Ticker

6/recent/ticker-posts

മണവും അനുഭൂതിയും: ഒട്ടോമന്‍ സംസ്‌കാരത്തിലെ ഗന്ധചരിത്രം


അഫ്സൽ കെ മേൽമുറി

അനുഭൂതികളെ പരിഭാഷപ്പെടുത്തുകയെന്നത് ശ്രമകരമായ ഒരു ദൗത്യമാണ്. വാക്കുകള്‍ക്ക് ഉള്‍കൊള്ളിക്കാന്‍ സാധിക്കാത്തത്ര അനുഭൂതികളാണ് ഇന്ദ്രിയങ്ങളിലൂടെ പ്രവഹിക്കുന്നത്. അവ പലപ്പോഴും വ്യക്തിബന്ധിതമായിരിക്കും, ഓരോ വ്യക്തിയും അനുഭവിക്കുന്നത് അനുഭൂതികളുടെ വ്യത്യസ്തമായ തലങ്ങളാണ്. പാട്ടുകളുടെ ശൈലികള്‍, അവനിര്‍മ്മിക്കുന്ന താളലയങ്ങള്‍ ഇങ്ങനെ ഒട്ടനവധി അനുഭൂതികളാണ് നമുക്കുചുറ്റും. അനുഭൂതികളുടെ ഈ ചെറിയ ലോകത്തുനിന്ന് സമൂഹത്തെ മനസ്സിലാക്കാന്‍ സാധിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കവിതകളായും, കഥകളായും നമ്മുടെ ആസ്വാദനങ്ങള്‍ വളരെ ഏറെ ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. പക്ഷേ, അതില്‍നിന്നു വ്യത്യസ്തമായി നമ്മുടെ നാസികത്തുമ്പുകളിലെ രാസലീലകളെക്കുറിച്ചുള്ള ആലോചനകള്‍ വളരെഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. റെക്കോര്‍ഡിംഗ്, വീഡിയോ എന്നിവ പോലുള്ള നവസാധ്യതകളിലൂടെ ഇത്തരം അനുഭൂതികളെ സൂക്ഷിച്ചു വെക്കാന്‍ സാധിക്കുമെന്നുണ്ടെങ്കിലും, അവയിന്നും സാധ്യമാകാത്ത മേഖലയാണ്, നമ്മുടെ നാസികാവ്യൂഹം. എത്ര, എ്ത്ര മണങ്ങളാണ് ഇക്കാലമെത്രയും നമ്മള്‍ കരുതിവെച്ചിട്ടുള്ളത്. ഓരോ മണവും, വ്യത്യസ്തമായ അനുഭവങ്ങളെയാണ് നമുക്ക് സമ്മാനിച്ചത്. ഇസ്‌ലാം, മണങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്നതായി കാണാം. മിഡീവല്‍ കാലഘട്ടങ്ങളില്‍ അറബികളായിരുന്നു മണത്തിന്റെ കോസ്‌മോപോളിറ്റന്‍ സാധ്യതകള്‍ തിരിച്ചറിയുന്നത്. അവരുടെ യാത്രക്കിടയില്‍ ഓയിലുകളായും, പൊടികളായും മണങ്ങളെ ദേശാന്തരഗമനം നടത്തിക്കൊണ്ടേയിരുന്നു. 

ഇസ്‌ലാമിക കാലഘട്ടത്തിന്റെ ഒരു സുവര്‍ണ്ണദശയായിരുന്നു ഒട്ടോമന്‍ കാലം. ഇത്രയും കാലത്തെ ഇസ് ലാമിക വളര്‍ച്ച സാമൂഹികപരമായും സാംസ്‌കാരികപരമായും ഒരുപാട് നേട്ടങ്ങള്‍ മുസ്‌ലിം സമൂഹത്തിന് കാഴ്ച വെച്ചു. 

