Ticker

6/recent/ticker-posts

ഉസാമ(റ): വിരൂപതയിൽ തീർത്ത സൗന്ദര്യം



▮ഉനൈസ് കോക്കാടൻ

പ്രവാചകാനുയായികളിൽ നിന്ന് ഏറെ പ്രസിദ്ധിയാർജ്ജിച്ച ഒരുപാട് പേരുണ്ട്. അവരിൽ പ്രധാനിയാണ് ഉസാമതുബ്നു സൈദ് (റ). ചെറുപ്പ കാലത്ത് തന്നെ അതിയായ തന്റേടവും ബുദ്ധി ശക്തിയും കൈമുതലാക്കിയിരുന്നു അദ്ധേഹം. ഇസ്‌ലാമിക ശിക്ഷണത്തിലാണ് അദേഹത്തിന്റെ ജീവിതം ആരംഭിക്കുന്നത്. മറ്റു പലരുടെയും പോലെ ഇസ് ലാമാശ്ലേഷത്തിന് മുമ്പുള്ള കഥ അദേഹത്തിന്റെ ജീവിതത്തിൽ പറയാനില്ല.

കുഞ്ഞിളംകാലത്ത് തന്നെ ഏറെ ധൈര്യശാലിയും ജനങ്ങളോട് അടുത്തിടപഴകുന്നവനുമായിരുന്നു ഉസാമ (റ). അതിനാൽ തന്നെ ജനങ്ങൾ അദ്ധേഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവർക്കിടയിൽ ഉന്നതമായ ഒരുസ്ഥാനവും ഉസാമ കൈവശപ്പെടുത്തിയിരുന്നു. അതിയായ യുക്തിശാലിയായിരുന്നു അദ്ദേഹം. കാര്യങ്ങൾ വേണ്ട വിധം കൈകാര്യം ചെയ്യാനും ശക്തമായ തീരുമാനങ്ങൾ കൈകൊള്ളാനും അദ്ദേഹത്തിന് പ്രത്യേക പ്രാവീണ്യമുണ്ടായിരുന്നു. അതിനാൽ തന്നെ പ്രവാചകൻ (സ്വ)പല യുദ്ധങ്ങളിലും ഉസാമയെ നേതാവായി നിയമിക്കുമായിരുന്നു.

ഹിജ്റയുടെ ഏഴാണ്ട് മുമ്പാണ് അദ്ദേഹം ജനിക്കുന്നത്. പുതിയ സത്യ മതവുമായി കടന്ന് വന്ന ശേഷം ഖുറൈശികളിൽ നിന്നും മറ്റും നബി (സ്വ) തങ്ങൾ ഏറെ പ്രയാസങ്ങൾ സഹിച്ചു കൊണ്ടിരുന്ന കാലത്തായിരുന്നു അത്. ആ ദുഖങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും മദ്ധ്യേ നബിയെ ഏറെ സന്തോഷിപ്പിച്ച കാര്യമായിരുന്നു ഉസാമയുടെ ജനനം. നബി (സ്വ) ആമിനക്ക് ശേഷമുള്ള എന്റെ മാതാവ് എന്ന വിശേഷിപ്പിച്ച ഉമ്മു ഐമൻ, ഒരു കുഞ്ഞിന് പിറവി നൽകിയിരിക്കുന്നു എന്ന വാർത്തയിൽ അതിയായി ആഹ്ലാദിച്ചു. കാരണം നബി (സ്വ) തങ്ങളും നബിയുടെ മാതാപിതാക്കളും ഏറെസ്ഥാനം കൽപിച്ചുരുന്ന സ്ത്രീ ആയിരുന്നു, ബറകതുൽ ഹബിയ്യ, എന്നു പേരുള്ള ഉമ്മു ഐമൻ.

ഉമ്മു ഐമൻ നബിയുടെ മാതാവായ ആമിന ബീവിയുടെ അടിമയായിരുന്നു. ആമിന ബീവിയുടെ ജീവിത കാലത്ത് തന്നെ അവർ നബി (സ്വ) യെ പരിപാലിച്ചിരുന്നു. ആമിന ബീവിയുടെ മരണ ശേഷം പൂർണമായും നബിയെ വളർത്തിക്കൊണ്ട് വന്നത് ഉമ്മു ഐമൻ ആയിരുന്നു. ഈ ലോകത്തെ കുറിച്ച് നബി (സ്വ) അറിയുന്നത് അവരിലൂടെയാണ്. അതിനാൽ തന്നെ നബി അവരെ അന്ധമായി സ്നേഹിച്ചിരുന്നു.

