും ചെയ്യുന്നത്. വലത് ചുമലുകളിലിരിക്കുന്ന മാലാഖമാര്‍ പോലും ഇതിനൊക്കെയുള്ള പ്രതിഫലം കണക്ക് കൂട്ടുവാന്‍ ബുദ്ധമുട്ടിപ്പോകുമോ എന്തോ!
അടുപ്പില്‍ നിന്നും ചെമ്പിറക്കുന്നതോടെ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം കുട്ടികളുടെ കൈകളിലാകുന്നു. അറബനയില്‍ കയറ്റി ഹൊയ് ഹൊയ് വിളിച്ച് മേശയിലേക്ക് ഇറക്കി വെക്കുന്നതോടെ ചെമ്പ് വീണ്ടും സജീവമാകുന്നു.
ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ആള്‍ ചെമ്പില്‍ നിന്നും ചോറ് വാരി കോരി കണ്ടെയ്‌നറില്‍ നിറക്കുന്നു. തൊട്ടുപിറകിലുള്ള ആളാ കണ്ടെയ്‌നറിന് മൂടി ഇടുന്നു. പിന്നെയുള്ളവന്‍ അതൊന്ന് ശരിക്കടച്ച് സ്റ്റോക്കിങ്ങ് റൂമിലേക്ക് വെക്കാനായി അവസാനത്തെ ആള്‍ക്ക് കൈമാറുന്നു.
പിന്നീടവിടന്ന് ആ പൊതികള്‍ റൂമിലേക്കും അവിടന്ന് പെട്ടിയിലേക്കും ശേഷം ലോറിയിലേക്കും ഏറ്റുവുമൊടുവില്‍ മമ്പുറത്ത് കാത്തു നില്‍ക്കുന്ന ഭക്തജനങ്ങളിലേക്കുമെത്തുന്നു.
ഡ്യൂട്ടി ഇല്ലാഞ്ഞിട്ടും ഭഗീരഥപ്രയത്‌നം നടത്തുന്ന സി.എച്ച്.എസിലെ ബാല്യങ്ങളിവിടെ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. ചോറ് പൊതിയുന്നതില്‍ തുടങ്ങി ലോഡിങ്ങില്‍ വരെ അവരുടെ കൊച്ചു കൊച്ചു സഹായങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു.
മമ്പുറം ദേശക്കാര്‍ക്ക് മഖാമില്‍ നിന്നുമുള്ള ഒരു നിശ്ചിത കണക്ക് അരിയും നേര്‍ച്ചക്ക് പ്രത്യേകം ഇറച്ചിയും നല്‍കാറുണ്ട് ദാറുല്‍ ഹുദാ.
ഇത്തവണ അതിന് വേണ്ടി ഉശിരന്‍ പോത്തുകളെ അറുത്തപ്പോള്‍ 'ഉച്ചക്ക് പോത്തു ബിരിയാണിയാണെന്നുള്ള' കിംവദന്തി മാനീപാടത്തെ കാറ്റിലൂടെ ഒഴുകപ്പറന്നു. അറുത്ത പോത്തുകളെ വെട്ടി മുറിച്ച് കവറിലാക്കി മമ്പുറത്തുകാര്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടു പോകുമ്പോഴും 'എന്നാലും ഇറച്ചി ബാക്കിയുണ്ടാകുമെന്ന' പലരുടെയും ശുഭപ്രതീക്ഷകള്‍ തകര്‍ത്തടിയാന്‍ ഉച്ചവരെ കാത്തിരിക്കേണ്ടി വന്നു. ചോറ് കണ്ടെയ്‌നറുകളിലേക്ക് നിറക്കല്‍ ഒരു സ്‌പോര്‍ട്‌സ് ഐറ്റമാണെങ്കില്‍ ഇവിടുത്തെ കുട്ടികളതില്‍ സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയേനെ!.
ഡ്യൂട്ടി കഴിയുന്നതിന് മുമ്പ് തന്നെ പൊതിച്ചോറുകളുമായി വീട്ടിലേക്ക് ബസ് പിടിക്കുന്ന പലരെയും നിറഞ്ഞ കണ്ണുകളോടെ ആകാശം നോക്കി നിന്നു.
അവരെപ്പറഞ്ഞിട്ടും കാര്യമില്ല. മമ്പുറത്തെ നേര്‍ച്ചച്ചോറും കാത്തിരിക്കുന്ന പലരുമുണ്ടാകും വീടുകളിലും കുടുംബങ്ങളിലും.
വരി നില്‍ക്കാതെ പൊതി കിട്ടുകയെന്നുള്ളത് തിരക്കുകളുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. വിട്ടിലെത്തി നാലഞ്ച് മണിക്കൂര്‍ തികയുന്നതിന് മുമ്പേ തന്നെ എണ്ണമെടുക്കുമെന്ന ഭയത്തില്‍ 'ഞാനടങ്ങുന്ന പല മഹാന്മാരും' തിരിച്ചെത്തേണ്ടി വരുന്നു.
ഇതാണ് ഞാനാദ്യമേ പറഞ്ഞുവെച്ചത്, മമ്പുറം നേര്‍ച്ചയിവിടത്തെ ദേശീയാഘോഷമാണെന്ന്. ഇവിടെ ഓരോ മണല്‍ത്തരിയും അതില്‍ പങ്കു കൊള്ളുന്നുണ്ടെന്ന്. ഈ എളിയ കുറിപ്പില്‍ പറയപ്പെടാത്ത പലരുമുണ്ടാകുമെന്ന ഉറച്ച ബോധ്യത്തോടെ , ഖേദത്തോടെ എല്ലാവരുടെയും കര്‍മങ്ങളെ പടച്ചോന്‍ ഖബൂലാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഞാന്‍ നിര്‍ത്തി, അസ്സലാമു അലൈക്കും...
3 Comments
good
ReplyDeletenannayittund, iniyum varatte.
ReplyDeletegood
ReplyDelete