മണമെന്നതിനപ്പുറത്ത് സുഗന്ധത്തിന്റെ ഉപയോഗം സ്വത്വത്തിന്റെ(identity)ഭാഗം കൂടിയായിരുന്നു. മഖാമുകളില്‍ ഉപയോഗിക്കുന്ന അത്തറുകളില്‍ നിന്ന് വ്യത്യസ്തമായ മണമായിരുന്നു വിവാഹങ്ങളിലും, മറ്റും ഉപയോഗിച്ചിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായിരുന്നു നിത്യജീവിതത്തില്‍ സാധാരണയായി ഉപയോഗിച്ചിരുന്ന അത്തറുകള്‍. ഇത്തരത്തില്‍ അത്തറിന്റെ മണമുപയോഗിച്ച് തിരിച്ചറിയുന്ന സമ്പ്രദായം പൊതുവേ നിലവിലുണ്ടായിരുന്നു. 

ടോപ്പ്കാപ്പി കൊട്ടാരത്തിലെ ആര്‍ക്കൈവുകളില്‍ നിന്നാണ് ഒട്ടോമന്‍ കൊട്ടാരത്തിലെ മണങ്ങളുടെ ചരിത്രം വ്യക്തമാകുന്നത്. ഹുറമുകള്‍ മുല്ലപ്പൂവ്, റോസ്, ലാവണ്ടര്‍ തുടങ്ങിയ മണങ്ങള്‍ ധാരാളമുപയോഗിച്ചതായികാണാം. സുല്‍ത്താന്‍ സുലൈമാന്‍ ദേവദാരുവില്‍ നിന്നുള്ള കട്ടിയുള്ള സുഗന്ധങ്ങളാണ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നതെങ്കില്‍, സുല്‍ത്താന്‍ സെലിം മധുരമുള്ള മണമുള്ള സുഗന്ധങ്ങളും ആമ്പറുമാണ് ഇഷ്ടപ്പെട്ടിരുന്നത്.' ഇന്ന് കാണുന്നത് പോലെ വൈവിധ്യമാര്‍ന്ന അത്തറുകള്‍ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. അവ വ്യക്തികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരുന്നു. ഉദാഹരണത്തിന്, സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് രണ്ടാമന്‍, പൂക്കളുടെയും മിമോസയുടെയും സുഗന്ധങ്ങള്‍ ഉപയോഗിക്കാന്‍ മറ്റെന്തിനെക്കാളും ഇഷ്ടപ്പെട്ടിരുന്നത് 'അബ്ദുല്‍ഹമീദ് രണ്ടാമന്‍ നിരന്തരം ചലനാത്മകവും അക്ഷമനുമായിരുന്നതിനാല്‍തന്നെ, മിമോസയുടെ മണം അദ്ദേഹത്തിന്റെ സ്വഭാവവുമായി നന്നായി യോജിക്കുമായിരുന്നു. അധവാ അത്തറുകള്‍ വെറുമൊരു മണത്തെ മാത്രം പ്രതിനിധീകരിക്കുന്നതായിരുന്നില്ല മറിച്ച്് ഓരോരുത്തരുടെയും സ്വഭാവത്തെയും, അവരുടെ ചുറ്റുപാടുകളെയും വിവരിക്കാന്‍ മാത്രം ഘനം അവക്കുണ്ടായിരുന്നു. 

സുഗന്ധദ്രവ്യങ്ങളും അവയുടെ അനുഭൂതികളും, വ്യത്യസ്തമായ ഒരു തലത്തെയാണ് സമ്മാനിക്കുന്നത്. അവ വെറുമൊരു രാസഘടകം എന്നതില്‍ നിന്ന് മാറി ഓര്‍മ്മകളുടെയും വികാരങ്ങളുടെയും സവിശേഷമായ ഒരു ഒത്തുകൂടല്‍ കൂടിയാണ്്.

