Ticker

6/recent/ticker-posts

സാബിത്ബ്നു ഖൈസ്: വിസ്മയലോകത്തെ മായാസൂര്യൻ

old medina

▮സ്വാലിഹ് നാട്ടുകൽ

    ജന്മനാട്ടിൽ നിന്ന് സ്വന്തം ജനതയുടെ ആക്ഷേപങ്ങളും ആക്രമണങ്ങളും സഹിക്കവയ്യാതെ അല്ലാഹുവിന്റെ കൽപനപ്രകാരം നബി(സ) മദീനയിലേക്ക് പലായനം ചെയ്തു. മദീനയിൽ ഊഷ്മള വരവേൽപായിരുന്നു നബിക്ക് ലഭിച്ചത്. പിന്നീടങ്ങോട്ട് ശരവേഗത്തിൽ ഇസ്‌ലാം വളർന്നു പന്തലിക്കുകയായിരുന്നു.

മദീനയിലെ പ്രധാനപ്പെട്ട രണ്ട് ഗോത്രങ്ങളായിരുന്നു ഔസും ഖസ്റജും. ഖസ്റജിലെ പ്രധാനിയായിരുന്നു സാബിതുബ്നു ഖൈസ്. പ്രസംഗകലയിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ സാബിത് സ്വരമാധുര്യംകൊണ്ട് പ്രശസ്തനായിരുന്നു. മുസ്അബ് ബ്ൻ ഉമൈർ(റ) വിന്റെ ഖുർആൻ പാരായണത്തിൽ ആകൃഷ്ടനായിട്ടായിരു ന്നു അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്.

അൻസ്വാരികളുടെ നാട്ടിലെത്തിയ പ്രവാചകന്റെയടുത്തേക്ക് തന്റെ സമുദായത്തിലെ കുറച്ച് പേരുമായി വന്ന സാബിത് പ്രവാചക സന്നിധിയിൽ ഒരു കിടിലൻ പ്രഭാഷണം നടത്തി. ഞങ്ങൾ ഞങ്ങളുടെ ശരീരങ്ങളെ സംരക്ഷിക്കുന്നത് പോലെ നിങ്ങളെയും സംരക്ഷിക്കാമെന്നേറ്റെടുക്കുകയും അതിനു പകരമായി എന്താണ് ഞങ്ങൾക്ക് ലഭിക്കുക എന്ന് ആരായുകയും ചെയ്തു. അവരെയെല്ലാം തൃപ്തിപ്പെടുത്തിക്കൊണ്ട് സ്വർഗമായിരിക്കും ഇതിനുള്ള പ്രതിഫലമെന്ന് പ്രവാചകൻ മറുപടി പറഞ്ഞു. ഈ സംഭവത്തിന് ശേഷം പ്രവാചകൻ തന്റെ പ്രഭാഷകനായി സാബിതുബ്നു ഖൈസ്(റ) നെ നിശ്ചയിച്ചു. സാഹിത്യകുലപതികളായിരുന്ന ഖുറൈശികളുടെ വെല്ലുവിളികൾ ക്കെതിരെയുള്ള പ്രവാചകന്റെ പരിചകളായിരുന്നു പ്രവാചകകവി ഹസ്സാനുബ്നു സാബിതും സാബിതുബ്നു ഖൈസും.

നിങ്ങളുടെ ശബ്ദത്തെ പ്രവാചക ശബ്ദത്തേക്കാൾ ഉയർത്തുകയോ ഉറക്കെ സംസാരിക്കുകയോ ചെയ്യരുതെന്നുള്ള ഖുർആനിക സൂക്തം ഇറങ്ങിയതിന് ശേഷം ദുഃഖിതനായി കാണപ്പെട്ട സാബിതു ബ്നു ഖൈസ് ജമാഅത്തിന് പോലും പള്ളിയിൽ വരാതായി. ദിവസങ്ങളോളം കാണാതായ തന്റെ അനുയായിയെ അന്വേഷിച്ച് നബി തങ്ങൾ ആളെ അയച്ചു. 'താങ്കൾക്കറിയാവുന്ന പോലെ എന്റെ ശബ്ദം വലുതാണ്. ഞാൻ പ്രവാചകനോട് സംസാരിക്കുകയാണെങ്കിൽ എന്റെ സകല സൽകർമങ്ങളും പൊളിഞ്ഞു പോകുകയും നരകവാസികളിൽ ഉൾപ്പെടുകയും ചെയ്യുമെന്ന് ഞാൻ ഭയക്കുന്നു' എന്നായിരുന്നു നബിയുടെ ദൂതനോട് സാബിത് പ്രതികരിച്ചത്. എന്നാൽ ഇതിന് നബി തങ്ങളുടെ മറുപടി സ്വർഗം കൊണ്ടുള്ള സന്തോഷവാർത്തയായിരുന്നു.