ഉസാമയുടെ പിതാവ് നബിയുടെ സ്നേഹിതൻ എന്ന് വിളിപ്പേരുള്ള സൈദ് ബ്നു ഹാരിഥ (റ) യാണ്. നബിയുടെ രഹസ്യ സൂക്ഷിപ്പുകാരൻ എന്ന പദവി അലങ്കരിച്ചിരുന്നു അദ്ദേഹം. നബിയുടെ ദത്തുപുത്രനായിരുന്നു സൈദ് (റ). എന്നാൽ ഇസ്ലാമാശ്ലേഷണാനന്തരം അദ്ദേഹം നബി കുടുംബത്തിലെ ഒരംഗമായി മാറി. നബിക്കേറ്റവും പ്രിയപ്പെട്ടവനുമായി. അദ്ദേഹത്തെക്കുറിച്ചുള്ള ചരിത്ര കഥകൾ നാം ഏറെ അറിഞ്ഞതാണ്.

സൈദിനെപ്പോലെ ഉസാമയോടും നബിക്കേറെയിഷ്ടമായിരുന്നു. നബി(സ)യുടെ പൗത്രനായ ഹസൻ (റ)തങ്ങളുടെ സമപ്രായക്കാരനായിരുന്നു ഉസാമ, ഹസൻ വെളുത്ത് ഭംഗിയുള്ളവനായിരുന്നു. അദ്ധേഹത്തിന് നബിയോടേറെ സാദൃശ്യമുണ്ടായിരുന്നു. എന്നാൽ ഉസാമ യാകട്ടെ, കറുത്ത് പതിഞ്ഞ മൂക്കുള്ള കാണാൻ ഭംഗിക്കുറവുള്ളവനായിരുന്നു. തന്റെ ഹബ്ഷക്കാരിയായ ഉമ്മയോടായിരുന്നു ഉസാമയുടെ സാദൃശ്യം. എങ്കിലും നബി(സ) അവർക്കിടയിൽ സനേഹത്തിന്റെ വിഷയത്തിൽ വിവേചനം കാണിച്ചിരുന്നില്ല. നബി തന്റെ ഇരു ഭാഗങ്ങളിലുമായി ഹസനെയും ഉസാമയെയും ഒരേ സമയം ഇരുത്തുകയും അവരെ നെഞ്ചോട് ചേർത്ത് അല്ലാഹുവേ, ഞാനിവരെ രണ്ട് പേരെയും സ്നേഹിക്കുന്നു, അതിനാൽ നീയും ഇവരെ സ്നേഹിക്കണേ എന്ന് പ്രാർഥിക്കാറുമുണ്ടായിരുന്നു.

നബി തങ്ങൾ ഉസാമയെ അതിയായി സ്നേഹിച്ചിരുന്നു എന്നതിന് ഒരുപാട് ചരിത്രങ്ങൾ സാക്ഷിയാണ്. ഒരിക്കൽ ഉസാമ കളിച്ച് കൊണ്ടിരിക്കെ നെറ്റി വാതിൽ പടിയിലിടിക്കുകയും പൊട്ടി രക്തമൊലിക്കുകയും ചെയ്തു. ഇത് കണ്ട് നബി ആഇശ ബീവിയോട് ആ രക്തം നീക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടു. പക്ഷെ മറ്റെന്തോ കാര്യത്തിൽ തിരക്കിലായിരുന്ന ആഇശ ബീവി വരാൻവൈകിയപ്പോൾ നബി തന്നെ ഉസാമയുടെ അടുത്ത് ചെന്ന് നെറ്റിയിലെ രക്തം വലിച്ചെടുത്ത് തുപ്പിക്കളഞ്ഞു. ശേഷം ഉസാമയെ വാത്സല്യ പൂർവം തലോടുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. 

ചെറു പ്രായത്തിൽ നബിക്ക് ഉസാമയോടുണ്ടായിരുന്ന സ്നേഹം ഒരു തരി പോലും കുറയാതെ യൗവ്വനത്തിലും നില നിന്നിരുന്നു. യമനിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങിയ ഒരു ആഢംബര വസ്ത്രം ഖുറൈശി പ്രമുഖരിലൊരാളായ ഹാകിമു ബ്നു ഹസാം നബി തങ്ങൾക്ക് കൊടുത്തു. യമനിലെ ഭരണാ ധികാരികളിലൊരാളായ ദീ യസ്ൻ ഉപയോഗിച്ചതായിരുന്നു അത്. അതിനാൽ തന്നെ ഏറെ മൂല്യവത്തായതായിരുന്നു. എങ്കിലും നബി തങ്ങൾ ആ വസ്ത്രം വെറുതെ സ്വീകരിക്കാൻ തയ്യാറായില്ല. നബി ആ വസ്ത്രം വില കൊടുത്ത് വാങ്ങുകയാണ് ചെയ്തത്. നബി (സ്വ) ആ വസ്ത്രം ഒരൊറ്റ വെള്ളിയാഴ്ച രാത്രി മാത്രമാണ് ധരിച്ചത്. ശേഷം അത് ഉസാമക്ക് നൽകുകയായിരുന്നു. അദ്ദേഹം അത് ധരിച്ച് തന്റെ കൂട്ടുകാരുടെ ഇടയിലൂടെ അഭിമാനപൂർവം നടക്കാറുണ്ടായിരുന്നു.