ഒട്ടോമന്‍ സുല്‍ത്താന്‍ അബ്ദുല്‍ഹമിദിന്റെ ഭരണകാലത്ത് ഇസ്താംബൂളില്‍ താമസിച്ചിരുന്ന ഫ്രഞ്ച് കലാകാരനായ പ്രെടെക്‌സാറ്റ് ലെകോംറ്റെ പ്രതിമാസ ചരിത്ര മാസികയായ 'താരിഹ്' എന്ന മാസികയ്ക്ക് വേണ്ടി 'ഓട്ടോമന്‍ ലോകത്തിലെ പെര്‍ഫ്യൂംസ്' ('ഒസ്മാന്‍ലി ദുനിയാസണ്ട പര്‍ഫ്യൂംലര്‍') എന്ന തലക്കെട്ടിലുള്ള തന്റെ ലേഖനത്തില്‍ നെജാത്ത് യെന്റര്‍ക്ക് പ്രസ്താവിച്ചതുപോലെ. മനോഹരമായ പെര്‍ഫ്യൂം 'പാശ്ചാത്യര്‍ക്ക് ഒരു ആഡംബരമാണെങ്കില്‍, കിഴക്കിനതൊരു നിര്‍ബന്ധമാണ്'. കിഴക്കിന്റെ അത്തര്‍ സംസ്‌കാരത്തില്‍ കാര്യമായ സംഭാവനകളര്‍പ്പിക്കാന്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ക്ക് സാധിച്ചിരുന്നു.  

കിഴക്കന്‍ സംസ്‌കാരങ്ങള്‍ക്ക്, ലോകത്തെ മണത്തറിയാനുള്ള ഏറ്റവും നല്ല മാര്‍ഗമായിരുന്നു മനോഹരമായ സുഗന്ധങ്ങള്‍. സുഗന്ധദ്രവ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഹദീസുകളായിരുന്നു ഇത്തരത്തില്‍ സുഗന്ധമുള്ള ഒരു മുസ്ലീം സംസ്‌കാരത്തിന് അടിത്തറ പാകിയത്. അങ്ങനെയാണ് സുഗന്ധങ്ങള്‍ മുസ ലിം വ്യക്തി ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിവരുന്നത്. 

സുമേറിയക്കാര്‍, ബാബിലോണിയക്കാര്‍, യുറാര്‍ട്ടുകള്‍, പുരാതന ഗ്രീക്കുകാര്‍, റോമന്‍ സാമ്രാജ്യം തുടങ്ങിയ ഇസ്ലാമിന് മുമ്പുള്ള നാഗരികതകളില്‍ സുഗന്ധങ്ങള്‍ ഉപയോഗിച്ചിരുന്നതായി കാണാം. ഈ നാഗരികതകളെല്ലാം ഏതെങ്കിലുമൊരു വിധത്തില്‍ അനറ്റോലിയയുമായി ബന്ധമുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, തുര്‍ക്കി പെര്‍ഫ്യൂം വ്യവസായത്തിന്റെ തൊട്ടിലാണെന്നും ഇന്നത്തെ പെര്‍ഫ്യൂം, കോസ്‌മെറ്റിക് വ്യവസായത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുവെന്നും സമര്‍ഥിക്കാന്‍ സാധിക്കും.

ഓട്ടോമനുകളുടെ 'ബുഹൂര്‍ സുയു' (ഓട്ടോമന്‍മാര്‍ ഉപയോഗിക്കുന്ന ഒരു തരം സുഗന്ധജലം), റോസ് വാട്ടറില്‍ നിന്നോ, പൂക്കളില്‍ നിന്നോ പഴങ്ങളില്‍ നിന്നോ വേര്‍തിരിച്ചെടുത്ത സുഗന്ധദ്രവ്യങ്ങളുടെ വിശാലമായ ശ്രേണിയില്‍ നിന്നോ ഉണ്ടാക്കപ്പെട്ടവകളായിരുന്നു. ഇവിടങ്ങളിലെ നിരന്തരമായ ഉപയോഗങ്ങള്‍ക്ക് ശേഷമാണ് യൂറോപ്യന്മാര്‍ക്കിടയിലേക്ക് സുഗന്ധം വ്യാപിക്കുന്നത്. ആമ്പല്‍, കസ്തൂരി തുടങ്ങിയ പദാര്‍ത്ഥങ്ങളില്‍ നിന്നും ഇക്കാലത്ത് സുഗന്ധം നിര്‍മ്മിച്ചിരുന്നതായി കാണാം. പത്തൊന്‍പതാം നൂറ്റാണ്ടിലെ പാശ്ചാത്യവല്‍ക്കരണ കാലഘട്ടത്തിനുശേഷം, മിക്ക ഓട്ടോമന്‍മാരും പരമ്പരാഗത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപേക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്.