നബി തങ്ങളുടെ കൂടെ ബദ്ർ അല്ലാത്ത എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കള്ളപ്രവാചകൻ മുസൈലിമക്കെതിരായ യുദ്ത്തിൽ അൻസ്വാരികളുടെ നേതാവായി സാബിതുബ്നു ഖൈസും മുഹാജിറുകളുടെ നേതാവായി സാലിം മൗലാ അബൂഹുദൈഫയും മുസ്‌ലിം സൈന്യത്തിന്റെ മുഴുവൻ സൈന്യാധിപനായി ഖാലിദ്ബ്ൻ വ ലീദും നിയമിക്കപ്പെട്ടു. തുടക്കം മുതൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ടതോടെ മുസ്‌ലിം  സൈന്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുയർന്നു വരാൻ തുടങ്ങി. തദവസരോചിത ഇടപെടലുമായി കഥാനായകൻ രംഗത്ത് വന്നു. മരണം വരിക്കാൻ പോലും തയ്യാറായി സാബിതുബ് നു ഖൈസ്, ഉമർ(റ) വിന്റെ സഹോദരൻ സൈദുബ്നു ഖത്താബ്, മുഹാജിറുകളുടെ നേതാവായിരുന്ന സാലിം മൗലാ അബൂഹുദൈ ഫ, ബറാഅ്ബ്നുമാലിക് തുടങ്ങി ഒരുകൂട്ടം യോദ്ധാക്കളുമായി ശത്രുനിരയിലേക്ക് കുതിച്ചു. ഇത്തരമൊരു ഇടപെടലിൽ കിതച്ചു പോയ മുസ്‌ലിംകൾക്ക് കുതിക്കാനുള്ള പ്രേരകമായിമാറി. ആവേശഭരിതരായ മുസ്‌ലിംകൾ പടർക്കളത്തിലേക്ക് എടുത്തുചാടി. എങ്ങും തക്ബീർ ധ്വനികളും വാളൊച്ചകളും ഉയർന്നു. ഘോരമായ യുദ്ധം നടന്നു. ധീരമായി പോരാടിയ സാബിതുബ്നു ഖൈസ്(റ) ഒടുവിൽ വെട്ടേറ്റ് നിലത്ത് വീണു. മുസ്‌ലിംകളുടെ വിജയം കണ്ട് കൺകുളിർമ യോടെ സാബിത് കണ്ണുകളടച്ച് അല്ലാഹുവിലേക്ക് യാത്രയായി.

വഫാത്തിന് ശേഷവും അദ്ദേഹം വിസ്മയമായി മാറുകയായിരുന്നു. ശഹീദായി കിടക്കുന്ന സൈദിന്റെ അടുത്തുകൂടെ കടന്നു പോകുകയായിരുന്ന ഒരുമുസ്‌ലിം പോരാളി അദ്ദേഹം ധരിച്ചിരുന്ന വിലപിടിപ്പുള്ള പടയങ്കി അഴിച്ചെടുത്ത് കൊണ്ടുപോയി. എന്നാൽ അതേദിവസം മറ്റൊരു മുസ്‌ലിം സൈനികന്റെ സ്വപ്നത്തിൽ സൈദ്(റ) പ്രത്യക്ഷപ്പെട്ടു തന്റെ മോഷ്ടിക്കപ്പെട്ട പടയങ്കിയക്കുറിച്ച് മുസ്‌ലിം സൈന്യാധിപൻ ഖാലിദ്ബ്ൻ വലീദ്(റ) വിനോട് പറയാനാവശ്യപ്പെടുകയും അത് എടുത്ത വ്യക്തി താമസിക്കുന്ന പ്രദേശത്തെക്കുറിച്ച് പറഞ്ഞ് കൊടുക്കുകയും ചെയ്തു. കൂടാതെ, തനിക്ക് കുറച്ച് കടങ്ങളുണ്ടെന്നും അവ വീട്ടണമെന്നും തന്റെ രണ്ട് അടിമകളെയും സ്വതന്ത്രമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊരിക്കലും ഒരു പേകിനാവായി മനസ്സിലാക്കരുതെന്നും സാബിതുബ്നു ഖൈസ്(റ) പറഞ്ഞു. ഉറക്കമുണർന്ന സ്വഹാബി വിവരം ഖാലിദുബ്നു വലീദ്(റ) വിനെ അറിയിക്കുകയും പടയങ്കി കണ്ടെത്തുകയും ചെയ്തു. വഫാത്തിന് ശേഷം ചെയ്ത വസ്വിയ്യത്ത് ഖലീഫ അബൂബകർ(റ) നടപ്പിലാക്കി. മരണശേഷം വസ്വിയ്യത്ത് ചെയ്ത് നടപ്പിലാക്കപ്പെട്ട ഏക വ്യക്തിയായി സാബിതുബ്നു ഖൈസ്(റ) ചരിത്രത്തിലിടം നേടുകയായിരുന്നു.

Post a Comment

0 Comments