ഉഹ്ദ് യുദ്ധത്തിന്റെ സമയമായപ്പോൾ ഉസാമക്ക് പ്രായം കുറവായിരുന്നു. എങ്കിലും ചില കുട്ടികളുടെ കൂടെ യുദ്ധത്തിന് സന്നദ്ധനായിക്കൊണ്ട് അദ്ധേഹം പുറപ്പെട്ടു. പക്ഷെ നബി (സ്വ) ആ കൂട്ടത്തിൽ നിന്ന് ചിലരെ മാത്രമെ തെരഞ്ഞെടുത്തുള്ളൂ. സമ്മതം ലഭിക്കാത്തവരുടെ കൂട്ടത്തിലായിരുന്നു ഉസാമ (റ). 

ഖൻദഖ് യുദ്ധ വേളയിലും ചില കുട്ടികൾകൊപ്പം ഉസാമ നബി തങ്ങളെ കാണാൻ ചെന്നു. അൽപം ഉയരം തോന്നിക്കാൻ അദ്ദേഹം തന്റെ കഴുത്തുയർത്തി നിൽക്കുകയായിരുന്നു. ഇതെല്ലാം കണ്ട നബി (സ്വ) അദ്ധേഹത്തിന്റെ അമിതമായ ആഗ്രഹം പരിഗണിച്ച് യുദ്ധത്തിന് സമ്മതിച്ചു. അപ്പോൾ അദ്ദേഹത്തിന് പതിനഞ്ച് വയസ്സായിരിന്നു. ഹുനൈൻ യുദ്ധത്തിൽ എല്ലാവരും പിന്തിരിഞ്ഞോടിയപ്പോൾ അബ്ബാസ് (റ), അബൂ സുഫ് യാൻ തുടങ്ങി എട്ട് പേരടങ്ങുന്ന സംഘം നബിക്ക് ചുറ്റും കാവലായി നിന്നിരുന്നു. അ കൂട്ടത്തിൽ തന്റെ മൂർച്ഛയേറിയ വാളുമേന്തി ശത്രുക്കൾക്കെതിരെ ദാർഷ്ട്യത്തോടെ അലറി വിളിച്ച് ഉസാമയും നില കൊണ്ടിരുന്നു.

'മുഅത' യുദ്ധത്തിൽ തന്റെ പതിനെട്ടാം വയസ്സിലാണ് ഉസാമ (റ) പങ്കെടുത്തത്. പിതാവായ സൈദുബ്നു ഹാരിസായിരുന്നു സൈന്യത്തെ ആദ്യം നയിച്ചിരുന്നത്. എന്നാൽ ശത്രുക്കളാൽ അദ്ദേഹം കൊല്ലപ്പെട്ടു. സ്വന്തം പിതാവിന്റെ മരണം നേരിൽ കണ്ടിട്ടും തളരാത്ത ചിത്തത്തോടെ ഉസാമ യുദ്ധത്തിൽ മുന്നേറി. പിതാവിന് ശേഷം പതാകയേന്തിയ അഫർ (റ), അബ്ദുള്ളാഹ് ബ്നു ജറാഹ്, ഖാലിദു ബ്നുൽ വലീദ് എന്നിവരുടെ കീഴിലെല്ലാം ഉസാമ ശക്തമായി നിലകൊണ്ടിരുന്നു. തന്റെ പിതാവിന്റെ മയ്യിത്ത് ദുഃഖത്തോടെ ശാമിലെ യുദ്ധ ഭൂമിയിൽ അല്ലാഹുവിനെ ഏൽപിച്ച്, പിതാവ് യാത്ര ചെയ്തിരുന്ന കുതിരപ്പുറത്ത് കയറിയാണ് ഉസാമ മദീനയിലേക്ക് മടങ്ങിയത്.