ആധുനിക കാലത്ത്, സുഗന്ധദ്രവ്യങ്ങളില്‍ ഉപയോഗിക്കുന്ന സിന്തറ്റിക് ചേരുവകള്‍ കാരണം മിക്കവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിനാല്‍, തുര്‍ക്കിയിലെ സുഗന്ധ സംസ്‌ക്കാരം പോലെയുള്ള പുരാതന സുഗന്ധദ്രവ്യ പാരമ്പര്യങ്ങള്‍ കിഴക്ക് മാത്രമല്ല, പടിഞ്ഞാറന്‍ രാജ്യങ്ങളിലും നിഷേധിക്കപ്പെട്ട പ്രശസ്തി വീണ്ടെടുക്കുകയാണ്.

'തുര്‍ക്കിയിലെയും ജര്‍മ്മനിയിലെയും സുഗന്ധ സംസ്‌കാരം' എന്ന പേരില്‍ സോഷ്യോളജിസ്റ്റും, പെര്‍ഫ്യൂം ഡിസൈനറുമായ ബിഹ്തര്‍ തുര്‍ക്കന്‍ എര്‍ഗുലിന്റെ വര്‍ക്കുകള്‍ പ്രധാനപ്പെട്ടവ തന്നെയാണ്. ഓട്ടോമന്‍ കാലഘട്ടത്തിലെ സുഗന്ധദ്രവ്യ ഉപയോഗത്തിന്റെ സാമ്പത്തിക സാംസ്‌കാരിക വശങ്ങള്‍, സുഗന്ധം വിറ്റ കരകൗശല വിദഗ്ധരുടെ വൈവിധ്യം, ദൈനംദിന ജീവിതത്തില്‍ സുഗന്ധം ഉപയോഗിക്കുന്ന രീതികള്‍ എന്നിവയെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കുന്നുണ്ട. hiraka-i serif alay ('മുഹമ്മദ് നബിയുടെ വസ്ത്രത്തിന്റെ ഘോഷയാത്ര')/യില്‍ സുഗന്ധത്തിന്റെ പ്രാധാന്യം ഏറയായിരുന്നു. തന്‍സിമത് കാലഘട്ടത്തില്‍ ആരംഭിച്ച ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നവീകരണ പ്രക്രിയയില്‍ മദ്യം ഉള്‍പ്പെടുന്ന യൂറോപ്യന്‍ ശൈലിയിലുള്ള സുഗന്ധദ്രവ്യങ്ങളുടെ ആമുഖത്തെക്കുറിച്ചും പുതിയ പഠനങ്ങള്‍ കാണാം. ഇത് കേവലമൊരു സുഗന്ധം എന്നതില്‍ നിന്നുമാറി വ്യത്യസ്ത തലത്തിലുള്ളവരുമായി ഇവ ബന്ധപ്പെട്ടിരുന്നതായി കാണാം.

ലാവണ്ടറും മറ്റും കൃഷിചെയ്യുന്ന കര്‍ഷകനില്‍ നിന്ന് തുടങ്ങി, അവയെ സുഗന്ധമാക്കിമാറ്റുന്ന വിദഗ്ദനിലേക്കും അവിടെനിന്ന്, കരകൗശലക്കാരനിലേക്കും എത്തി നില്‍ക്കും. എത്രമാത്രം മനോഹരവും ആകര്‍ഷകവുമായിരുന്നു അവരുടെ അത്തറുകുപ്പികള്‍ എന്നത് ആലോചിക്കേണ്ട കാര്യം തന്നെയാണ്. 

ഇത്തരത്തില്‍ മണവുമായി ബന്ധപ്പെട്ടുള്ള ചരിത്രം, കലയോടും, സംസ്‌കാരത്തോടുമെല്ലാം ചേര്‍ന്നു നില്‍ക്കുന്നതാണ്, രാജകൊട്ടാരങ്ങളിലെ ആഢംബര പ്രതീകമെന്നതില്‍ നിന്നുമാറി, നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഇത്തരം ആഢംബരത്തെ അനുഭവിക്കുക വ്യത്യസ്തമായൊരു അനുഭൂതി തന്നെയാണ്.

Post a Comment

0 Comments