ഹിജ്റ പതിനൊന്നാം വർഷം, റോം കീഴടക്കാനായി നബി (സ്വ) തങ്ങൾ സൈന്യത്തെ അയച്ചു. അക്കൂട്ടത്തിൽ അബൂബക്കർ, ഉമർ, സഅദു ബ്നു അബീ വഖാസ് തുടങ്ങി പ്രമുഖരായ സ്വഹാബികൾ ഉണ്ടായിരുന്നു. പക്ഷെ ഇരുപത് വയസ്സ് തികയാത്ത ഉസാമയെയാണ് നബി അതിൽ നിന്ന് നേതാവായി തെരഞ്ഞെടുത്തത്. സൈന്യം പുറപ്പെട്ട വഴിയിൽ വെച്ചാണ് നബി രോഗിയായി എന്നറിയുന്നത്. നബിയുടെ രോഗം മൂർച്ഛിച്ചത് കൊണ്ട് ഉസാമ സൈന്യത്തോട് തിരിച്ച് മദീനയിലേക്ക് തന്നെ പോകാൻ ആവശ്യപ്പെട്ടു.

പിന്നീട് അബൂബക്കർ (റ) ഖലീഫയായ ശേഷം വീണ്ടും സൈന്യത്തെ അയക്കാൻ തീരുമാനിച്ചു. അന്ന് ഉസാമയുടെ പ്രായച്ചെറുപ്പം കാരണമായി പലരും ഉസാമയെ നേതൃത്വ ത്തിൽ നിന്ന് നീക്കാൻ ആവശ്യപ്പെട്ടു. എങ്കിലും നബി തങ്ങൾ തീരുമാനിച്ച ഒരാളെ മാറ്റാൻ താൻ തയ്യാറല്ല എന്ന അബൂബക്കർ (റ)വിന്റെ അന്തിമ തീരുമാനത്തിലൂടെ ഉസാമ തന്നെ വീണ്ടും സൈന്യത്തെ നയിക്കുകയും ചെയ്തു.

നബി തങ്ങൾ കൽപിച്ച പോലെ ബൽഖാഉം അതിന് ശേഷം മറ്റു ഫലസ്ഥീൻ ഭൂമികളെല്ലാം ഉസാമ വിജയകരമായി കീഴടക്കി. മുസ്‌ലിം ഹൃദയങ്ങളിൽ നിന്ന് റോമിനോടുള്ള ഭയം ഉസാമ അടർത്തിമാറ്റി. എല്ലാം കീഴടക്കിയ ശേഷം തന്റെ പിതാക്കൾ രക്ത സാക്ഷിത്വം വഹിച്ച അതേ കുതിരപ്പുറത്ത് മദീനയിലേക്ക് തിരിച്ചു. ആ യുദ്ധത്തിൽ അപ്രതീക്ഷിതമായ യുദ്ധമുതൽ കൈവന്നു. എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സമ്പത്തുകളാണ് അന്ന് മുസ്‌ലിംകൾ കൈവശപ്പെടുത്തിയത്. ഉസാമയുടെ നേതൃത്വസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യമുന്നയിക്കുന്നവരുടെ വായ് മൂടിക്കുന്ന തരത്തിലാണ് സൈന്യവുമായി ഉസാമ തിരിച്ചെത്തിയത്.

ഉമർ (റ) വിന്റെ ഖിലാഫത്ത് കാലത്തും ഉസാമയെ ഉമർ തങ്ങൾ നന്നായി പരിഗണിച്ചി രുന്നു. തന്റെ മകനായ അബ്ദുല്ലക്ക് നൽകുന്ന വിഹിതത്തെക്കാൾ ഉസാമക്ക് ഉമർ (റ) നൽകിയിരുന്നു. ഇതിനെതിരെ ഒരിക്കൽ മകൻ ഉമർ (റ) വിനോട് പരാതി പറഞ്ഞപ്പോൾ മറുപ ടിയായി പറഞ്ഞത് ഇങ്ങനെയാണ് "അദ്ധേഹത്തിന്റെ പിതാവിനെയാണ് നിന്റെ പിതാവിനെക്കാൾ നബിക്കിഷ്ടം, അദ്ധേഹത്തെയാണ് നിന്നെക്കാൾ നബിക്കിഷ്ടം."

ഇസ്‌ലാമിക ചരിത്രത്തിൽ പല നഗരങ്ങളും കീഴടക്കാൻ സഹായകമായ കരങ്ങളാണ് ഉസാമയുടേത്. തന്റെ ഇരുണ്ട ശരീരം കൊണ്ട് അദ്ദേഹം വെളിച്ചം വീശിയ ദേശങ്ങൾ അനവധിയാണ്.



Post a Comment

0 Comments